എന്താണ് ബ്രൂക്ക് ഉപയോഗിച്ച വാക്കുകളെന്ന് സ്റ്റംപ് മൈക്കില്‍ വ്യക്തമായി കേട്ടിരുന്നില്ല. പിന്നീട് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റ മൈക്കല്‍ ആതര്‍ട്ടൺ ആണ് സംഭവത്തെക്കുറിച്ച് കമന്‍ററിയില്‍ വിശദീകരിച്ചത്.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്‍റെ പ്രകോപനമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ദിനം ഗില്‍ 269 റണ്‍സെടുത്താണ് പുറത്തായത്. ഡബിള്‍ സെഞ്ചുറി അടിച്ചശേഷം അതിവേഗം സ്കോര്‍ ചെയ്ത ഗില്‍ പിന്നീട് നേരിട്ട 76 പന്തില്‍ 69 റണ്‍സടിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിനം ചായക്ക് ശേഷം ക്രീസിലെത്തിയ ഗില്ലിനോട് സ്ലിപ്പില്‍ നിന്ന ബ്രൂക്ക് എന്തോ വിളിച്ചു പറയുന്നതും ഗില്‍ അതിന് മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പിന്നാലെ ഗില്‍ 269 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

എന്താണ് ബ്രൂക്ക് ഉപയോഗിച്ച വാക്കുകളെന്ന് സ്റ്റംപ് മൈക്കില്‍ വ്യക്തമായി കേട്ടിരുന്നില്ല. പിന്നീട് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ മൈക്കല്‍ ആതര്‍ട്ടൺ ആണ് സംഭവത്തെക്കുറിച്ച് കമന്‍ററിയില്‍ വിശദീകരിച്ചത്. ഗില്ലിനോട് ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചുറിയെക്കുറിച്ചാണ് പറഞ്ഞതെന്ന് ആതര്‍ട്ടൺ പറഞ്ഞു. 290 പോലും അടിക്കുക ബുദ്ധിമുട്ടാണെന്നായിരുന്നു ബ്രൂക്ക് ആദ്യം ഗില്ലിനോട് പറഞ്ഞത്.

Scroll to load tweet…

അതിനുശേഷം നിങ്ങള്‍ എത്ര ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്നും ഗില്ലിനോട് ബ്രൂക്ക് ചോദിച്ചു. ഇതിന് പിന്നാലെയാണ് ജോഷ് ടങിന്‍റെ പന്തില്‍ ദുര്‍ബലമായൊരു പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഗില്‍ പുറത്തായത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. ഇത് മനസില്‍വെച്ചാണ് ബ്രൂക്ക് ഗില്ലിനെ കളിയാക്കിയതെന്നും ആതര്‍ട്ടൺ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നേടിയ 147 റണ്‍സായിരുന്നു ഈ ടെസ്റ്റ് വരെ ഗില്ലിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഇന്നലെ 269 റണ്‍സടിച്ചതോടെ ഫസ്റ്റ് ക്ലാസ് കരിയറിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറും നേടിയാണ് ഗില്‍ ക്രീസ് വിട്ടത്. ഇംഗ്ലണ്ടില്‍ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോറും ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്വന്തമാക്കിയാണ് ഗില്‍ പുറത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക