ശുഭ്‌മാൻ ഗില്ലെന്ന പേരിന് മുന്നിലേക്ക് ടെസ്റ്റ് ക്രിക്കറ്റിലെ നായക കസേര ബിസിസിഐ വലിച്ചിട്ടതിന് പിന്നില്‍ പ്രതീക്ഷ എന്നൊരു വാക്കിന്റെ ബലം കൂടിയുണ്ടായിരുന്നു
എട്ട് മണിക്കൂര്‍, 387 പന്തുകള്‍, 269 റണ്‍സ്!
ശുഭ്‌മാൻ ഗില്ലെന്ന പേരിന് മുന്നിലേക്ക് ടെസ്റ്റ് ക്രിക്കറ്റിലെ നായക കസേര ബിസിസിഐ വലിച്ചിട്ടതിന് പിന്നില്‍ പ്രതീക്ഷ എന്നൊരു വാക്കിന്റെ ബലം കൂടിയുണ്ടായിരുന്നു. ഗവാസ്ക്കറും തെൻഡുല്‍ക്കറും കോലിയും കാലങ്ങളായി പേറിയ ഭാരം ചുമക്കാനുള്ള കെല്‍പ്പ് ഗില്ലിനുമുണ്ടെന്ന വിശ്വാസം. ആദ്യ ദൗത്യത്തിന് ചുവടുവെക്കുമ്പോള്‍ ശരാശരിക്ക് മാത്രം താഴെ നില്‍ക്കുന്ന ടെസ്റ്റ് ബാറ്ററായിരുന്നു ഗില്‍. ഇംഗ്ലീഷ് മേഘങ്ങള്‍ക്ക് കീഴില്‍ ബിര്‍മിങ്ഹാമില്‍ രണ്ടാം നാള്‍ പൂര്‍ത്തികരിക്കുമ്പോള്‍ മൂന്ന് ഇതിഹാസങ്ങളുടേയും നാഴികക്കല്ലുകള്‍ താണ്ടി ഗില്ലിന് മുൻവിധികളെ തിരുത്തിയൊരു ഉയിര്‍പ്പ്.
രണ്ടാം ദിനം ആദ്യ സെഷനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിലെ മൈതാനങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും കണ്‍ട്രോള്‍ഡായ ഇന്നിങ്ങ്‌സിന്റെ തലപ്പോക്കം ഗില്ലിന്റെ ബാറ്റിനുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയ്ക്കായിരുന്നു പിന്നീട് ബിര്‍മിങ്‌ഹാം സാക്ഷ്യം വഹിച്ചതും, അതും അല്‍പ്പം പോലും പിന്നോട്ട് പോകാതെ. ലീഡ്‌സില്‍ 147ല്‍ നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച് ഉത്തരവാദിത്ത്വത്തിന്റെ കുപ്പായം ഊരിയെറിഞ്ഞത് തിരിച്ചെടുത്ത് ഉടുക്കുകയായിരുന്നു ബിർമിങ്ഹാമില്‍ ഗില്‍. തനിക്ക് സാധിക്കുന്നത്ര നേരം ക്രീസില്‍ നിലയുറപ്പിക്കുക എന്നതായിരുന്നു തീരുമാനം.
216 പന്തുകളില്‍ 114 റണ്‍സുമായാണ് രണ്ടാം ദിനം തുടങ്ങിയത്. തന്റെ ഡിഫൻസില്‍ അത്രത്തോളം കണിശത കാണിച്ച ഗില്ലില്‍ നിന്നൊരു എഡ്‌ജ് പ്രതീക്ഷിച്ചായിരുന്നില്ല ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്‌സ് വിക്കറ്റിനായി കളമൊരുക്കിയത്. മറിച്ച് ഗില്ലിന്റെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് തടഞ്ഞ് സമ്മർദം ഉയർത്തുന്നതിനായിരുന്നു. എക്സ്ട്ര കവർ, ഷോർട്ട് മിഡ് ഓണ്‍, വൈഡ് മിഡോണ്‍, ഷോർട്ട് മിഡ് വിക്കറ്റ്...തുടങ്ങി ഗില്ലിന്റെ സ്ട്രോങ് സ്കോറിങ് ഏരിയകള്‍ക്കെല്ലാം വേലികെട്ടിയുറപ്പിക്കുകയായിരുന്നു സ്റ്റോക്ക്‌സ്.
എന്നാല്‍, ഗില്ലിന്റെ അസാധ്യമായ ടൈമിങ്ങും സ്ട്രോക്ക് പ്ലെ എബിലിറ്റിയും സ്കോർ ബോർഡിലേക്ക് റണ്‍സ് കൂട്ടിച്ചേർക്കുന്നത് തുടർന്നുകൊണ്ടിരുന്നു. ഇന്നിങ്സിലെ തന്റെ ആദ്യ റിവേഴ്‌സ് സ്വീപ്പ് ഷോയിബ് ബഷീറിനെതിരെ പുറത്തെടുക്കുമ്പോള്‍ ഇന്ത്യൻ നായകൻ 150 താണ്ടിയിരുന്നു. അപ്പോഴേക്കും ഗില്‍ ബാറ്റിങ്ങ് ആസ്വാദനത്തിന്റെ മറ്റൊരു തലയ്ക്കലില്‍ എത്തി. സമ്മർദമൊന്നുമില്ലാതെ വളരെ അനായാസതയിലേക്ക് ഗില്ലിന്റെ ഇന്നിങ്സ് മാറുകയും ചെയ്തു. അത് വലം കയ്യൻ ബാറ്ററുടെ മുഖത്തും ശരീരഭാഷയിലും തെളിഞ്ഞിരുന്നു. ഇംഗ്ലണ്ട് ശരീരഭാഷ മറിച്ചുമായിരുന്നു.
ഗില്ലില്‍ നിന്നൊരു വീഴ്‌ച എന്നതല്ലാതെ മറ്റൊരു മാർഗത്തിലൂടെ വിക്കറ്റ് വീഴ്ത്തുക എന്നത് സ്റ്റോക്ക്‌സിനും സംഘത്തിനും സാധ്യമല്ലായിരുന്നു. ജോഷ് ടങ്ങിന്റെ പന്ത് ഫൈൻ ലെഗിലേക്ക് തട്ടിയിടുമ്പോള്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി. 199 പന്തില്‍ നിന്നായിരുന്നു ഗില്‍ ശതകം കുറിച്ചത്. ഇരട്ട സെഞ്ച്വറിയിലേക്ക് എത്താൻ പിന്നീട് ആവശ്യമായി വന്നത് 112 പന്തുകള്‍ മാത്രം. ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് എത്രമാത്രം ബ്രില്യന്റായി ഗില്‍ ഉപയോഗിച്ചുവെന്നതിന്റെ തെളിവ്. ഇരട്ടസെഞ്ച്വറിക്ക് ശേഷം അല്‍പ്പംകൂടി വേഗത്തിലായിരുന്നു ബാറ്റിങ്.
ഈ ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ പദ്ധതികളെയെല്ലാം ഗില്‍ തകർക്കുകയായിരുന്നു. 450 റണ്‍സിന് താഴെ ഇന്ത്യയെ പിടിച്ചുകെട്ടാമെന്ന് കരുതിയെങ്കില്‍ ഗില്‍ അത് 550 കടത്തി. എട്ട് മണിക്കൂറില്‍ ആദ്യമായി പുള്‍ ഷോട്ടില്‍ പിഴച്ചപ്പോഴാണ് ഒലി പോപ്പിന്റെ കൈകളില്‍ ഗില്ലിന്റെ ഇന്നിങ്സ് അവസാനിക്കുന്നത്. 30 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 269 റണ്‍സ്. വിരാട് കോലിയുടെ നാലാം നമ്പറില്‍ വിടവ് നികത്താൻ ഇറങ്ങി, കോലിയുടെ ടെസ്റ്റ് ക്യാപ് നമ്പർ സ്കോർ ബോർഡിലേക്ക് എഴുതിച്ചേർത്ത് മടക്കം. ബർമി ആർമിയെ കയ്യടിപ്പിച്ച ഇന്നിങ്സ്.
ഒരു ഇന്ത്യൻ നായകൻ ടെസ്റ്റില്‍ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, മറികടന്നത് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൂനെയില്‍ നേടിയ 254 റണ്‍സ്. ഏഷ്യക്ക് പുറത്ത് ഇന്ത്യൻ ബാറ്ററുടെ ഉയർന്ന സ്കോറും ഗില്ലിന്റെ പേരിലേക്ക് എത്തി. പിന്നിലാക്കിയത് സച്ചിൻ 2004ല്‍ സിഡ്‌ണിയില്‍ നേടിയ 241 റണ്‍സ്. ഗവാസ്ക്കറിനും ദ്രാവിഡിനും ശേഷം ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്റർ. ഒരു വിസിറ്റിങ് ബാറ്റർ ഇംഗ്ലണ്ടില്‍ നേടുന്ന എട്ടാമത്തെ വലിയ വ്യക്തിഗത സ്കോർ.
സച്ചിനും സേവാഗിനും രോഹിത് ശർമയ്ക്കും ക്രിസ് ഗെയിലിനും ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാകാനും ഇന്്


