ധാക്ക: തുടര്‍ച്ചയായി ഏഴ് സിക്‌സുകള്‍. ഒരു ഓവറിലല്ല, ഒരു താരവുമല്ല. രണ്ട് ഓവറുകളിലായി രണ്ട് താരങ്ങള്‍ ചേര്‍ന്നാണ് തുടര്‍ച്ചയായി ഏഴ് സിക്‌സുകള്‍ പായിച്ചത്. സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യിലെ അഫ്‌ഗാന്‍ താരങ്ങളുടെ സിക്‌സര്‍മഴയുടെ അമ്പരപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. 

അഫ്‌ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും നജീബുള്ള സദ്രാനുമാണ് സിക്‌സര്‍ വെടിക്കെട്ടിത് തിരികൊളുത്തിയത്. അഫ്‌ഗാന്‍ ഇന്നിംഗ്‌സിന്‍റെ 17-ാം ഓവറിലെ ടെന്‍ഡായ് ചട്ടാരയുടെ അവസാന നാല് പന്തുകളും മുഹമ്മദ് നബി ഗാലറിയിലെത്തിച്ചു. നെവില്ല മാഡ്‌സിവയുടെ അടുത്ത ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ സദ്രാനും ശിക്ഷിച്ചു. ഇതോടെ അഫ്‌‌ഗാന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായ ഏഴ് പന്തുകളില്‍ സിക്‌സര്‍. 

മത്സരം 28 റണ്‍സിന് അഫ്‌ഗാനിസ്ഥാന്‍ വിജയിച്ചു. നജീബുള്ള 30 പന്തില്‍ 69 റണ്‍സും നബി 18 പന്തില്‍ 38 റണ്‍സും എടുത്തപ്പോള്‍ അഫ്‌ഗാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. റഹ്‌മാനുള്ള 43 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 169 റണ്‍സ് എടുക്കാനേയായുള്ളൂ.