026 ഐപിഎല്‍ സീസണ്‍ പരിശോധിച്ചാല്‍ പവ‍ര്‍പ്ലേയിലെ പവര്‍ ഹിറ്റര്‍മാരുടെ പട്ടികയില്‍ ഗില്ലിന്റെ പേര് പ്രതീക്ഷിക്കുന്നവര്‍ തന്നെ ചുരുക്കമായിരിക്കും. കാരണം, അഗ്രസീവ് സമീപനമല്ല ഗില്ലിന്റെ മന്ത്ര

തന്റെ രണ്ടാം ഓവര്‍ എറിയാൻ ചെറിയ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആര്‍ച്ചര്‍ എത്തുകയാണ്. സീസണിലെ തന്നെ ഏറ്റവും മികച്ച പവര്‍പ്ലേ ബൗളര്‍. അഞ്ചാം ഓവര്‍. ശുഭ്മാൻ ഗില്‍ അതുവരെ അഞ്ച് പന്തുകള്‍ മാത്രമാണ് നേരിട്ടത്, ഏഴ് റണ്‍സും, സ്ട്രൈക്ക് റേറ്റ് 140.

Add Asianetnews as a Preferred SourcegooglePreferred

പക്ഷേ, ആ ഓവര്‍ അവസാനിക്കുമ്പോള്‍ ജയ്‌പൂരിലെ ആര്‍ച്ചറിന്റെ ദുരിതം ഇരട്ടിക്കുകയായിരുന്നു. ഗില്‍ തന്റെ ക്ലാസും ടൈമിങ്ങും സ്ട്രോക്ക്‌പ്ലേയുമെല്ലാം ഡിസ്‌പ്ലെ ചെയ്ത മൂന്ന് പന്തുകളുണ്ടായിരുന്നു ഓവറില്‍. കവര്‍, മിഡ് ഓഫ്, സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട്, രണ്ട് ഫോറും ഒരു സിക്‌സും. വലം കയ്യൻ പേസര്‍ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 140ല്‍ നിന്ന് 200 തൊട്ടു. 11 പന്തില്‍ 22 റണ്‍സായി ഗുജറാത്ത് നായകന്റെ പേരില്‍.

അവിടെ അവസാനിച്ചില്ല. പവര്‍പ്ലേ രാജസ്ഥാൻ റോയല്‍സ് എറിഞ്ഞ് തീര്‍ക്കുമ്പോള്‍ സ്ട്രൈക്ക് റേറ്റ് ഒരുപടി കൂടി ഉയര്‍ന്ന് 213ല്‍ എത്തി. ദാറ്റ്സ് ശുഭ്മാൻ ഗില്‍ ഫോര്‍ യു.

2026 ഐപിഎല്‍ സീസണ്‍ പരിശോധിച്ചാല്‍ പവ‍ര്‍പ്ലേയിലെ പവര്‍ ഹിറ്റര്‍മാരുടെ പട്ടികയില്‍ ഗില്ലിന്റെ പേര് പ്രതീക്ഷിക്കുന്നവര്‍ തന്നെ ചുരുക്കമായിരിക്കും. കാരണം, അഗ്രസീവ് സമീപനമല്ല ഗില്ലിന്റെ മന്ത്ര. മറിച്ച് വെല്‍ കണ്‍ട്രോള്‍ഡായ ഷോട്ട് മേക്കിങ്ങാണ്. പക്ഷേ, സീസണില്‍ പവര്‍പ്ലേ ഘട്ടത്തില്‍ മികച്ച സ്ട്രൈക്ക് റേറ്റുള്ള ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ അവിടെ ഗില്ലിന്റെ സാന്നിധ്യമുണ്ട്.

പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ദേവദത്ത് പടിക്കല്‍ എന്നിവര്‍ ഭരിക്കുന്ന പട്ടികയില്‍ ഇഷാൻ കിഷനോ സഞ്ജു സാംസണോ വിരാട് കോലിയോ പോലുമില്ല. പക്ഷേ ഏഴാമനായി ഗില്ലുണ്ട്. ആദ്യ ആറ് ഓവറുകളിലെ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 174 ആണ്. അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ള ട്രാവിസ് ഹെഡ്, പ്രഭ്‌സിമ്രാൻ സിങ് എന്നിവരുമായുള്ള അന്തരം നേരിയത് മാത്രവും. ഗില്ലിന് പിന്നിലായി മുംബൈ ഇന്ത്യൻസ് ഓപ്പണര്‍മാരായ റയാൻ റിക്കല്‍ട്ടണും രോഹിത് ശര്‍മയും, ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പാതും നിസങ്ക.

11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവുമായി പ്ലേ ഓഫിന്റെ പടിവാതില്‍ക്കലാണ് ഗുജറാത്ത്. മുന്നേറ്റത്തിന് പിന്നിലെ കാരണം ബൗളര്‍മാരുടെ മികവ് മാത്രമല്ല. ഗില്ലും സായ് സുദര്‍ശനും നല്‍കുന്ന തുടക്കങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും ഗില്‍. കളിച്ച പത്ത് മത്സരങ്ങളില്‍ ആറിലും ഗുജറാത്തിന് മികച്ച പവര്‍പ്ലേ നല്‍കാൻ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബ് കിങ്സിനെതിരെ 16 പന്തില്‍ 28, ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 21, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 15 പന്തില്‍ 34, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 22 പന്തില്‍ 32, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 18 പന്തില്‍ 43, ഒടുവില്‍ രാജസ്ഥാനെതിരെ 15 പന്തില്‍ 32 റണ്‍സും ഗില്‍ പവര്‍പ്ലേയില്‍ നേടി. ഇതില്‍ മൂന്ന് സന്ദര്‍ഭങ്ങളിലും ഗില്‍ ബാറ്റ് ചെയ്തത് 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു. ആദ്യം ബാറ്റ് ചെയ്തപ്പോഴും ചെയ്ത് ചെയ്യുമ്പോഴുമെല്ലാം ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

സീസണില്‍ ആകെ 10 മത്സരങ്ങളിലാണ് ഗില്‍ ക്രീസിലെത്തിയത്. നാല് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ 462 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നാലാം സ്ഥാനത്തുമുണ്ട് ഗില്‍. സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ഗില്‍ പവര്‍പ്ലേയില്‍ തിളങ്ങുന്നുണ്ടെങ്കിലും സീസണിലെ ആകെ സ്ട്രൈക്ക് റേറ്റ് പരിശോധിക്കുമ്പോള്‍ 160 മാത്രമാണ്. അതായത് പവര്‍പ്ലേയ്ക്ക് ശേഷമുള്ള ഘട്ടത്തില്‍ ഗില്ലിന്റെ പ്രഹരശേഷം 150ന് താഴേക്ക് പോകുന്നുവെന്ന് ചുരുക്കം. ഗുജറാത്തിന്റെ വിജയങ്ങളില്‍ താരത്തിന്റെ ലോങ് ഇന്നിങ്സുകള്‍ സഹായകമാകുന്നതുകൊണ്ട് അതിനെ പഴിക്കേണ്ടതില്ല.

പക്ഷേ, ഇന്ത്യയുടെ ടി20 ടീമിലേക്കാണ് ഒരു മടക്കം ഗില്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഇത് മതിയേക്കില്ല. സഞ്ജു സാംസണിനാണ് ഗില്‍ സ്ഥാനം ഒഴിഞ്ഞ് നല്‍കേണ്ടി വന്നത്. ഗില്ലിന് സമാനമായി ടൂര്‍ണമെന്റില്‍ ലോങ് ഇന്നിങ്സുകള്‍ കളിക്കുന്ന താരമാണ് സഞ്ജുവും. പക്ഷേ, സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് ഇന്നിങ്സിന് ഒടുവില്‍ ഇരുന്നൂറിന് മുകളിലോ അടുത്തായിരിക്കും. അതുകൊണ്ട് ഇംപാക്റ്റും വലുതാണ്. പവര്‍പ്ലേയിലെ മികവുകൊണ്ട് മാത്രം ഗില്ലിന് ഇന്ത്യൻ ടീമിലെ പവര്‍ തിരിച്ചുപിടിക്കാനായേക്കില്ല. മാച്ച് വിന്നിങ്ങായുള്ള ഇന്നിങ്സുകള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിലുണ്ടാകണം.