64 കോടി കൈവശമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലെ റിച്ച് സംഘം, 43 കോടിയുമായി ചെന്നൈ സൂപ്പര്‍ കിങ്സുമുണ്ടാകും താരപ്പോരിന്. ഡിസംബർ 16ന് അബുദാബിയിലാണ് ലേലം

ഐപിഎല്‍ മിനതാരലേലത്തിലേക്ക് ഇനി രണ്ട് വാരത്തിന്റെ ദൂരം. 1355 താരങ്ങള്‍, പത്ത് ഫ്രാഞ്ചൈസികളിലായി 77 സ്ലോട്ടുകള്‍. 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ടി20 ജയന്റ്സായ ആന്ദ്രെ റസല്‍, ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവരില്ലാത്ത ഐപിഎല്ലിനാണ് കളം ഒരുങ്ങുന്നത്. ഡിസംബര്‍ 16ന് അബുദാബിയില്‍ ഹാമർ ഉയര്‍ന്ന് താഴുമ്പോള്‍ ആരായിരിക്കും പുതുപതിപ്പിലെ മൂല്യമേറിയ താരമായി മാറുക.

64 കോടി കൈവശമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലെ റിച്ച് സംഘം, 43 കോടിയുമായി ചെന്നൈ സൂപ്പര്‍ കിങ്സുമുണ്ടാകും. സുപ്രധാന താരങ്ങള്‍ക്കായി ഇരുമാനേജ്മെന്റും കൊമ്പുകോര്‍ക്കുമെന്ന് തീ‍ര്‍ച്ചയാണ്.

13 സ്ലോട്ടുകള്‍ നികത്താനുള്ള കൊല്‍ക്കത്തയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി റസലിന്റെ പകരക്കാരെ കണ്ടെത്തുക എന്നതാണ്. അതിന് ഏറ്റവും അനുയോജ്യനായത് ഓസ്ട്രേലിയൻ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനാണ്. വലം കയ്യൻ ബാറ്ററും പേസറുമായ ഗ്രീൻ തന്നെയായിരിക്കും ലേലത്തിലെ മാര്‍ക്യു താരമെന്നാണ് വിലയിരുത്തലുകള്‍.

രണ്ട് ഐപിഎല്‍ സീസണുകള്‍ മാത്രം കളിച്ചിട്ടുള്ള ഗ്രീൻ മുംബൈ ഇന്ത്യൻസിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമായി 28 ഇന്നിങ്സുകളിലാണ് ബാറ്റ് ചെയ്തത്. 41 ശരാശരിയില്‍ 707 റണ്‍സ് നേടി. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 150നും മുകളിലാണ്. 16 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട് ഓസീസ് ഓള്‍ റൗണ്ടര്‍.

ബാറ്റിങ് നിരയില്‍ ഏത് പൊസിഷനും വഴങ്ങുന്ന താരം കൂടിയാണ് ഗ്രീൻ. ഓസ്ട്രേലിയക്കായി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഓപ്പണിങ് മുതല്‍ ഏഴാം നമ്പറില്‍ വരെ ഗ്രീൻ ക്രീസിലെത്തിയിട്ടുണ്ട്. ആദ്യ നാല് സ്ഥാനങ്ങളിലാണ് താരത്തിന് സ്ട്രൈക്ക് റേറ്റ് കൂടുതലെന്ന് മാത്രം. ഗ്രീനിനെപ്പോലൊരു ഓള്‍ റൗണ്ടര്‍ ടീമിന് നല്‍കുന്ന ബാലൻസും ചെറുതായിരിക്കില്ല. റസലിന് സമാനമായി ബിഗ് ഹിറ്റിങ് എബിലിറ്റികൂടിയുള്ള ബാറ്ററാണ് ഗ്രീൻ. പരുക്കിന് ശേഷമുള്ള വരവില്‍ ഗ്രീനിന്റെ ഫോം സ്ഥിരത നിറഞ്ഞതല്ലെങ്കിലും സമീപകാലത്ത് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

ലേലത്തില്‍ ടീമുകള്‍ ലക്ഷ്യമിടുന്ന മറ്റൊരു താരം ശ്രീലങ്കൻ യുവതാരം മതീഷ പതിരാനയായിരിക്കും. 13 കോടി രൂപയ്ക്ക് ചെന്നൈ നിലനിര്‍ത്തിയ പേസറായിരുന്നു പതിരാന. എന്നാല്‍, നിരന്തര പരുക്കുകളും ഫോം നഷ്ടപ്പെട്ടതും പതിരാനയ്ക്ക് തിരിച്ചടിയായി. 2023, 24 സീസണുകളില്‍ ചെന്നൈക്കായി സ്ഥിരതയോടെ പന്തെറിഞ്ഞ പതിരാനയുടെ കഴിഞ്ഞ സീസണിലെ എക്കണോമി പത്ത് കടന്നിരുന്നു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുകൂടിയായ പതിരാനയെ ചെന്നൈ തന്നെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല.

സൂപ്പര്‍ താരങ്ങളുടെ പട്ടികയെടുത്താല്‍ ജേക്ക് ഫ്രെസര്‍ മക്ഗൂ‍ര്‍ക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജേമി സ്മിത്ത്, രച്ചിൻ രവീന്ദ്ര, ഡേവിഡ് മില്ലര്‍, ലുംഗി എൻഗിഡി, ആൻറിച്ച് നോര്‍ക്കെ, വനിന്ദു ഹസരങ്ക, അക്കെയ്ൽ ഹൊസൈൻ എന്നിവര്‍ക്ക് വിലപിടിപ്പുള്ള താരങ്ങളില്‍ ഉള്‍പ്പെട്ടേക്കും. മേല്‍പ്പറഞ്ഞ പേരുകളില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന താരം ഇംഗ്ലണ്ടിന്റെ യുവതാരമായ ജേമി സ്മിത്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററുകൂടിയായ സ്മിത്തിന്റെ അന്താരാഷ്ട്ര ട്വന്റി 20 സ്ട്രൈക്ക് റേറ്റ് 194 ആണ്. ജോഷ് ഇംഗ്ലിസിന്റെ പകരക്കാരനെ തേടുന്ന പഞ്ചാബ് കിങ്സിന് ജേമിയെ ലക്ഷ്യമിടാവുന്നതാണ്.

ഇനി ഇന്ത്യൻ താരങ്ങളിലേക്ക് എത്തിയാല്‍ വെങ്കടേഷ് അയ്യരോളം കേന്ദ്രബിന്ദുവായ മറ്റൊരുതാരം ലേലത്തില്‍ തന്നെയുണ്ടാകാനിടയില്ല. 23.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ താരമായിരുന്നു വെങ്കടേഷ്. എന്നാല്‍, മോശം ഫോമില്‍ ഒരു സീസണ്‍ മുഴുവൻ തുടര്‍ന്ന താരത്തിന് മറ്റൊരു സീസണിലേക്ക് അവസരം നല്‍കാൻ പോലും മാനേജ്മെന്റ് തയാറാകാതെയാണ് റിലീസ് ചെയ്തത്. കുറഞ്ഞ വിലയ്ക്ക് വെങ്കടേഷിനെ തിരികെ എത്തിക്കാൻ ഉപയോഗിച്ച തന്ത്രമാണോയെന്നും അറിയില്ല. മധ്യനിര ബാറ്ററും കൂറ്റനടിക്കാരനുമായി വെങ്കടേഷായിരുന്നു കൊല്‍ക്കത്തയുടെ 2024ലെ കിരീടനേട്ടത്തില്‍ നിര്‍ണായകമായതും.

വെങ്കടേഷിനൊപ്പം ചേര്‍ത്തുവേക്കേണ്ട പേര് ലെഗ് സ്പിന്നറായ രവി ബിഷ്ണോയ് ആണ്. ഭൂരിഭാഗം ടീമുകളും തങ്ങളുടെ സ്പിൻ ഡിപ്പാര്‍ട്ടമെന്റിനെ ഉടച്ചുവാര്‍ക്കാനിരിക്കുകയാണ്. മാര്‍ക്യു സ്പിന്നര്‍മാരെയെല്ലാം ടീമുകള്‍ റിലീസ് ചെയ്തിരുന്നു. 11 കോടി രൂപയ്ക്കായിരുന്നു ബിഷ്ണോയിയെ ലക്നൗ സൂപ്പര്‍ ജയന്റ്സ് നിലനിര്‍ത്തിയത്. എന്നാല്‍, ഏകനയിലെ വേഗതകുറഞ്ഞ വിക്കറ്റിന്റെ സഹായം ഉണ്ടായിട്ടും സീസണിലാകെ ഒൻപത് വിക്കറ്റാണ് നേടാൻ സാധിച്ചത്. ഇതായിരുന്നു താരത്തെ റിലീസ് ചെയ്യാൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചതും. രാജസ്ഥാൻ റോയല്‍സ് ഉള്‍പ്പടെയുള്ള ടീമുകള്‍ക്ക് സ്പിൻ നിര ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍, ബിഷ്ണോയ് ഒരിക്കല്‍ക്കൂടി രണ്ടക്കം കടന്നാലും അത്ഭുതപ്പെടാനില്ല.