11 മത്സരങ്ങളിലായി എട്ട് ഇന്നിങ്സുകളിലാണ് അക്‌സറിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ആകെ നേടിയത് 44 റണ്‍സാണ്. ശരാശരി 6.28
അക്‌സര്‍ പട്ടേല്‍സ് ഡിസ്ട്രസ് ഡേ ഈസ് ഓവര്‍!

ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ വൈഭവ് അറോറയുടെ പന്ത് പുള്‍ ചെയ്തു അക്‌സര്‍ പട്ടേല്‍. അരുണ്‍ ജയ്‌റ്റ്ലി സ്റ്റേഡിയത്തിലെ ഡല്‍ഹി ആരാധകര്‍ ആ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ മാത്രമെ അപ്പോള്‍ പ്രതീക്ഷക്ഷിക്കുന്നുണ്ടായിരുന്നുള്ളു. കാരണം, റണ്‍സ് വിട്ടുനല്‍കാൻ താല്‍പ്പര്യമില്ലാതിരുന്ന കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് മുന്നില്‍ നിലയില്ലാകയത്തില്‍ അകപ്പെട്ടതുപോലെയായിരുന്നു അക്‌സര്‍ അതുവരെ.
പക്ഷേ, ഡീപ് മിഡ് വിക്കറ്റില്‍ അനുകൂല്‍ റോയിയുടെ കഠിനാധ്വാനം ഫലം കാണുകയാണ്. അനുകൂലിന്റെ ഉജ്വലമായൊരു ക്യാച്ചില്‍ അക്‌സറിന്റെ ഇന്നിങ്സിന് തിരശീല വീണു. അല്ല, മൈതാനത്തെ അക്‌സറിന്റെ ദുഷ്കരമായ 42 മിനുറ്റുകള്‍ക്ക് അവസാനമാകുകയായിരുന്നു. 22 പന്തുകള്‍ നേരിട്ട ഇടം കയ്യൻ ബാറ്റര്‍ക്ക് സ്കോര്‍ ചെയ്യാനായത് 11 റണ്‍സ് മാത്രം. ഒരു ബൗണ്ടറിപോലും കണ്ടെത്താൻ അക്‌സറിന്റെ ബാറ്റിന് സാധിച്ചില്ല. കമന്ററി ബോക്‌സിലിരുന്ന ഹര്‍ഷ ബോഗ്ലെ പറഞ്ഞു, അക്‌സര്‍ പട്ടേല്‍സ് ഡിസ്ട്രസ് ഡേ ഈസ് ഓവര്‍!
ഈ ഒരുവാചകം അക്‌സറിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും സീസണിന്റെ ആകെ തുകയാണെന്നും പറയാൻ കഴിയും. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രീമിയം ഓള്‍ റൗണ്ടര്‍മാരിലൊരാളാണ് അക്‌സര്‍. കരിയറിന്റെ അസ്തമയത്തോട് അടുക്കുന്ന രവീന്ദ്ര ജഡേജയുടെ പകരക്കാരനെ ബിസിസിഐ കാണുന്നത് അക്‌സറിലാണ്. എന്നാല്‍, സീസണിലെ അക്‌സറിന്റെ പ്രകടനങ്ങള്‍ ശരാശരിക്കും താഴെയാണ് നിലവില്‍.
11 മത്സരങ്ങളിലായി എട്ട് ഇന്നിങ്സുകളിലാണ് അക്‌സറിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ആകെ നേടിയത് 44 റണ്‍സാണ്. ശരാശരി 6.28, സ്ട്രൈക്ക് റേറ്റ് 74. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍പ്പോലും ഇത്രയും കുറവ് സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന താരങ്ങള്‍ ചുരുക്കമാണ്. ഇവിടെയാണ് ലോകകത്തിലെ ഏറ്റവും മികച്ച ടി20 ലീഗുകളിലൊന്നായ ഐപിഎല്ലിലെ അക്സറിന്റെ പ്രകടനം.
എട്ട് ഇന്നിങ്സുകളില്‍ ആറ് തവണയും അക്സര്‍ പുറത്തായത് ഒറ്റയക്ക സ്കോറുകളിലുമാണ്. ഈ സന്ദര്‍ഭങ്ങളിലൊന്നും തന്റെ സ്കോര്‍ രണ്ട് കടത്താനോ ആറ് പന്തിലധികം അതിജീവിക്കാനോ ഡല്‍ഹിയുടെ നായകന് സാധിച്ചിട്ടുമില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 19 പന്തില്‍ നേടിയ 26 റണ്‍സാണ് സീസണിലെ അക്‌സറിന്റെ ഉയര്‍ന്ന സ്കോര്‍. ടൂര്‍ണമെന്റിലുടനീളം 59 പന്തുകള്‍ നേരിട്ട അക്‌സര്‍ സ്കോര്‍ ചെയ്തത് മൂന്ന് ഫോര്‍ മാത്രം, ഒരു സിക്‌സ് പോലും താരത്തില്‍നിന്നുണ്ടായിട്ടില്ല.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി മധ്യനിരയിലെ പ്രധാന സാന്നിധ്യമായിരുന്നു അക്‌സര്‍. 11 ഇന്നിങ്സുകളില്‍ നിന്ന് 157 സ്ട്രൈക്ക് റേറ്റില്‍ 263 റണ്‍സായിരുന്നു നേട്ടം. ഇത്തവണ, ബാറ്റുകൊണ്ട് അക്‌സറിന് സംഭാവന നല്‍കാൻ കഴിയാത്തത് ഡല്‍ഹിയുടെ ഫലങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്. ബാറ്റിങ്ങില്‍ നിറം മങ്ങുമ്പോഴും ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഇടം കയ്യൻ സ്പിന്നര്‍ക്കായിട്ടുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് എക്കോണമിയില്‍ 10 വിക്കറ്റുകള്‍ നേടി.
ഗുജറാത്ത് ടൈറ്റൻസിനും ബെംഗളൂരുവിനുമെതിരായ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിക്കറ്റ് എടുക്കാതിരുന്നത്. ഗുജറാത്തിനെതിരെ മൂന്നും ബെംഗളൂരുവിനെതിരെ ഒരോവറുമാണ് എറിഞ്ഞതും. ആറ് മത്സരങ്ങളിലും അക്‌സറിന്റെ എക്കോണമി ഏഴിലും താഴെയാണ്. അതും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളിലാണ് താരം എതിരാളികളുടെ സ്കോറിങ്ങിന് തടയിട്ടത്.
സമാനമായിരുന്നു ടി20 ലോകകപ്പിലേയും സ്ഥിതി, ബാറ്റിങ്ങില്‍ കാര്യമായ സംഭാവന നല്‍കാൻ അക്‌സറിന് സാധിച്ചിരുന്നില്ല, എന്നാല്‍ ബൗളിങ്ങില്‍ 11 വിക്കറ്റുകളുമായി തിളങ്ങി. ഇന്ത്യയുടെ വിക്കറ്റ് ടേക്കര്‍മാരില്‍ ജസ്പ്രിത് ബുമ്രയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പിന്നിലായിരുന്നു അക്‌സര്‍.
പക്ഷേ, ബാറ്റിങ്ങിലെ അക്‌സറിന്റെ മോശം ഫോം ആശങ്ക നല്‍കുന്നതാണ്. 2024 ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോള്‍ മധ്യനിരയില്‍ അക്‌സര്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലും ഇത് ആവര്‍ത്തിച്ചു. പക്ഷേ, നിലവിലെ പശ്ചാത്തലത്തില്‍ 2027 ഏകദിന ലോകകപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാനലക്ഷ്യം. അവിടേക്ക് സ്പിൻ ഓള്‍റൗണ്ടറായി ആര് എന്ന ചോദ്യമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്.
ജഡേജയാകട്ടെ സീസണില്‍ അക്സറിനേക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ട്. രാജസ്ഥാൻ സമ്മര്‍ദത്തിലായ സാഹചര്യത്തില്‍ ക്രീസിലെത്തി രക്ഷകന്റെ റോള്‍ വഹിക്കാനായിട്ടുണ്ട്. 50 ശരാശരിയില്‍ 152 റണ്‍സും 7.7 എക്കോണമിയില്‍ ഏഴ് വിക്കറ്റും ജഡേജ നേടി. അതുകൊണ്ട് ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ പശ്ചാത്തലത്തില്‍ അക്സറിന് ഫോം തിരിച്ചുപിടിക്കാനുള്ള അവസരമാണ് അവശേഷിക്കുന്ന മത്സരങ്ങള്‍. അത് താരത്തിന്റ അന്തരാഷ്ട്ര കരിയറിലും നിര്‍ണായകമാകും.


