2025ലെ മാത്രം കണക്കെടുത്താല്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് രോഹിത് ശർമയാണ്, തൊട്ടുപിന്നിലായി വിരാട് കോഹ്ലിയുമുണ്ട്. അതും രണ്ട് വീതം സെഞ്ച്വറികളുമായി

പ്രായം മുപ്പത്തിയെട്ടും മുപ്പത്തിയേഴുമാണ്. അസ്തമയസമയം കുറിച്ചവര്‍ക്ക് മുന്നില്‍ ഒരാള്‍ സിഡ്‌നിയെ ത്രസിപ്പിച്ചു മറ്റൊരാള്‍ റാഞ്ചിയില്‍ ആവേശം വിതറി. പുതുതലമുറയും ഒപ്പംകൂടിയവരും പിന്നാലെ വന്നവരും സാക്ഷിയായിരുന്നു. 2027 ഏകദിന ലോകകപ്പിനെക്കുറിച്ച് നയം വ്യക്തമാക്കത്ത രണ്ടുപേരെന്നാണ് തലപ്പത്തിരിക്കുന്നവരുടെ ഭാഷ്യം. നാവുകൊണ്ട് കളത്തിലെ പോരായ്മകളെ മറയ്ക്കുന്ന ശൈലിയോ നേട്ടങ്ങള്‍ നിരത്തി പ്രതിരോധിക്കുന്ന രീതിയോ അല്ല ഇരുവരുടേയും, ഇവിടെ ബാറ്റും നേടുന്ന റണ്‍സുമാണ് സംസാരിക്കുന്നത്. രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും വിരമിക്കല്‍ ദിനം എണ്ണുന്നത് അവസാനിപ്പിക്കാൻ സമയമായില്ലയെന്നാണ് ചോദ്യം.

പ്രായം ഒരുവശത്ത് നില്‍ക്കട്ടെ, കായികലോകത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രായമല്ല, പ്രകടനങ്ങളും സ്ഥിരതയുമാണ്. ആ തട്ടെടുത്തുവെച്ചാല്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട എക്കാലത്തെയും മികച്ച ദ്വയത്തിന് മുകളില്‍ നില്‍ക്കുന്നൊരാള്‍ ഇന്ന് നീലക്കുപ്പായം അണിയുന്നില്ല. കണക്കുകള്‍ നിരത്താം. 2025 കലണ്ടര്‍ വര്‍ഷമെടുക്കൂ. ഇന്ത്യക്കായി ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് രോഹിതാണ്. 12 ഇന്നിങ്സുകളില്‍ നിന്ന് 51 ശരാശരിയിലും 99 സ്ട്രൈക്ക് റേറ്റിലും 561 റണ്‍സ്. രണ്ട് ശതകവും മൂന്ന് അ‍ര്‍ദ്ധ സെഞ്ച്വറികളും ഈ കാലഘട്ടത്തിലുണ്ട്.

ഇന്ത്യക്കായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ശ്രേയസ് അയ്യര്‍ക്കും ശുഭ്മാൻ ഗില്ലിനും പിന്നിലാണെങ്കിലും ഒരുപാട് ദൂരത്തിലല്ല കോഹ്ലിയും. 11 കളികളില്‍ നിന്ന് 484 റണ്‍സ്. ശരാശരി 54 ആണ്, സ്ട്രൈക്ക് റേറ്റ് 90 തൊട്ടിരിക്കുന്നു. രോഹിതിന് സമാനമായി രണ്ട് സെഞ്ച്വറി മൂന്ന് അര്‍ദ്ധ ശതകങ്ങളും കോഹ്ലിയുടെ പേരിലും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. രണ്ട് പേരുടേയും റണ്‍വേട്ടയ്ക്ക് കുറിവെക്കാൻ കരിയറിന്റെ പീക്കിലുള്ള പല ബാറ്റര്‍മാര്‍ക്കും കഴിയുന്നില്ല, പ്രായം ഇവിടെ വേണമെങ്കില്‍ ഓര്‍മിപ്പിക്കാം, മുപ്പത്തിയെട്ടും മുപ്പത്തിയേഴും. റണ്‍സിന്റെ കണക്കുകള്‍ മാറ്റിവെക്കാം, ഇനി മാച്ച് വിന്നിങ് കോണ്‍ട്രിബ്യൂഷൻ പരിശോധിക്കാം.

ഇന്ത്യ ഏകദിനത്തില്‍ വിജയിച്ച അവസാന അഞ്ച് മത്സരങ്ങള്‍. ചാമ്പ്യൻസ് ട്രോഫിയില്‍ മൂന്ന് മത്സരങ്ങള്‍, ശേഷം ഓസ്ട്രേലിയക്കെതിരെ സിഡ്നിയിലും റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കും എതിരെ. ചാമ്പ്യൻസ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലൻഡിനെതിരെ വരുണ്‍ ചക്രവര്‍ത്തി. ഓസ്ട്രേലിയക്കെതിരായ സെമിയില്‍ കോഹ്ലി, കിവീസിനെതിരെ ഫൈനലില്‍ രോഹിത്. സിഡ്നിയില്‍ രോഹിത്, റാഞ്ചിയില്‍ കോഹ്ലി. ഇന്ത്യ വിജയിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും കളിയിലെ താരങ്ങളായത് രോഹിതും കോഹ്ലിയും.

ഇനി അവസാന പത്ത് ഏകദിന മത്സരങ്ങള്‍ എടുക്കാം. കോഹ്ലിയും രോഹിതും ടോപ് സ്കോറര്‍മാരായത് മൂന്ന് വീതം മത്സരങ്ങളിലാണ്. രണ്ട് തവണ ശുഭ്മാൻ ഗില്ലും ഒന്നുവീതം ശ്രേയസും കെ എല്‍ രാഹുലും. നാല്‍പ്പതിനോട് അടുക്കുന്നവര്‍ക്ക് ഒപ്പമെത്താൻ യുവനിരയ്ക്ക് പോലും സാധിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. കരിയറിന്റെ അവസാന കാലത്തോട് അടുക്കുമ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ഒന്നരപതിറ്റാണ്ടായി ശീലിച്ചതെല്ലാം തുടുരുകയാണ് രോ-കൊ സഖ്യം.

2027 ലോകകപ്പ് മുന്നില്‍ നില്‍ക്കെ രോഹിതിന്റെയോ കോഹ്ലിയിടയോ മികവിലല്ല ആശങ്കകളെന്നാണ് പലപ്പോഴും മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകൻ ഗൗതം ഗംഭീറും ആവര്‍ത്തിച്ചിട്ടുള്ളത്. മറിച്ച് അവര്‍ക്ക് ലോകകപ്പിലേക്ക് എത്താനുള്ള ഹംഗര്‍ ഉണ്ടായിരിക്കണമെന്നാണ്. തീ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് ബാറ്റ് തെളിയിക്കുമ്പോള്‍, വാക്കുകള്‍ക്കൊണ്ടും മറച്ച് വെക്കുന്നില്ല ഇരുവരും. റാഞ്ചി ഏകദിനത്തിന് മുൻപ് രോഹിതും ശേഷം കോഹ്ലിയും പറഞ്ഞ പ്രസ്താവനകള്‍ മാത്രമെടുത്തു നോക്കിയാല്‍ മതിയാകും.

കളത്തിലെത്താനുള്ള ആവേശം താല്‍പ്പര്യവും‍ എപ്പോഴുമുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ പ്രാവശ്യവും അങ്ങനെ തന്നെയായിരിക്കും എല്ലാം, അതിപ്പോള്‍ പ്രായം 38 ആണെങ്കിലും 28 ആണെങ്കിലും. ഇതായിരുന്നു രോഹിതിന്റെ വാക്കുകള്‍. ഞാൻ കളത്തിലേക്ക് എത്തുന്നത് 120 ശതമാനവും തയാറായാണ്, പ്രിപ്പറേഷനുകളിലല്ല എന്റെ വിശ്വാസം, എല്ലാം മാനസികമാണ്. അത് ശരീരക മികവിലേക്ക് ഉയര്‍ത്താൻ എനിക്ക് കഴിയും, കോഹ്ലി പറഞ്ഞു നിര്‍ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ അവസാന വർഷങ്ങള്‍ ഇരുവർക്കും മികച്ചതായിരുന്നില്ലെങ്കിലും ഏകദിനത്തില്‍ വിപരീതമാണ് കാര്യങ്ങള്‍. They are not going anywhere, they are here to stay!

മത്സരപരിചയം നിലനിർത്തുന്നതിനായി ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായേ തീരുവെന്ന അഗാർക്കറിന്റെ തീരുമാനങ്ങളോട് യോജിച്ച് പോകാൻ രോഹിത് തയാറായിട്ടുണ്ട്, കോഹ്ലിയുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും പരിചയസമ്പത്തിന്റെ കോളത്തില്‍ ടിക്കിടണമെങ്കില്‍ സമ്മർദത്തില്‍ നിന്ന് ടീം കരകയറണമെങ്കില്‍ ഇരുവരുടേയും സാന്നിധ്യം ടീമിന് അനിവാര്യമാണെന്നതില്‍ തർക്കമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിക്കുന്നത് ഏകദിനത്തിലും ആവർത്തിക്കാൻ ഇന്ത്യ ഒരുക്കമായിരിക്കില്ല.

യുവതാരങ്ങളാല്‍ നിലവില്‍ സമ്പന്നമായ ടെസ്റ്റ് ടീമില്‍ പ്രതിസന്ധിയെത്തുമ്പോള്‍ ഏത് സീനിയർ താരത്തിലേക്ക് ഇവര്‍ തിരിഞ്ഞുനോക്കുമെന്നാണ് ആശങ്ക. ഏകദിന ക്രിക്കറ്റിലെത്തുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. റാഞ്ചിയില്‍ ബാറ്റ് ചെയ്യവെ വാഷിങ്ടണ്‍ സുന്ദര്‍ ലൈൻ പിക്ക് ചെയ്യാൻ ബുദ്ധിമുട്ടിയപ്പോള്‍ കോഹ്ലി പിന്തുണയുമായെത്തി, യുവതാരങ്ങള്‍ക്ക് വഴിതെളിച്ചു. വിജയലക്ഷ്യം പ്രതിരോധിക്കവെ ഇന്ത്യ പ്രതിസന്ധിയിലായപ്പോള്‍ വിജയമുറപ്പിക്കാൻ രോഹിതിന്റെ തന്ത്രങ്ങളായിരുന്നു നായകൻ രാഹുലിന് സഹായകരമായത്.

ഇരുവരുടേയും പരിചയസമ്പത്തും സാന്നിധ്യവും ടീമിന് നല്‍കുന്ന എഡ്ജ് ചെറുതല്ലെന്ന് തെളിയിക്കാൻ റാഞ്ചി ഏകദിന മാത്രമെടുത്താല്‍ മതിയാകും, രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയര്‍ വിശദീകരിക്കേണ്ടതില്ല. ഇരുവരുടേയും വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് താത്കാലിക വിരാമം മാത്രമല്ല, 2027 ലോകകപ്പിലേക്ക് ഇരുവരേയും ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ബിസിസിഐ തയാറായേക്കും. ടെസ്റ്റില്‍ പടിയിറക്കത്തിന് വഴിയൊരുക്കിയത് പോലെ ഒന്നും എളുപ്പമാകില്ല, അല്ലെങ്കില്‍ എളുപ്പമാക്കില്ല രോ-കോ സഖ്യം.