സല്‍മാൻ നിസാര്‍ കാര്യവട്ടത്ത് നിറഞ്ഞാടുമ്പോള്‍ കാണിയുടെ റോള്‍ മാത്രമായിരുന്നു എതിര്‍ ഫീല്‍ഡർമാർക്കുണ്ടായിരുന്നത്

അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ വൈഡ് ഫുള്‍ ലെങ്ത് പന്ത് ഡീപ് ബാക്ക്‌വേഡ് പോയിന്റിലൂടെ ഗ്യാലറിയിലേക്ക് പായിച്ച് തന്റെ ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ സല്‍മാൻ നിസാറിന്റെ മനസില്‍ എന്തായിരിക്കാം കടന്നുവന്നിട്ടുണ്ടാകുക. പലപ്പോഴായി കരുതി വെച്ചതും പരിശീലിച്ചതുമായ, അസാധ്യമെന്ന് തോന്നിച്ച നിമിഷം സാധിച്ചായിരുന്നു അയാളുടെ മടക്കം. ലോക ക്രിക്കറ്റിന് സുപരിചതമല്ലാത്ത, ആവര്‍ത്തന ചരിത്രമില്ലാത്ത, എന്തിന് കെട്ടുകഥകയെന്ന് പോലും തോന്നിച്ചേക്കാവുന്ന ഒരു ഇന്നിങ്സ്.

അവസാനം നേരിട്ട 12 ലീഗല്‍ ഡെലിവറികളില്‍ 11 സിക്സറുകള്‍. 20-ാം ഓവറില്‍ 40 റണ്‍സ്. 19-ാം ഓവറില്‍ 31 റണ്‍സ്. ആകെ നേരിട്ട 26 പന്തില്‍ 86 റണ്‍സ്. 12 സിക്സറുകള്‍. അബ്‌സലൂട്ട് കാ‍ര്‍ണേജ്. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ബൗണ്ടറി റോപ്പുകളുടെ നീളമോ എതിര്‍ നിരയിലെ ബൗളര്‍മാരുടെ വേഗപ്പന്തുകളോ സല്‍മാന്റെ ബാറ്റിനെ തടയിടാൻ പോന്നതായിരുന്നില്ല. ആ നിമിഷങ്ങള്‍ക്കിടയില്‍ ഡര്‍ബനിലെ യുവരാജ് സിങ്ങിന്റെ ഓര്‍മകള്‍ നിങ്ങളെ തേടിയെത്തിയിട്ടുണ്ടാകാം.

ട്രിവാൻഡ്രം റോയല്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനായി സല്‍മാൻ ക്രീസിലെത്തുമ്പോള്‍ 13 ഓവര്‍ പിന്നിട്ടിരുന്നു. സ്കോര്‍ബോര്‍ഡിലെ അക്കങ്ങള്‍ ട്വന്റി 20യുടെ വേഗതയെ ഓര്‍മിപ്പിക്കുന്നതായിരുന്നില്ല. 13.1 ഓവറില്‍ 76 റണ്‍സിന് നാല് വിക്കറ്റുകള്‍. എന്നിട്ടും മെല്ലയായിരുന്നു സല്‍മാന്റെ തുടക്കം, ആദ്യം നേരിട്ട 13 പന്തുകളില്‍ നേടിയത് 17 റണ്‍സ് മാത്രം. ആസിഫ് സലാം 18-ാം ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ കാലിക്കറ്റ് റണ്‍റേറ്റ് ഏഴ് തൊട്ടിട്ടില്ല.

ശരാശരിക്കും താഴെ മാത്രമായി നീങ്ങുന്ന ചില സിനിമകളുണ്ട്. അവയെ ലിഫ്റ്റ് ചെയ്യാൻ സംവിധായകര്‍ കാത്തുവെക്കും ചില ക്ലൈമാക്സ് ട്വിസ്റ്റുകള്‍. അപ്പോള്‍ കൊട്ടകകള്‍ ഉണരും, കയ്യടികള്‍ ഉയരും. അത്തരമൊന്ന് ഗ്രീൻഫീല്‍ഡിലെ മൈതാനത്ത് മെനയുകയായിരുന്നു സല്‍മാൻ. 19-ാം ഓവര്‍ എറിയാൻ റോയല്‍സിന്റെ ലീഡ് പേസര്‍ ബേസില്‍ തമ്പി എത്തുകയാണ്. വൈഡ് യോര്‍ക്കറിനായിരുന്നു ശ്രമം, ബേസിലിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിടത്തായിരുന്നു സല്‍മാൻ സ്റ്റോമിന്റെ തുടക്കം. പന്ത് പതിച്ച് ഡീപ് ബാക്ക് വേഡ് പോയിന്റിന് മുകളിലൂടെ ബൗണ്ടറി കടന്നു.

രണ്ടാം പന്ത് ഡീപ് എക്സ്ട്ര കവറിലേക്ക്, സല്‍മാന്റെ പവര്‍ ഹിറ്റിങ് ആയിരുന്നില്ല മറിച്ച് ടൈമിങ്ങും അനായാസതയും ഒത്തിണങ്ങിയ ഷോട്ട്. അടുത്ത രണ്ട് പന്തുകള്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് കൃത്യമായി നിക്ഷേപിച്ചു. അഞ്ചാം പന്ത് ലോങ് ഓണിലേക്ക്. കമന്ററി ബോക്സും ഗ്യാലറിയിലിരുന്നവരും ഡഗൗട്ടുമെല്ലാം ആ അത്ഭുത നിമിഷത്തിനായാണ് കാത്തിരിക്കുന്നത്, തുടര്‍ച്ചയായ ആറാം സിക്സ്. എന്നാല്‍, സല്‍മാന്റെ കണക്കുകൂട്ടലുകള്‍ മറ്റൊന്നായിരുന്നു. സിംഗിള്‍ എടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി.

മൂന്ന് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് എത്തിയ ബേസിലിന്റെ കണക്കുകള്‍ നാല് ഓവറില്‍ 56 റണ്‍സ് ആയി ഉയര്‍ന്നു. കടപ്പാട് സല്‍മാൻ നിസാര്‍. When you are at your very best you are unstoppable എന്ന ഒരു പ്രയോഗമുണ്ട്. നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ച നിലയിലെത്തുമ്പോള്‍ നിങ്ങളെ ആര്‍ക്കും തടയാനാകില്ല. 20-ാം ഓവർ എറിയാനെത്തിയ അഭിജിത്തിന്റെ പന്തുകള്‍ ലോങ് ഓഫിലേക്ക് രണ്ട് തവണയും ഡീപ് ബാക്ക്‌വേഡ് പോയിന്റിലേക്ക് മൂന്ന് പ്രാവശ്യവും മിഡ് വിക്കറ്റിലേക്ക് ഒരുതവണയും മൂളി പറന്നു, ആറ് സിക്സറുകള്‍.

ആസ്വദിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു റോയല്‍സിന്റെ താരങ്ങള്‍ക്ക്. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ കാലിക്കറ്റിന്റെ സ്കോർബോര്‍ഡില്‍ 186 റണ്‍സ് ചേർക്കപ്പെട്ടു. 26 പന്തില്‍ 86 റണ്‍സുമായി സല്‍മാൻ, അവിശ്വസനീയം. ഒടുവില്‍ മാൻ ഓഫ് ദ മാച്ച് നേടി നടന്നു നീങ്ങുമ്പോള്‍ കാലിക്കറ്റ് ടീം ഒന്നടങ്കം സല്‍മാന് മുന്നില്‍ ബൊ ഡൗണ്‍ ചെയ്തു. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനൊപ്പം വൈകാതെ ചേരും സല്‍മാൻ, ടീം വിടും മുൻപ് കാത്തുവെച്ച ഇന്നിങ്സ് കാഴ്ചവെച്ചാണ് മടക്കം.