ഇടുക്കി ജില്ലയിലെ കാൽവരിമൗണ്ട് സിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവപ്രിയ ഷൈബു സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തിരുത്തി അത്‍ലറ്റിക്സിൽ പുതുചരിത്രമെഴുതി.
ചെറിയ ചാറ്റൽ മഴയുളള ഒരു വൈകുന്നേരമായിരുന്നു അത്. തലസ്ഥാന നഗരിയിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മഴക്കിടയിലെ മിന്നലുപോലെ ഒരു പെൺകുട്ടി. അവളുടെ കുതിപ്പിൽ മൂന്നരപതിറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോർഡ‍് മഴയിലെന്നപോലെ മാഞ്ഞുപോയി. ഇടുക്കി ജില്ലയിലെ കാൽവരിമൗണ്ട് സിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവപ്രിയ ഷൈബു സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തിരുത്തി അത്‍ലറ്റിക്സിൽ പുതുചരിത്രമെഴുതി. 1987ൽ ബിന്ദു മാത്യുവിന്റെ റെക്കോർഡാണ് ദേവപ്രിയ തിരുത്തിയത്. കണ്ണീരിലും കനവിലും പൊതിഞ്ഞൊരു മോഹമാണ് ദേവപ്രിയയെ ആ റെക്കോർഡിലേക്ക് എത്തിച്ചത്.
കാൽവരിമൗണ്ട് സിഎച്ച്എസിലെ 9ാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവപ്രിയ. അഞ്ചാം ക്ലാസ് മുതൽ സ്പോർട്സിൽ പങ്കെടുത്ത് തുടങ്ങി. ഇതേ സ്കൂളിലെ കായികാധ്യാപകനായ ടിബിനാണ് അന്ന് മുതൽ ദേവപ്രിയയുടെ പരിശീലകൻ. അത്രയേറെ പ്രിയമുള്ള വിദ്യാർത്ഥിയായത് കൊണ്ടാണ് ദേവപ്രിയയെ ചേർത്തുപിടിച്ച്, ‘ഈ റെക്കോർഡുകളൊന്നും കൊണ്ടുവെയ്ക്കാൻ അവൾക്കൊരു വീടില്ലെ’ന്ന് ടിബിൻ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് വിതുമ്പിയത്. വിജയം ആർക്കാണ് സമർപ്പിക്കുന്നതെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘എന്റെ സാറിന്’ എന്ന് ദേവപ്രിയ ഒറ്റവാക്കിൽ മറുപടി പറഞ്ഞത്. വളരെ മികച്ച പരിശീലനമാണ് സാർ തന്നതെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇത്രയും മികച്ച നേട്ടത്തിലേക്ക് എത്താനായതെന്നും ദേവപ്രിയ പറയുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഓട്ടമത്സരത്തിൽ പങ്കെടുത്തത്. അന്ന് ഫസ്റ്റ് കിട്ടി. ഓട്ടത്തിനോട് ഇഷ്‌ടം തോന്നിയതിങ്ങനെയെന്ന് ദേവപ്രിയ. നാല് വർഷമായി ടിബിൻ സാർ തന്നെയാണ് കോച്ച്. സ്പോർട്സിൽ തന്നെ കൂടുതൽ നേട്ടങ്ങളിലേക്കെത്താണ് താത്പര്യമെന്നും ദേവപ്രിയ പറയുന്നു. ചേച്ചി ദേവനന്ദ ഹൈജംപ് താരമാണ്. അച്ഛൻ ഷൈബുവിന് കൂലിപ്പണിയാണ്. അമ്മ ബിസ്മി ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയാണ്. അച്ഛനും അമ്മയും ചേച്ചിയും അനിയനും വല്യച്ഛനുമുണ്ട് ദേവപ്രിയയുടെ വീട്ടിൽ.
അഞ്ചാം ക്ലാസിൽ പരിശീലിപ്പിക്കാൻ ആരംഭിച്ചത് മുതൽ ദേവപ്രിയയെക്കുറിച്ച് ഒറ്റക്കാര്യമേ പറയാനുള്ളൂ എന്ന് കോച്ച് ടിബിൻ പറയുന്നു. ‘അന്തർദേശീയ നിലവാരത്തിലേക്ക് എത്തിച്ചേരാൻ കഴിവുള്ള അത്‍ലറ്റ്’ എന്നാണ് ടിബിന് ദേവപ്രിയയെക്കുറിച്ച് പറയാനുള്ളത്. ‘’പരിശീലനം ആരംഭിച്ച സമയം മുതൽ അവളോട് പലപ്പോഴായി പറയുന്ന കാര്യം കൂടിയാണിത്. നല്ല ഭാവിയുള്ള കുട്ടിയാണ്. നല്ല പരിശീലനം അത്യാവശ്യമാണ്. സ്കൂളിൽ ഗ്രൗണ്ടുണ്ട് എന്നതൊഴിച്ചാൽ വലിയ പരിശീലനം നേടാനുള്ള സാഹചര്യങ്ങളൊന്നും തന്നെയില്ല. പതിനഞ്ച് കിലോമീറ്റർ ദൂരത്തുള്ള ജിമ്മിലാണ് പോകുന്നത്. സിന്തറ്റിക് ട്രാക്ക് സാഹചര്യവും പരിമിതമാണ്.'' ടിബിൻ പറഞ്ഞു.
സ്വന്തമായിട്ടൊരു വീട് എന്നതായിരുന്നു ദേവപ്രിയയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹത്തിലേക്ക് കൂടിയാണ് ഈ ഒൻപതാം ക്ലാസുകാരി ഓടിയെത്തിയിരിക്കുന്നത്. ദേവപ്രിയക്ക് വീട് വെച്ചുനൽകാമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. ‘’ഇടുക്കി ജില്ലയെ സംബന്ധിച്ച്, സ്പോർട്സ് രംഗത്ത് ഇത്രയധികം കായികതാരങ്ങളെ വാർത്തെടുക്കാൻ സാധിക്കുന്ന മറ്റൊരു ജില്ല കേരളത്തിൽ ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കായികാധ്യാപകരുള്ള സ്കൂളിൽ മാത്രമേ ഇത്തരം കുട്ടികളെ കണ്ടെത്താനും പരിശീലിപ്പിക്കാനും സാധിക്കൂ. കുട്ടികൾക്ക് കഴിവില്ലാത്തതിന്റെ പ്രശ്നമല്ല''. ടിബിൻ വിശദമാക്കി.
കഴിഞ്ഞ വർഷവും ദേവപ്രിയ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. ദേവപ്രിയയുടെ കഴിഞ്ഞ വർഷത്തെ റെക്കോർഡും പ്രകടനവും വിലയിരുത്തിയാണ് ഇത്തവണ റെക്കോർഡിനെ മറികടക്കണമെന്ന് ടിബിൻ ആവശ്യപ്പെട്ടത്. 12.69 എന്ന സമയം തന്നെയാണ് ടിബിൻ ദേവപ്രിയയോട് പറഞ്ഞത്. ആ കൃത്യസമയം തന്നെ അവൾ ഓടിയെത്തിയെന്ന് ടിബിൻ സന്തോഷത്തോടെ പറയുന്നു. ഇന്ത്യക്ക് വേണ്ടിയൊരു മെഡൽ നേടാൻ തക്ക കഴിവുള്ള കുട്ടിയെന്നാണ് ടിബിൻ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയെക്കുറിച്ച് ആവർത്തിക്കുന്നത്. ‘’38 വർഷത്തെ റെക്കോർഡ് മറികടക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. എത്രയോ പേർ ഈ സ്കൂൾ കായികമേളയിലൂടെ ഓടിപ്പോയതാണ്. അവർക്കൊന്നും സാധിക്കാത്ത കാര്യം ഇവൾക്ക് സാധിച്ചെങ്കിൽ അത് വളരെ വലിയൊരു കാര്യമാണ്''. ടിബിൻ പറഞ്ഞവസാനിപ്പിച്ചു.



