നായകനാകുമ്പോള്‍ പ്രകടമാക്കിയ ആത്മവിശ്വാസം മൈതാനത്ത് പ്രതിഫലിപ്പിക്കാൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ലഖ്നൗവിന്റെ കഴിഞ്ഞ രണ്ട് സീസണുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്
എം എസ് ധോണിയേയും രോഹിത് ശര്‍മയേയും പോലെ ഐപിഎല്‍ ചരിത്രത്തിലെ ഐതിഹാസിക ക്യാപ്റ്റന്മാരിലൊരാളാകും റിഷഭ് പന്തും. 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പന്തിനെക്കുറിച്ചുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതീക്ഷയായിരുന്നു ഇത്. പഞ്ചാബ് കിങ്സ് തനിക്ക് താല്‍പ്പര്യമുള്ള ടീമല്ലെന്നും അവര്‍ തന്നെ വാങ്ങുമോയെന്ന ഭയമുണ്ടായിരുന്നെന്നും പന്തും അന്ന് പറഞ്ഞുവെച്ചു. പ്രതീക്ഷയും പരിഹാസങ്ങളും ആത്മവിശ്വാസവുമെല്ലാം നിറഞ്ഞൊരു സംഭാഷണമായിരുന്നു ഇരുവരും തമ്മില്‍ സംഭവിച്ചതും.
പ്രതീക്ഷകളും തിരഞ്ഞെടുപ്പുകളുമെല്ലാം വ്യക്തിപരമാണ്, പരിഹാസങ്ങള്‍ക്കുള്ള മറുപടി പലകുറി പഞ്ചാബും നല്‍കിക്കഴിഞ്ഞു. എന്നാല്‍, പ്രകടമാക്കിയ ആത്മവിശ്വാസം മൈതാനത്ത് പ്രതിഫലിപ്പിക്കാൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ലഖ്നൗവിന്റെ കഴിഞ്ഞ രണ്ട് സീസണുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അത് നായകനായി മാത്രമല്ല താരമെന്ന നിലയിലും. ഈ വീഴ്ചകള്‍ വൈകാതെ പന്തിനെ ഇന്ത്യൻ ടീമിന്റെ പുറത്തേക്കും എത്തിച്ചേക്കുമെന്ന സൂചനകളും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
27 കോടി രൂപയുടെ മൂല്യം പന്ത് എന്ന താരത്തേയും നായകനേയും സമ്മര്‍ദത്തിലാക്കുന്നുണ്ടോ. അതോ നായകസമ്മര്‍ദമാണോ ഇടം കയ്യൻ ബാറ്ററുടെ മോശം പ്രകടനങ്ങളുടെ ആധാരം.
ആദ്യം റിഷഭ് പന്ത് എന്ന നായകനിലേക്ക് വരാം. മൂന്ന് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനേയും നിലവില്‍ രണ്ട് സീസണുകളായി ലഖ്നൗവിന്റേയും അമരത്ത് പന്തുണ്ട്. ഡല്‍ഹിയെ 43 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 23 ജയം നേടാൻ സാധിച്ചു, വിജയശതമാനം 50ന് മുകളിലാണ്. പന്തിന്റെ കീഴില്‍ 23 മത്സരങ്ങളിലാണ് ഇതുവരെ ലഖ്നൗ കളത്തിലിറങ്ങിയത്, എട്ട് ജയങ്ങള്‍ മാത്രം. വിജയശതമാനം 34ലാണ് എത്തി നില്‍ക്കുന്നത്. 2026 എഡിഷനില്‍ ഒൻപത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രം. തുടരെ ആറ് തോല്‍വി വഴങ്ങിയിപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തും.
ക്യാപ്റ്റൻസി ഭാരം പന്ത് എന്ന ബാറ്ററെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാം. ഡല്‍ഹിക്കായി മൂന്ന് സീസണുകള്‍ നയിച്ചപ്പോള്‍ 1205 റണ്‍സ് ഇടം കയ്യൻ വിക്കറ്റ് കീപ്പര്‍ സ്കോര്‍ ചെയ്തു. ശരാശരി 35 ആണ്. സ്ട്രൈക്ക് റേറ്റ് 143. ഇക്കാലയളവില്‍ ആറ് അര്‍ദ്ധ സെഞ്ചുറികളും പന്ത് കുറിച്ചു.
ഇനി ലഖ്നൗവിനൊപ്പമുള്ള രണ്ട് സീസണുകള്‍. 2025ല്‍ 13 ഇന്നിങ്സുകളില്‍ നിന്ന് 269 റണ്‍സ്, മുഖം രക്ഷിച്ചത് സീസണിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ചുറിയാണ്, 118 റണ്‍സ്. അതിനപ്പുറം ടീമിനോ പന്തിനോ ഓര്‍ത്തുവെക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അല്‍പ്പം മെച്ചപ്പെട്ട സ്ഥിതിയാണ് നടപ്പ് സീസണില്‍. ഒൻപത് ഇന്നിങ്സുകളില്‍ നിന്ന് 204 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 130ന് താഴെ വീണിരിക്കുന്നു.
ട്വന്റി 20യുടെ പുതിയ സഞ്ചാരം ഏത് ദിശയിലേക്കാണ് എന്ന് വ്യക്തമാണ്. 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശയുമൊക്കെ ഫോര്‍മാറ്റിനെ വാഴുന്ന കാലം. ഒപ്പമോടിയെത്താൻ അതേ മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന രോഹിത് ശര്‍മയും വിരാട് കോലിയുമൊക്ക. ഇവിടെയാണ് റിഷഭ് പന്തിന്റ എങ്ങുമെത്താത്ത ഇന്നിങ്സുകള്‍ സ്ഥിരം കാഴ്ചയാകുന്നത്. 27 കോടിയുടെ, അല്ലെങ്കില്‍ നായകസമ്മര്‍ദം മാത്രമല്ല നിലവില്‍ പന്തിന്റെ തലയ്ക്ക് മുകളിലുള്ളത്.
ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്ന വലിയ ദൗത്യം മുന്നിലുണ്ട്. അത് എളുപ്പമുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാകണമെങ്കില്‍ പന്തിന്റെ കൈവശം അസാധാരണ പ്രകടനങ്ങളുടെ ഒരു നിര തന്നെ ആവശ്യമാണ്. ടി20 ടീമിലേക്ക് പന്തിന്റെ മുന്നിലെ തടസമായി നില്‍ക്കുന്നത് പ്രധാനമായും രണ്ട് പേരുകളാണ്, ഒന്ന് സഞ്ജു സാംസണും മറ്റൊരാള്‍ ഇഷാൻ കിഷനും. ഇരുവരും ഇന്ത്യയുടെ ടി20 ലോകകപ്പിലെ വിജയശില്‍പ്പികള്‍, ടോപ് സ്കോറര്‍മാര്‍.
ഐപിഎല്ലിലും സമാന ഫോം തുടരുകയാണ് ഇരുവരും. ഇഷാനാണ് സഞ്ജുവിനേക്കാള്‍ ഫോമിലുള്ളതും. ഇടം കയ്യൻ ബാറ്ററായതുകൊണ്ട് തന്നെ ഇഷാനുമായാണ് പന്തിന്റെ ഡയറക്റ്റ് മത്സരവും. ഇനി ഏകദിന ടീമിലേക്ക് വന്നാലും വ്യത്യസ്തമല്ല കാര്യങ്ങള്‍. 2023 ഏഷ്യ കപ്പ് മുതല്‍ കെ എല്‍ രാഹുലാണ് ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍, അതിനൊരു മാറ്റം രണ്ട് വര്‍ഷത്തിനിപ്പുറവുമില്ല. സെക്കൻഡ് ചോയിസായി സഞ്ജുവിനെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍, ലോങ് ഇന്നിങ്സുകള്‍ കളിക്കാനും സമ്മര്‍ദ സാഹചര്യത്തില്‍ മാച്ച് വിന്നറാകാനുമുള്ള സഞ്ജുവിന്റെ മികവ് തന്നെ കാരണം.
ഇതെല്ലാം റിഷഭ് പന്തിന്റെ കരിയറിനെ തുലാസിലാക്കുന്ന ഘടകങ്ങളാണ്. ടെസ്റ്റില്‍ മാത്രമാണ് പന്ത് സേഫ് സോണില്‍ നില്‍ക്കുന്നത്. ടി20യിലേക്കും ഏകദിനത്തിലേക്കും മടങ്ങിയെത്തുന്നതിന് ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്, അതിനാല്‍ വിക്കറ്റ് വലിച്ചെറിയാതെയുള്ള ഗെയിം പ്ലാൻ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് കൂടുതലും താരം നടത്തുന്നത്, എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന അന്ത്യമുണ്ടാകുന്നുമില്ല.





