ഗില്ലിന്റെ പക്കല്‍ ഇന്ത്യയെ ജയിപ്പിക്കാൻ മതിയായ തന്ത്രങ്ങളില്ലെ? ഗില്ലെന്ന നായകന്റെ നിലവാരം ഒറ്റ മത്സരംകൊണ്ട് അളക്കേണ്ടതാണോ?

ശുഭ്‌മാൻ ഗില്ലെന്ന നായകൻ പോര. വിരാട് കോലി സഹതാരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഊര്‍ജമില്ല. രോഹിത് ശര്‍മയുടെതുപോലെ ടാക്റ്റിക്കല്‍ അല്ല!

തലമുറമാറ്റത്തിന് ശേഷം ഇംഗ്ലീഷ് മണ്ണിലെ ആദ്യ ചുവടുപിഴച്ചതിന് പിന്നാലെ ഉയർന്ന പ്രധാനപ്പെട്ട ചില വിമർശനങ്ങളാണ് മേല്‍പ്പറഞ്ഞത്. രണ്ട് ഇന്നിങ്സിലുമായി 835 റണ്‍സ് നേടിയിട്ടും ഇന്ത്യ പരാജയപ്പെട്ടു. ഇതില്‍ കൂടുതല്‍ റണ്‍സെടുത്ത ടീമുകളും തോല്‍വിയുടെ വശത്ത് നിന്നിട്ടുണ്ട്, മൂന്ന് തവണ. അതില്‍ രണ്ടിലും ജയത്തിന്റെ പക്ഷത്ത് ഇംഗ്ലണ്ട് തന്നെയായിരുന്നു. ഗില്ലിന്റെ പക്കല്‍ ഇന്ത്യയെ ജയിപ്പിക്കാൻ മതിയായ തന്ത്രങ്ങളില്ലെ? ഗില്ലെന്ന നായകന്റെ നിലവാരം ഒറ്റ മത്സരംകൊണ്ട് അളക്കേണ്ടതാണോ? ഉത്തരങ്ങള്‍ തേടാം.

ഗില്ലെന്ന നായകനെ ഏറ്റവുമധികം താരതമ്യം ചെയ്യുന്നത് 2021ല്‍ ഇംഗ്ലണ്ടില്‍ ചരിത്രമെഴുതിയ കോലിയുമായി തന്നെയാണ്. ലീഡ്‌സ്‌ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയുടെ തട്ട് പരിശോധിക്കുമ്പോള്‍ ഏറ്റവും മുകളിലായി കാണെപ്പെടുന്നത് ബൗളിങ് നിരയുടെ വീഴ്ചകള്‍ തന്നെയാണ്, അതില്‍ തര്‍ക്കമില്ല.

2021ല്‍ ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോള്‍ പേസ് നിരയിലുണ്ടായിരുന്ന പേരുകള്‍ ഇവയായിരുന്നു. മുഹമ്മദ് ഷമി, ഇഷാന്ത് ശ‍ര്‍മ, ഉമേഷ് യാദവ്, ജസ്പ്രിത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍, ആവേശ് ഖാൻ.

2020 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 95 ഇന്നിങ്സുകളില്‍ ഷമി പന്തെറിഞ്ഞിരുന്നു, 180 വിക്കറ്റുകളും നേടി. ഇഷാന്തിന്റെ പരിചയസമ്പത്തിന്റെ കോളം 180 ഇന്നിങ്സുകളിലധികം, 300നടുത്ത് വിക്കറ്റുകളും. ഉമേഷ് 48 ടെസ്റ്റുകളും ബുംറ 14 ടെസ്റ്റുകളുമപ്പോള്‍ പിന്നിട്ടിരുന്നു. സിറാജും ശാര്‍ദൂലും ടെസ്റ്റ് കരിയറിലേക്ക് ചുവടുകള്‍ വെക്കുന്ന കാലമാണ്, ആവേശിന് ആ പരമ്പരയിലും ശേഷവും വെള്ളക്കുപ്പായമണിയാൻ സാധിച്ചിട്ടില്ല.

അന്ന് പരമ്പരയില്‍ പന്തെറിഞ്ഞ ഇന്ത്യൻ പേസര്‍മാര്‍ നേടിയ വിക്കറ്റുകളുടെ എണ്ണം 73 ആയിരുന്നു. അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് ഓള്‍ ഔട്ടാകാതിരുന്ന ഓരേ ഒരു ഇന്നിങ്സ്. കളത്തിലെത്തിയ എല്ലാവരും വിക്കറ്റ് വീഴ്ത്തി, പേസ് ബൗളിങ്ങില്‍ ഇന്ത്യയെ ലോകോത്തരമായി കണക്കാക്കപ്പെട്ട സീരീസ്.

ഇനി ഗില്ലിന് കീഴിലുള്ള സംഘത്തെ നോക്കാം. ബുംറയും സിറാജുമാണ് പേസ് നിരയെ നയിക്കുന്നത്, ഇരുവരുടേയും അനുഭവ സമ്പത്ത് അളക്കേണ്ടതില്ല. പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍, അര്‍ഷദീപ് സിങ്, ആകാശ് ദീപ്, ഹര്‍ഷിത് റാണ. നാല്‍വര്‍ സംഘം ആകെ കളിച്ചിട്ടുള്ള 25 ടെസ്റ്റുകള്‍ മാത്രമാണ്. 12 ടെസ്റ്റിലിറങ്ങിയ ശാര്‍ദൂലാണ് കൂട്ടത്തിലെ സീനിയര്‍. അന്താരാഷ്ട്ര കരിയര്‍ മാറ്റി നിര്‍ത്താം, ഇവരുടെ റെഡ് ബോള്‍ കരിയര്‍ എടുക്കാം.

അ‍ര്‍ഷദീപ് 21, ഹര്‍ഷിത് 13, പ്രസിദ്ധ് 25, ശാര്‍ദൂല്‍ 95 എന്നിങ്ങനെയാണ് ഫസ്റ്റ് ക്ലാസ് കരിയറിന്റെ എണ്ണം. നാലുപേരുടേയും കരിയര്‍ പരിശോധിച്ചാല്‍ ട്വന്റി 20 മത്സരങ്ങളുടെ എണ്ണം മറ്റ് ഏത് ഫോര്‍മാറ്റിനേക്കാള്‍ മുകളിലാണ്. അതായത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യൻ പേസര്‍മാര്‍ പ്രത്യക്ഷപ്പെടുന്നത് ചരുക്കമെന്ന് സാരം. ഇത്തരമൊരു ബൗളിങ് നിരയുടെ സഹായത്താല്‍ ഗില്‍ എന്ന നായകന് പരിമിധികളുണ്ടെന്നത് ഉറപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്.

ബെൻ ഡക്കറ്റും സാക്ക് ക്രോളിയും രണ്ടാം ഇന്നിങ്സില്‍ കൃത്യതയോടെ പന്തെറിഞ്ഞ ബുംറയേയും സിറാജിനേയും കരുതലോടെ നേരിടുകയും പ്രസിദ്ധിനേയും ശാര്‍ദൂലിനേയും അറ്റാക്ക് ചെയ്യുകയുമായിരുന്നു. പ്രസിദ്ധിനും ശാര്‍ദൂലിനും കൃത്യമായ ലൈനിലും ലെങ്തിലും സ്ഥിരതയോടെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പന്തെറിയാനും കഴിഞ്ഞിരുന്നില്ല. ശാര്‍ദൂല്‍ വിക്കറ്റെടുക്കുകപോലുമായിരുന്നില്ല, പകരം ലഭിക്കുകയായിരുന്നു.

ഗില്‍ ഡിഫൻസീവ് സമീപനമുള്ള നായകനായിരുന്നു, ഫില്‍ഡ് അറ്റാക്കിങ് ആയിരുന്നില്ല എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ബുംറയെ ഉപയോഗിക്കുന്നതില്‍ പരിധിയുണ്ട്, ബുംറ-സിറാജ് സഖ്യം മാത്രമാണ് പ്രതീക്ഷയുള്ളത്, സിറാജിന് വിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല എന്നത് ഏറെ നാളായി ആശങ്കപ്പെടുത്തുന്ന ഒന്ന്. അവശേഷിക്കുന്നത് പ്രസിദ്ധും ശാര്‍ദൂലും. ഇരുവര്‍ക്കെതിരെയും അനായാസം ഇംഗ്ലണ്ട് റണ്‍സ് നേടുകയാണ്, പ്രസിദ്ധിന്റെ എക്കണോമി ആറിനും ശാര്‍ദൂലിന്റെ ആറിനടത്തുമാണ് മത്സരത്തില്‍.

സ്ഥിരതയില്ലാതെ പന്തെറിയുന്ന ഇരുവര്‍ക്കും അറ്റാക്കിങ് ഫീല്‍ഡ് ഒരുക്കുക എന്നത് ഹൈ റിസ്ക്കായുള്ള ഒന്നാണ്. റണ്‍സൊഴുകുന്നതിന്റെ വേഗത വര്‍ധിക്കുകയും ചെയ്യും. ഡിഫൻസീവായിരുന്നിട്ടുകൂടെ ബൗണ്ടറികള്‍ നേടാൻ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് കഴിയുന്നുണ്ടായിരുന്നു.

ലീഡ്‌സിലെ വിക്കറ്റിലെ മാറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രവീന്ദ്ര ജഡേജയെ ഉപയോഗിക്കാനുള്ള ഗില്ലിന്റെ തീരുമാനം വരുന്നത്. എന്നാല്‍, തന്റെ പരിചയസമ്പത്ത് പ്രയോഗിക്കുന്നതില്‍ ജഡേജയും പരാജയപ്പെടുകയായിരുന്നു. ജഡേജയെ സ്വീപ്പ് ഷോട്ട് തന്ത്രത്തിലൂടെ ഇംഗ്ലണ്ട് മറികടന്നു. തുടര്‍ച്ചയായി ഇംഗ്ലീഷ് ബാറ്റര്‍മാര്‍ സ്വീപ്പ് ചെയ്യുമ്പോഴും അതിനനുസരിച്ച് ഫീല്‍ഡ് ഒരുക്കാൻ ഗില്ലിനും ജഡേജയ്ക്കും കഴിഞ്ഞില്ല എന്നതാണ് എടുത്തുപറയാനാകുന്ന ഒരു വീഴ്ച.

ബാറ്റിങ്ങില്‍ ഗില്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുകയും സമ്മര്‍ദത്തില്‍ വഴുതിവീഴാതെ സ്കോര്‍ ചെയ്യാനും സാധിച്ചു. ബൗളര്‍മാരുടെ പോരായ്മയെ മറികടക്കുക വരും മത്സരങ്ങളിലും ഗില്ലിന് പ്രയാസമുള്ള ഒന്നായിരിക്കുമെന്നത് പ്രവചിക്കാനാകുന്ന ഒന്നാണ്. ഇന്ത്യ മാറ്റങ്ങള്‍ക്കൊണ്ടുവരേണ്ടത് ബൗളിങ് നിരയിലാണെന്നതും പറഞ്ഞുവെക്കുന്നു.