സാബി അലോൻസോയും ആല്‍വാരൊ ആർബലോവയും ബാക്കിവെച്ചിടത്ത് തന്നെയല്ലെ റയല്‍ ഇപ്പോഴും, റൊമയിലെ അസാധരണ രാത്രിയും അതല്ലെ ആവര്‍ത്തിച്ചത്?

റോമ സാമ്രാജ്യം കീഴടക്കി തല ഉയര്‍ത്തി മടങ്ങാൻ ഹോസെ മൗറിഞ്ഞ്യോയ്ക്ക് സാധിച്ചിട്ടുണ്ടാകാം, പക്ഷേ സ്വന്തം പടയിലെ ദൗര്‍ബല്യങ്ങളൊക്കെയും അപ്പോഴും ബാക്കിയല്ലെ? അത്ഭുതങ്ങളുടെ സംഘത്തിന് അതൊക്കെയും നഷ്ടമായിട്ട് രണ്ട് സീസണുകളാകുന്നു, എല്ലാം തിരിച്ചുകൊണ്ടുവരാൻ മൗറിഞ്ഞ്യോ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നില്‍ ഒരു കാരണമെയുള്ളു.

റയല്‍ മാഡ്രിഡ് ഈ ഓള്‍ എബൗട്ട് പ്ലയര്‍ സ്റ്റാര്‍ഡം, പ്രഷര്‍ ആൻഡ് ടൈറ്റില്‍സ്. എല്ലാം അയാള്‍ കണ്ടിട്ടുള്ളതാണ്, തിരുത്തി തുടങ്ങാൻ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അയാള്‍ക്ക് മാത്രം. പക്ഷേ, സാബി അലോൻസോയും ആല്‍വാരൊ ആർബലോവയും ബാക്കിവെച്ചിടത്ത് തന്നെയല്ലെ റയല്‍ ഇപ്പോഴും, റൊമയിലെ അസാധരണ രാത്രിയിലും അതല്ലെ ആവര്‍ത്തിച്ചത്?

ഒളിമ്പിക് സ്റ്റേഡിയത്തിലും റയലിന്റെ മധ്യനിരയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. ടോണി ക്രൂസിന്റെ പടിയിറക്കിത്തിന് ശേഷം സമാനമായ കണ്‍ട്രോളൊ കണ്‍വിക്ഷനൊ മിഡ് ഫീല്‍ഡില്‍ സൃഷ്ടിക്കുന്നതില്‍ ലോക ഫുട്ബോളിലെ വലിയ പേരുകള്‍ പരാജയപ്പെടുന്നു. പക്ഷേ, ചില ബോള്‍ഡായ തീരുമാനങ്ങളെടുത്താല്‍ അതിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും. പ്രധാനമായും വാല്‍വര്‍ദെ - ചുവാമേനി സഖ്യം എഫക്റ്റീവ് അല്ല എന്നതുതന്നെയാണ്.

ചുവാമേനിയെ പിൻവലിച്ച് മൗറിഞ്ഞ്യോ ബെര്‍ണാദൊ സില്‍വയെ കളത്തിലെത്തിക്കുമ്പോള്‍ 3-1 എന്ന സ്കോറില്‍ റയല്‍ പിന്നിലായിരുന്നു. ഡംഫ്രീസിനെ പിൻവലിച്ച് ആര്‍ദ ഗുളറിനെ കൊണ്ടുവരുന്നു. വാല്‍വര്‍ദെ റൈറ്റ് ബാക്കായി സ്വിച്ച് ചെയ്യുന്നു. ഇവിടെയാണ് മാഡ്രിഡിന്റെ എഞ്ചിൻ കുറച്ചുകൂടി സ്മൂത്താകുന്നത്. പക്ഷേ, വാല്‍വര്‍ദെയേയോ ചുവാമേനിയേയോ പുറത്തിരുത്തി ഒരു ഇലവനെ കളത്തിലേക്ക് എത്തിക്കാൻ മൗറിഞ്ഞ്യോ തയാറാകുമോ. വാല്‍വര്‍ദെ ടീമിന്റെ നായകനാണ്, ചുവാമെനി റയലിന്റെ മുഖങ്ങളിലൊന്നും.

ഈ ചെറിയ ടാക്റ്റിക്കല്‍ ചേഞ്ചുകൊണ്ട് തീരുന്നതല്ല റയലിന്റെ മധ്യനിരയിലെ പ്രശ്നങ്ങള്‍. ടോണി ക്രൂസ് - ലൂക്ക മോഡ്രിച്ച് ഡുവോയുടെ പകരക്കാരെ കണ്ടെത്താൻ ഇതുവരെ പെരേസിനായിട്ടില്ല. കഴിഞ്ഞ ട്രാൻസ്‌ഫര്‍ വിൻഡോയില്‍ എത്തിച്ചത് ബെര്‍ണാദോയെ മാത്രമാണ്, റോഡ്രിയെ ലക്ഷ്യമിട്ടെങ്കിലും ബാഴ്‌സലോണയാണ് തനിക്ക് യോജിച്ചതെന്ന് താരം തീരുമാനമെടുക്കുകയായിരുന്നു. ഒരുപക്ഷേ റോ‍ഡ്രി വന്നിരുന്നെങ്കില്‍ റയലിന്റെ ടാക്റ്റിക്കല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നു.

മധ്യനിര നില്‍ക്കട്ടെ, ഇനി ഫ്രണ്ട് ലൈനിലേക്ക്. ഗൂളറിന്റെയും ബെര്‍ണാദോയുടേയും വരവ് മാത്രമല്ല റോമയ്ക്ക് എതിരായ വിജയത്തിന്റെ ആധാരം. 59-ാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറിനെ പിൻവലിച്ച് എൻഡ്രിക്കിനെ എത്തിച്ചതായിരുന്നു. റയലില്‍ തന്നെ ഏറ്റവും മോശം ഫോമില്‍ തുടരുന്ന താരമാണ് വിനി, സീസണില്‍ ആകെ നേടിയത് ഒരു ഗോളാണ്. എന്നാല്‍ എൻഡ്രിക്ക് വന്നതോടെ അറ്റാക്കിങ്ങിന്റെ ഡൈനാമിക്സ് തന്നെ മാറി. പ്രത്യേകിച്ചും എൻഡ്രിക് നടത്തുന്ന റണ്ണുകള്‍. ഒപ്പം കാര്‍ലോസ് എസ്പിയും.

82-ാം മിനുറ്റിലെ എൻഡ്രിക്കിന്റെ ഹെഡറില്‍ ഗോലിനിയുടെ സേവ്, റിബൗണ്ട് ചെയ്ത പന്ത് കൃത്യമായി എസ്പി വലയിലെത്തിക്കുകയായിരുന്നു, രണ്ട് മിനുറ്റിന് ശേഷം എൻഡ്രിക്ക് റയലിന്റെ സമനില ഗോള്‍ നേടുന്നു, അതും ഹെഡറിലൂടെ. ഗൂളറിന്റെ അസിസ്റ്റില്‍ വൈകാതെ റൂഡിഗര്‍ ആ വിജയം പൂര്‍ത്തിയാക്കുന്നു. ബെര്‍ണാദൊ - ഗൂളര്‍ - എൻഡ്രിക്ക് - എസ്പി - യഥാര്‍ത്ഥത്തില്‍ ബെഞ്ച് സ്ട്രെങ്തായിരുന്നു റയലിന്റെ വിജയത്തിന്റെ ആധാരം. പ്രത്യേകിച്ചും എൻഡ്രിക്കും ഗൂളറും. റൂഡിഗറിനെ മാറ്റി നിര്‍ത്തിയാല്‍ റയലിന്റെ തിരിച്ചുവരവിലെ ബൂട്ടുകളെല്ലാം സബ്‌സ്റ്റിറ്റ്യൂട്ടുകളുടേതായിരുന്നു.

ഇത് ടാക്റ്റിക്കലിയാണ്, ഇനി മറ്റൊന്നുണ്ട്. കിലിയൻ എംബാപെ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയര്‍. എംബാപയുടെ വരവിന് ശേഷം മൂന്ന് പേരുടേയും ടോപ് ലെവല്‍ പെര്‍ഫോൻസ് ഒരു മത്സരത്തില്‍ വന്നിട്ടുള്ളത് ചുരുക്കം മാത്രമാണ്. താരങ്ങള്‍ തമ്മില്‍ കളത്തിന് പുറത്ത് പ്രശ്നങ്ങളില്ലെന്ന് പറയുമ്പോഴും മൈതാനത്ത് അങ്ങനെയല്ല. ഇടതുവിങ്ങിലെ വിനിയുടേയും എംബാപയുടേയും ഒരേ പോലയുള്ള സാന്നിധ്യം, ഇരുവരും ഡിഫൻസീവ് റെസ്‌പോണ്‍സിബിലിറ്റികള്‍ ഏറ്റെടുക്കാത്തതൊക്കെയും മാറാതെ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ്.

മൗറിഞ്ഞ്യോ വന്നതോടുകൂടി ബെല്ലിങ്ഹാമിന് അല്‍പ്പം കൂടി സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട് എന്നത് മാത്രമാണ് വ്യത്യാസം. ലാ ലിഗയില്‍ നാലാം സ്ഥാനത്താണ് റയല്‍, ബാഴ്സയേക്കാള്‍ ആറ് പോയിന്റുകള്‍ക്ക് പിറകില്‍. ചാമ്പ്യൻസ് ലീഗിലെ രണ്ട് ജയങ്ങളും കണ്‍വിൻസിങ്ങായിരുന്നില്ല, പ്രത്യേകിച്ചും ഇന്ററിനെതിരായത്. റയലിനെ തിരിച്ചുകൊണ്ടുവരിക എന്നത് മൗറിഞ്ഞ്യോയ്ക്കും എളുപ്പമേറിയ ഒന്നല്ല. അത് കളത്തിലും ഡ്രസിങ് റൂമിലും.