സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക പോലും എളുപ്പമായിരുന്നില്ല, തന്റെ നിമിഷങ്ങളും പന്തുകളും തിരഞ്ഞെടുക്കണം, അതായിരുന്നു ഏറ്റവും നിര്‍ണായകം
ആ വിക്കറ്റില്‍ വിയര്‍പ്പുതുള്ളികള്‍ വീഴ്ത്തി അധ്വാനിക്കാതെ ഒരു റണ്‍സ് പോലും സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനാകുമായിരുന്നില്ല. മൂന്നക്കം തൊട്ടപ്പോഴൊക്കെ തുണച്ച 22 വാരയായിരുന്നില്ല ഡല്‍ഹി ക്യാപിറ്റല്‍സ് അയാള്‍ക്ക് മുന്നില്‍ വിരിച്ചത്, വെല്ലുവിളിക്കാൻ തന്നെയായിരുന്നു. 156 എന്ന വിജയലക്ഷ്യം ചെറുതല്ലാത്ത ദൂരമാണ്, അവിടേക്ക് എത്താൻ തന്റെ സ്വഭാവിക ചേതനകളെ അടക്കിവെച്ചേ മതിയാകു. അതിനയാള്‍ക്ക് കഴിയുമോ?
അരുണ്‍ ജയ്റ്റ്‌ലിയുടെ ആകാശം അർദ്ധരാത്രിക്ക് വഴിമാറുമ്പോള്‍ പരാജയത്തിന്റെ പക്ഷത്ത് നില്‍ക്കേണ്ടി വന്നാല്‍, അവസാന നാലിലേക്ക് ചുവടുവെക്കുക പ്രയാസമാകും. അങ്ങനെ സംഭവിച്ചാല്‍ നേരിട്ടതും പാഴാക്കിയതുമായ ഓരോ പന്തും വേട്ടയാടും കണക്കുചോദിക്കാനെത്തും, അതുകൊണ്ട് കീഴടങ്ങാനാകില്ല.
തമിഴ്‌മണ്ണില്‍ പുതിയ തലൈവൻ ഉരുവായിരിക്കുന്നു, അതേ മണ്ണിനായി, ആ ജനതയ്ക്കായി മറ്റൊരാള്‍ അല്‍പ്പം അകലെ, വിശ്വസ്തനായൊരു പോരാളിയുടെ വേഷമണിയുകയാണ്. പുതിയ തലയ്ക്കായും ആ മണ്ണൊരുങ്ങും വൈകാതെ. ആ നിമിഷം ഉറപ്പിക്കുന്നതായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയിലെ ഇന്നിങ്സ്. അവിടെ ഒരു പേര് മാത്രം, സഞ്ജു വിശ്വനാഥ് സാംസണ്‍.
ചെന്നൈ സ്പിന്നർമാരെ വിക്കറ്റ് ആവോളം സഹായിച്ചതായിരുന്നു രണ്ടാം ഓവറില്‍ തന്നെ പന്തെടുക്കാൻ ഡല്‍ഹി നായകൻ അക്‌സര്‍ പട്ടേലിനെ പ്രേരിപ്പിച്ചത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ വന്ന പന്തില്‍ ചുവടുമാറിയൊരു ഇൻസൈഡ് ഔട്ട് ലോഫ്റ്റ്. സഞ്ജുവിന്റെ ബാറ്റ് ആ പന്തിനെ ഒന്നു തഴുകിയെന്ന് മാത്രമെ തോന്നിച്ചൊള്ളു, പന്ത് നിക്ഷേപിക്കപ്പെടുന്നത് എക്‌സ്ട്രാ കവറിന് മുകളിലൂടെ ബൗണ്ടറി റോപ്പുകള്‍ക്ക് അപ്പുറമാണ്, ലവ്‌ലി വണ്‍. ചെന്നൈ ഡഗൗട്ടില്‍ ആ ഷോട്ടിന്റെ അതിശയം ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍.
ഈ നിമിഷത്തിന് മുൻപും ശേഷവും നായകൻ റുതുരാജ് ഗെയ്ക്വാദിനെ മിച്ചല്‍ സ്റ്റാർക്കും ലുംഗി എൻഗിഡിയും ചേർന്ന് ആവോളം പരീക്ഷിക്കുകയായിരുന്നു. 13 പന്തില്‍ ആറ് റണ്‍സ്, മടക്കം. ഉര്‍വില്‍ പട്ടേലിന്റെ ക്യാമിയോയും അവസാനിച്ചതോടെ ചെന്നൈ ഏഴ് ഓവറില്‍ 49-2. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ചട്ടക്കൂടിലേക്ക് ഒതുങ്ങാൻ സഞ്ജു നിര്‍ബന്ധിതനാകുകയാണ്.
സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക പോലും എളുപ്പമായിരുന്നില്ല, തന്റെ നിമിഷങ്ങളും പന്തുകളും തിരഞ്ഞെടുക്കണം, അതായിരുന്നു ഏറ്റവും നിര്‍ണായകം. ഇവിടെ പിച്ചിനോട് മല്ലിടുകയായിരുന്നില്ല സഞ്ജുവെന്ന് പറയാം, പകരം അയാള്‍ തന്റെ ടൈമിങ്ങില്‍ വിശ്വസിച്ച് മൈതാനത്തെ ദൂരവും അളന്നൊരു മാച്ച് വിന്നിങ്സ് ഇന്നിങ്സിന്റെ ടെമ്പ്ലേറ്റ് സൃഷ്ടിക്കുകയായിരുന്നു.
അക്‌സറിനെതിരായ ആ സിക്‌സ് നേരിട്ട മൂന്നാം പന്തിലാണ്. ശേഷം സഞ്ജുവിന്റെ ബാറ്റില്‍ നിന്നൊരു ബൗണ്ടറി ജനിക്കുന്നത് 20-ാം പന്തിലാണ്. കുല്‍ദീപ് യാദവിനെതിരെ ഡീപ് മിഡ് വിക്കറ്റിലേക്കൊരു സിക്‌സ്. കുല്‍ദീപിനേയും നടരാജനേയുമായിരുന്നു പിച്ചിലെ ഭൂതങ്ങളെ മറികടക്കാൻ സഞ്ജു തിരഞ്ഞെടുത്തതും. നടരാജന്റെ ബാക്ക് ഓഫ് ദ ലെങ്ത്, ലെങ്ത് ഡെലിവറികള്‍ അവസാനിച്ചത് ഫോറിലാണ്.
കുല്‍ദീപിന് കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കുന്നത് രണ്ട് പന്തുകളിലാണ്. ഒന്ന് ടോസ്‌ഡ് അപ്പ്, മറ്റൊന്ന് ക്വിക്കര്‍ വണ്‍സ്. 12-ാം ഓവറില്‍ സഞ്ജു നേരിട്ട രണ്ടാം പന്തൊരു ടോസ്‌ഡ് അപ്പ് ഡെലിവറിയായിരുന്നു, കാത്തിരുന്ന് ലോങ് ഓണിന് മുകളിലൂടെ ഒരു ലോങ് ഡിസ്റ്റൻസ് ഡിപ്പോസിറ്റ്. ശേഷം, വന്നത് ക്വിക്കര്‍ വണ്‍, ഡീപ് മിഡ് വിക്കറ്റിലൂടെ വീണ്ടുമൊരു സിക്‌സ്. ശേഷമൊരു ബൗണ്ടറി കൂടി, സിംഗിള്‍ എടുത്ത് അര്‍ദ്ധ സെഞ്ചുറിയും ആ ഓവറില്‍ തികച്ചു, 32 പന്തില്‍.
പവര്‍പ്ലേയില്‍ സ്വീകരിച്ച കരുതല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിന്നീടെത്തിയപ്പോഴുണ്ടായില്ല. കവറിലൂടെയും ഡീപ് തേഡിലൂടേയും കണ്‍ട്രോള്‍ഡായ രണ്ട് ഹിറ്റുകള്‍, ബൗണ്ടറി. പക്ഷേ, 14-ാം ഓവറില്‍ എൻഗിഡി സഞ്ജുവിന്റെ ബാറ്റിനെ നിശബ്ദമാക്കി നിര്‍ത്തുകയാണ്. ആ നിശബ്ദതയെ നടരാജന്റ ഓവറില്‍ കാല്‍ക്കുലേറ്റ് ചെയ്ത് തരണം ചെയ്യുന്നു. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 19 റണ്‍സ് നേരിട്ട അഞ്ച് പന്തില്‍.
എൻഗിഡിയെറിഞ്ഞ 16-ാം ഓവറിലെ മൂന്നാം പന്ത്. സഞ്ജുവിന്റെ ഫോം, ക്ലാസ്, ടൈമിങ്, പ്ലേസ്മെന്റ് എല്ലാം കൂടി സമന്വയിച്ച ഒരു മൊമന്റ് സംഭവിച്ചു. ഓട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്തിനെ കവറിലേക്ക് ഡ്രൈവ് ചെയ്ത് ബൗണ്ടറി. ആ നിമിഷത്തിന് ശേഷം ഹര്‍ഷ ഭോഗ്‌ലെ ഒരു വാചകം പറഞ്ഞു, ചിലസമയങ്ങളില്‍ വാക്കുകള്‍ ആവശ്യമില്ല, ആസ്വദിക്കുക. അത്രമേല്‍ മനോഹരമായൊരു ഷോട്ട്.
സഞ്ജുവിന്റെ മറ്റൊരു സെഞ്ചുറിക്കായി ഗ്യാലറി ആര്‍ത്തിരമ്പിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. ആവശ്യമായ റണ്‍സും ഓവറുകളും ബാക്കിയുണ്ട്. പക്ഷേ, അയാള്‍ തിരഞ്ഞെടുത്തത് മറ്റൊന്നായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന കാര്‍ത്തിക്ക് ശര്‍മയ്ക്കായി സ്ട്രൈക്ക് കൈമാറിക്കൊണ്ടേയിരുന്നു, ഒടുവില്‍ കാര്‍ക്കിക്ക് തന്നെ വിന്നിങ് റണ്‍ നേടുമ്പോള്‍ സെഞ്ചുറിയേക്കാള്‍ വലിപ്പമുള്ളൊരു ഇന്നിങ്സ് സഞ്ജുവില്‍ നിന്നുണ്ടായി. 52 പന്തില്‍ 87 റണ്‍സ്, ഏഴ് ഫോറും ആറ് സിക്‌സും. ഓറഞ്ച് ക്യാപ് പോരില്‍ സാക്ഷാല്‍ വിരാട് കോലിയേയും ശുഭ്മാൻ ഗില്ലിനേയും മറികടന്ന് കുതിപ്പ്.
മത്സരശേഷം റുതുരാജ് പറഞ്ഞു സഞ്ജുവാണ് ഈ ടീമിന്റെ നട്ടെല്ലെന്ന്. പക്ഷേ, അയാളുടെ വലുപ്പം അതിനപ്പുറമായിരുന്നു. സെഞ്ചുറിയടിക്കാമായിരുന്നില്ലെ എന്ന ഹര്‍ഷയുടെ ചോദ്യത്തിന് സഞ്ജുവൊരു മറുപടി നല്‍കി. മൂന്നക്കത്തിലേക്ക് എത്തണമെങ്കില്‍ ഞാൻ സ്വാര്‍ത്ഥത കാണിക്കണമായിരുന്നു, ടീമിന്റെ വിജയത്തിനാണ് മുൻഗണന കൊടുത്തത്. കാര്‍ത്തിക്ക് നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു, സിംഗിള്‍ ആവശ്യപ്പെടാൻ തോന്നിയില്ല.
സഞ്ജു തിളങ്ങിയ എല്ലാ മത്സരങ്ങളിലും ചെന്നൈ ജയിച്ചിരിക്കുന്നു, തമിഴ്‌മണ്ണില്‍ പുതിയ തലൈവൻ ഉരുവായിരിക്കുന്നു, പുതിയ തലയ്ക്കായും ആ മണ്ണൊരുങ്ങും വൈകാതെ. അവിടെ ഒരു പേര് മാത്രം, സഞ്ജു വിശ്വനാഥ് സാംസണ്‍. കരിയറിൻ ഉച്ചം.


