ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്‌സില്‍ നിന്നാണ് 100 ശതമാനം ഓഹരികളും യുഎഇ രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസല്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള അല്‍ ഫുർസാനിലേക്ക് എത്തുന്നത്
കിരീടമില്ലാത്ത 12 വർഷങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, ആരാധകരും മാനേജ്മെന്റും തമ്മിലുള്ള ശീതയുദ്ധങ്ങള്‍, നിറഞ്ഞ ഗ്യാലറികള്‍ ഒഴിഞ്ഞ സീസണുകള്‍...അങ്ങനെ മൈതാനത്തെ ദുഖങ്ങളുടെ നീണ്ട നിര പറയാനുണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്. ആ അധ്യായം അടയുകയാണ്, കൊമ്പന്റെ തുമ്പിക്കൈ പിടിക്കാൻ യുഎഇ ആസ്ഥാനമായുള്ള സ്പോർട്‌സ് ടെക് കണ്‍സോഷ്യമായ അല്‍ ഫുർസാൻ ഒരുങ്ങിക്കഴിഞ്ഞു. ക്ലബ്ബിന്റെ ഓപ്പറേഷണല്‍ പങ്കാളിയായ ഓഫിയോ സ്പോർട്ടിയും. ബ്ലാസ്റ്റേഴ്‌സിന്റെ പുതുകാലത്തിനാണോ തുടക്കമാകുന്നത്.
ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഈ കൈമാറ്റം. ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്‌സില്‍ നിന്നാണ് 100 ശതമാനം ഓഹരികളും യുഎഇ രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസല്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള അല്‍ ഫുർസാനിലേക്ക് എത്തുന്നത്. ഘട്ടം ഘട്ടമായായിരിക്കും കൈമാറ്റം പൂർത്തിയാക്കുക. പുതിയ ഉടമകള്‍ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ഗ്യാലറികളിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതെല്ലാം ഒരുവശത്ത് നില്‍ക്കട്ടെ, ആഗോള തലത്തില്‍ പ്രീതി നേടിയ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന്റെയും അവരുടെ ആരാധകരുടേയും ഏറ്റവും വലിയ ലക്ഷ്യം ഒരു കിരീടമാണ്. കഴിഞ്ഞ മാനേജ്മെന്റിനെ ഒരു സമ്പൂർണ പരാജയമാണെന്ന് വിലയിരുത്താൻ സാധിക്കില്ലെങ്കിലും കിരീടത്തിന്റെ അഭാവം ക്ലബ്ബിന്റെ സാമ്പത്തികമായുള്ള വളർച്ചയെ ബാധിച്ച ഘടകങ്ങളിലൊന്നാണ്. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് സീസണുകളിലെ ക്ലബ്ബിന്റെ ദയനീയമായ പ്രകടനങ്ങള്‍.
ഇവാൻ വുകുമനോവിച്ച് കാലത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് കളത്തില്‍ കാര്യമായ ഇംപാക്റ്റുണ്ടാക്കാൻ സാധിച്ചിട്ടുമില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഐക്കണുകളായ താരങ്ങള്‍ വരെ ക്ലബ്ബ് വിടേണ്ടതായി വന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ ക്ലബ്ബ് കടന്നുപോകുന്ന പശ്ചാത്തലത്തില്‍ കരാറുകള്‍ പുതുക്കാൻ കഴിയാതെയാണ് പല താരങ്ങള്‍ക്കും മറ്റ് ടീമുകളിലേക്ക് ചേക്കേറേണ്ടിപ്പോലും വന്നത്. നിലവില്‍ അഡ്രിയാൻ ലൂണ മാത്രമാണ് മടങ്ങിയെത്തിയിട്ടുള്ളത്. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായും തുടരുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചിട്ടുണ്ട്.
വെസ്റ്റ്‌വുഡും ലൂണയും മാത്രം മതിയോ കിരീടത്തിലേക്ക് എത്താൻ എന്നതാണ് ചോദ്യം. പുതിയ മാനേജ്മെന്റിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയാണ്. ഓരോ പൊസിഷനിലേക്ക് താരങ്ങളെ എത്തിക്കുക എന്നത്. നിലവില്‍ ലൂണ ഉള്‍പ്പെടെ 13 താരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ളത്. 2026-27 സീസണിലേക്കുള്ള സ്ക്വാഡ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
പക്ഷേ ഒരു മുഴുസീസണിനുള്ള സ്ക്വാഡിനെ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കുക എന്ന കടമ്പ അപ്പോഴും ബാക്കിയാണ്, പുതിയ സീസണിലേക്ക് താത്കാലികമായൊരു സ്ക്വാഡിനെ ഒരുക്കിയാലും ഭാവിയിലേക്ക് നോക്കുമ്പോള്‍ താരങ്ങളുടെ കരാറുകള്‍, വിദേശ താരങ്ങള്‍, ഇന്ത്യൻ താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, സ്കൗട്ടിങ് ടീം, ട്രെയിനിങ് ഫസിലിറ്റികള്‍...അങ്ങനെ നീളുന്നു ടിക്കിടേണ്ട കോളങ്ങള്‍. താരങ്ങളെ ഉയര്‍ന്ന തുക കൊടുത്തു കൊണ്ടുവന്ന് പ്രതീക്ഷ നല്‍കുന്ന ക്ലബ്ബുകളുടെ സ്റ്റാറ്റര്‍ജിയായിരിക്കുമോ പുതിയ മാനേജ്മെന്റും സ്വീകരിക്കുക അതോ കൃത്യമായ സ്കൗട്ടിങ്ങിലൂടെ റിക്രൂട്ട് ചെയ്ത് പ്ലെയര്‍ ഡെവലപ്പ്മെന്റിലൂടെയുള്ള പദ്ധതിയായിരിക്കുമോയെന്നതും ആകാംഷയോടെ നോക്കിക്കാണേണ്ടതാണ്.
ഐഎസ്എല്‍ മാത്രമല്ല പുതിയ മാനേജ്മെന്റിന്റെ ലക്ഷ്യമെന്നാണ് മനസിലാക്കേണ്ടത്. സ്വന്തമായി സ്റ്റേഡിയം, അക്കാദമികള്‍, കൊമേഷ്യല്‍ ഡെവലപ്മെന്റ് അങ്ങനെ ഒരു എക്കോ സിസ്റ്റം തന്നെ സൃഷ്ടിക്കാനാണ് ഒരുക്കം. ഇത് ക്ലബ്ബിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്. സ്വന്തമായൊരു സ്റ്റേഡിയമുണ്ടെങ്കില്‍ റവന്യൂവില്‍ കാര്യമായ വര്‍ധനയുണ്ടാകും. നിലവില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം. ഏകദേശം അരലക്ഷത്തിലധികം ആരാധകര്‍ ശരാശരിയായി എത്താറുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കായി.
ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് അവരുടെ ഈ ആരാധകര്‍ തന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആലോചനയിലുണ്ടെന്ന് ഓഫിയോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വലിയൊരു കൊമേഷ്യല്‍ ഗ്രോത്തിലേക്ക് നയിക്കാൻ ഇടയുണ്ട്. പ്രീമിയം മെമ്പര്‍ഷിപ്പ്, ഔദ്യോഗിക ജഴ്‌സി, ട്രെയിനിങ് കിറ്റുകള്‍, ബ്ലാസ്റ്റേഴ്‌സിന്റെ ലൈഫ് സ്റ്റൈല്‍ വെയറുകള്‍, ഫാൻ സോണുകള്‍, ഇവന്റുകള്‍...അങ്ങനെ നീളുന്നു സാധ്യതകളുടെ പട്ടിക.
പെട്ടൊന്നൊരു ഷിഫ്റ്റ് പ്രതീക്ഷിക്കേണ്ടതില്ല, വളരെ സ്റ്റഡിയായുള്ള ഗ്രോത്തിനായി ഗ്രാസ്റൂട്ട് ലെവലില്‍ നിന്നാണ് ആരംഭിക്കേണ്ടത്. ഒന്നുമില്ലായ്മയില്‍ കൂടെനിന്ന ആരാധകര്‍ ട്രാൻസിഷൻ ഫേസിലും കൈവിടില്ല എന്ന ആത്മവിശ്വാസം പുതിയ ഉടമകള്‍ക്കുണ്ടാകും. എത്രത്തോളം നിക്ഷേപിക്കാൻ അല്‍ ഫുര്‍സാൻ തയാറാകുമെന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം.
ഉടമസ്ഥാവകാശത്തിന്റെ മാറ്റത്തിന് ശേഷം വളര്‍ന്ന ക്ലബ്ബുകളുടെ എണ്ണം ചെറുതല്ല. ഐഎസ്എല്ലില്‍ തന്നെ മുംബൈ സിറ്റി ഉദാഹരണമാണ്, ആഗോള തലത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനുമുണ്ട്. അതുപോലൊരു വളര്‍ച്ചയ്ക്ക് കൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചുവടുവെപ്പെന്നുവേണം മനസിലാക്കാൻ. അങ്ങനെയെങ്കില്‍ ഒരു ഗെയിം ചെയ്ഞ്ചറാകും ഈ ഔണര്‍ഷിപ്പ് ഷിഫ്റ്റ്.


