ഗുവാഹത്തിയിലെ രാത്രിയില്‍ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പിഴച്ചത് എവിടെയാണ്, ടാക്റ്റിക്‌സിലാണോ അതോ കളത്തില്‍ താരങ്ങള്‍ക്ക് ടാക്റ്റിക്കല്‍ ഓർഗനൈസേഷൻ ഇല്ലാതെ പോയതോ?

എനെക്കോ സത്രുസ്തേഗിയുടെ ഒരു ലോങ് ബോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്‌ഫീല്‍ഡിനേയും ഡിഫൻസിനേയും പിളർത്തുന്നു. ജെയിംസ് ബോള്‍ട്ടന്റെ ബൂട്ടുകള്‍ക്ക് പന്തിന്റെ സഞ്ചാരത്തെ തടയാനാകുന്നില്ല. അല്ലാദിൻ അജറൈയുടെ ടൈംലി റണ്ണിനെ തടുക്കുന്നതില്‍ സുമിത് ശർമയും ഡോളിങ്ങും പരാജയപ്പെടുന്നു. ബോക്‌സിന് പുറത്തേക്ക് അഡ്വാൻസ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ അൻവർ ഷെയ്ക്കിന്റെ ശ്രമത്തേയും മറികടന്ന് അജറൈയുടെ ഒരു റൈറ്റ് ഫൂട്ട് ഫിനിഷ്, ഗോള്‍.

ബ്ലാസ്റ്റേഴ്‌സിന്റെ ഹൈലൈൻ ഡിഫൻസിനെ പെഡ്രൊ ബെനാലിയുടെ കുട്ടികള്‍ അനായാസം എക്‌സ്പ്ലോയിറ്റ് ചെയ്ത മൊമന്റ്, അവിടെ തുടങ്ങിയതാണ്, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഗോള്‍വര കടന്ന് നാല് തവണ പന്ത് വലയിലെത്തി. ഗുവാഹത്തിയിലെ രാത്രിയില്‍ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പിഴച്ചത് എവിടെയാണ്, ടാക്റ്റിക്‌സിലാണോ അതോ കളത്തില്‍ താരങ്ങള്‍ക്ക് ടാക്റ്റിക്കല്‍ ഓർഗനൈസേഷൻ ഇല്ലാതെ പോയതോ?

5-3-2. അഞ്ച് പ്രതിരോധ താരങ്ങളെ നിരത്തിയായിരുന്നു ഹൈലാൻഡേഴ്‌സിന്റെ ഒഴുക്കിനെതിരെ നീന്താൻ വെസ്റ്റ്‌വുഡ് ഒരുങ്ങിയത്. റണവാഡെ, ഡോളിങ്, ബോള്‍ട്ടൻ, സുമിത്, ഹോർമിപാം. അഡ്രിയാൻ ലൂണയും വിബിൻ മോഹനനും ഫ്രെഡി ലാലോമാമയും ചേർന്ന മിഡ്‍മീല്‍ഡ് ട്രയോ. മോമൊ യാൻസാനെ ഇടതുവിങ്ങിലും വലത് ആന്ദ്രെ ഗ്രീനും. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്, ഇന്റർ കാശിക്കെതിരെ റൈറ്റ് വിങ്ങില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ക്രിയേറ്റീവ് ഫോഴ്‌സായിരുന്ന കോറു സിങ്ങിനെ ബെഞ്ചിലിരുത്തിയത് എന്തിനെന്ന്. അത് അവിടെ നില്‍ക്കട്ടെ.

മത്സരത്തിന് മുന്നോടിയായി ബെനാലിയുടെ ടാക്റ്റിക്കല്‍ ഫ്ലെക്‌സിബിലിറ്റിയെക്കുറിച്ച് വെസ്റ്റ്‌വുഡ് പരാമർശിക്കുകയുണ്ടായി. 3-5-2 എന്ന ഫോർമേഷനായിരുന്നു നോർത്ത് ഈസ്റ്റിന്റേത്. ലൂണ വന്നതോടെ കുറച്ചുകൂടി ക്രിയേറ്റീവ് ആകാൻ സാധ്യതയുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മിഡ് ഫീല്‍ഡിനെ പൂർണമായും കണ്‍ടൈൻ ചെയ്യാനുള്ള നീക്കം. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങള്‍ മധ്യനിരയിലേക്ക് പന്ത് കൈമാറാൻ ശ്രമിക്കുമ്പോഴൊക്കെയും നോർത്ത് ഈസ്റ്റ് മിഡ്‍ഫീല്‍ഡ് ഡയമൻഡ് ഫോറായി മാറി പാസിങ് ലെയിനുകള്‍ കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ വിങ്ങുകളിലൂടെയും ഏരിയല്‍ ബോളുകളിലൂടേയും ഫൈനല്‍ തേഡിലേക്ക് എത്തുകയായിരുന്നു ഏക മാർഗം. പക്ഷേ, ഇവിടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയ്ക്ക് ഇല്ലാതെ പോയതും നോർത്ത്ഈസ്റ്റിന് സാധ്യമായതുമായ ഒന്നുണ്ടായിരുന്നു, ഡിഫൻഡർമാരുടെ പൊസിഷനിങ്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അന്റോണിയോ മൊയാനോ നേടിയ ഗോള്‍ തന്നെ ഉദാഹരിക്കാം.

ഇവിടെയും ബ്ലാസ്റ്റേഴ്‌സിന്റെ ഹൈലൈൻ ഡിഫൻസിനെ ലോങ് ബോളിലൂടെയാണ് നോർത്ത് ഈസ്റ്റ് മറികടക്കുന്നത്. എന്നാല്‍ പന്ത് ക്ലിയർ ചെയ്യുന്നതില്‍ സുമിത് ശർമയ്ക്ക് സംഭവിച്ച് പിഴവ്, ബ്ലണ്ടർ എന്ന് തന്നെ പറയാം. സുമിതിന്റെ ബാക്ക് പേസ്, ജിതിൻ വീണ്ടെടുക്കുന്നു, ബോക്സിനുള്ളിലേക്ക് എത്തി അജറൈക്ക് പാസ്, അജറൈയുടെ ക്ലോസ് റേഞ്ച് ഷോട്ട് അൻവർ ഷെയ്‌ഖ് സേവ് ചെയ്യുന്നു. എന്നാല്‍, ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് പ്രതിരോധ താരങ്ങള്‍ മാത്രമാണ് അവിടെയുള്ളത്.

റീബൗണ്ട് ചെയ്ത പന്ത് അജറൈ തന്നെ വീണ്ടെടുത്ത് മൊയാനോയ്ക്ക് നല്‍കുന്നു. ബോക്സിന്റെ ഇടതുവശത്തുനിന്ന് തൊടുത്ത ഷോട്ട് ഗോളായി മാറുകയും ചെയ്തു. ഇവിടെ സുമിതിന്റെ പിഴവില്‍ നിന്നാണ് ഗോളിലേക്ക് വഴി തുറക്കുന്നത്. പക്ഷേ, അതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിന് വെല്‍ ഓര്‍ഗനൈസ്‌ഡാകാൻ സാധിച്ചില്ല എന്നതാണ് പന്ത് വലയിലെത്താൻ കാരണമായത്. പൊസിഷനിങ്ങിന്റെ കാര്യത്തില്‍ ആദ്യപകുതിയിലുടനീളം കണ്ട കണ്‍ഫ്യൂഷൻ ആ‍വര്‍ത്തിച്ച കാഴ്ച.

രണ്ടാം പകുതിയില്‍ കോറു സിങ്ങിനെ കളത്തിലേക്ക് അയച്ചതിന്റെ മാറ്റങ്ങള്‍ പ്രകടമായിരുന്നു, ലൂണയുടെ ഫ്ലിക്കും യാൻസാനെയുടെ ഫിനിഷും ബ്ലാസ്റ്റേഴ്സിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള വാതില്‍ തുറന്നുകൊടുത്തതുമാണ്. പക്ഷേ, അതേ കോറു സിങ്ങിന്റെ ക്ലിയറൻസ് പിഴവില്‍ നിന്നാണ് അജറൈ നോ‍ര്‍ത്ത് ഈസ്റ്റിന്റെ മൂന്നാം ഗോള്‍ നേടുന്നതും. അമൻ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന്റെ ആക്കം കൂട്ടുകയും ചെയ്തതോടെ വെസ്റ്റ്‌വുഡിന് പ്രതിരോധത്തില്‍ പിടിപ്പതുപണിയുണ്ടെന്ന സൂചനയായിരുന്നു നല്‍കിയതൊക്കെയും.

ഡയറക്റ്റ് പാസുകളില്‍ വള്‍നറബിളാകുന്ന ഡിഫൻസീവ് ലൈൻ. വലതുവിങ്ങിലൂടെയുള്ള ജിതിന്റെ നീക്കങ്ങളൊക്കെയും ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫൻസീവ് സ്ട്രക്‌ചറിനെ പൂര്‍ണമായും തെറ്റിക്കുന്നതായിരുന്നു. ഡോലിങ്ങിനും റണവാഡയ്ക്കും ജിതിനെ ബോക്സിനുള്ളിലേക്ക് കുതിക്കുന്നതില്‍ നിന്ന് തടയാനായില്ല. അഞ്ച് പ്രതിരോധ താരങ്ങള്‍ നിരത്തിയുള്ള ഡിഫൻസീവ് ലൈനിനെ ഭേദിച്ചാണ് നോ‍ര്‍ത്ത് ഈസ്റ്റ് ഇത്രത്തോളം ത്രെട്ടണിങ്ങായി തുടര്‍ന്നതെന്ന് ഓര്‍ക്കണം.

അറ്റാക്കിങ് ഓപ്പര്‍ച്ച്യൂനിറ്റി ലഭിച്ചതിന് ശേഷം റീസ്ട്രക്‌ച‍ര്‍ ചെയ്യാനെടുക്കുന്ന സമയവും ആശങ്കകളിലൊന്നാണ്. പ്രസ് ചെയ്യാതെ സ്പേസ് നല്‍കിയുള്ള സമീപനം മറ്റൊന്ന്. ലൂണ, ഗ്രീൻ, യാൻസാനെ - മൂന്ന് അറ്റാക്കിങ് താരങ്ങള്‍, മൂവരും വിദേശികളും. ഗ്രീനിന്റെ പിന്നിലോട്ട് പാസ് നല്‍കിയുള്ള ശൈലി രണ്ടാം മത്സരത്തിലും തുടരുകയാണ്. ഇത് എത്രകണ്ട് ബ്ലാസ്റ്റേഴ്‌‍സിന്റെ അറ്റാക്കിങ്ങിനെ സഹായിക്കുന്നതാണെന്ന ചോദ്യവുമുണ്ട്. ഗ്രീനിനെ പുറത്തിരുത്തി കോറു സിങ് വലതുവിങ്ങില്‍ വരേണ്ടതുണ്ട്.

യാൻസാനെ, ലൂണ, അൻവ‍‍ര്‍ ഷെയ്ഖ്, ഹോ‍ര്‍മിപാം എന്നിവരൊക്കെ പോസിറ്റീവാണ്. പക്ഷേ, പ്രതിരോധത്തിലെ വീഴ്ചകള്‍ തിരുത്താതെയും മധ്യനിര കൂടുതല്‍ പ്രൊഡക്റ്റീവാകാതയും മുന്നോട്ട് പോക്ക് പ്രയാസകരമാകും. വെസ്റ്റ്‍വുഡില്‍ പ്രതീക്ഷയുണ്ട്, വെല്‍ ഓര്‍ഗനൈസ്‌ഡായുള്ള അയാളുടെ രീതികള്‍ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കട്ടെ, കലൂ‍ര്‍ കാത്തിരിക്കുന്നു.