റയല്‍ മാഡ്രിഡ് പരിശീലകൻ സാബി അലോൻസൊ ഒരുക്കിയ കളത്തില്‍ വെറുതെ പന്തുതട്ടുക മാത്രമായിരുന്നു ബാഴ്സലോണ താരങ്ങള്‍ക്ക് ബെർണബ്യൂവില്‍ ചെയ്യാനുണ്ടായിരുന്നതെന്ന് പറഞ്ഞാലും തെറ്റില്ല
സാന്റിയാഗൊ ബെർണബ്യൂ കാത്തിരിക്കുകയായിരുന്നു, തട്ടിപ്പറിച്ചും പരാതിപറഞ്ഞും തുന്നിച്ചേർത്തതല്ല ആ തൂവെള്ളക്കുപ്പായമെന്ന് ഒരുതവണകൂടി ലോകത്തെ ഓർമിപ്പിക്കാൻ. ഇനിയൊരിക്കലെങ്കിലും നാവുകൊണ്ട് അളക്കാനൊരുങ്ങിയാല്‍ ഒന്നുകൂടി ചിന്തിക്കുന്നത് നന്നാവുമെന്ന് പഠിപ്പിക്കാൻ. സീസർ സൊട്ടൊ ഗ്രാഡൊ ആദ്യ വിസില്‍ മുഴക്കും മുൻപ് ബെർണബ്യൂവിന്റെ ഗ്യാലറികളിലൂടെ ഒരു റ്റിഫോയിങ്ങനെ പടർന്നുപന്തലിക്കുകയാണ്, ഗ്രൻഡേസ എന്ന സ്പാനിഷ് വാചകമായിരുന്നു അവിടെ തെളിഞ്ഞത്, അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഗ്രേറ്റ്നസ് എന്നാണ്, മഹത്തായത്.
കഴിഞ്ഞ വട്ടം നാല് തവണ നോവിച്ച ഹൻസി ഫ്ലിക്കിന്റെ കുട്ടികളുടെ ബോക്സിനുള്ളിലേക്ക് ബ്രസീലിയൻ ചുവടുകള്‍ രണ്ടാം മിനുറ്റില്‍ തന്നെയെത്തി. കൂൻഡെയെ കാഴ്ചക്കാരനാക്കി വിനീഷ്യസിന്റെ കുതിപ്പിന് കാല്‍വിലങ്ങിട്ട് ലമീൻ യമാല്‍, റഫറി പെനാലിറ്റി വിധിക്കുന്നു, വാറില്‍ തിരുത്തപ്പെടുന്നു. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് തിരികൊളുത്തപ്പെട്ട നിമിഷമായിരുന്നു അത്.
ബെർണബ്യൂവിന്റെ ഗ്യാലറികള്‍ ഉണരാൻ ആവശ്യമായി വന്നത് കേവലം 11 മിനുറ്റുകള്‍, ബാഴ്സയുടെ പാതിയില്‍ ഫെർമീൻ ലോപസില്‍ നിന്ന് ബോള്‍ റിക്കവർ ചെയ്ത് ആർദ ഗൂളറിന്റെ ഫ്ലിക്ക്, പെഡ്രിയുടെ തലയ്ക്ക് മുകളിലൂടെ പന്തുയര്‍ന്ന് പൊങ്ങിയെത്തിയത് കിലിയൻ എംബാപയുടെ ബൂട്ടുകളില്‍. പെനലാറ്റി ബോക്സിന് പുറത്ത് പന്ത് മൈതാനം തൊട്ട് ഉയര്‍ന്ന മാത്രയില്‍ ഒരു വലം കാല്‍ ഷോട്ട്, ബുള്ളറ്റ്. ഷെസ്‌നി തന്റെ ശരീരം ഒന്നടങ്കം വായുവിലേക്ക് പറിച്ച് നട്ടിട്ടും എംബാപയുടെ കാലിന്റെ വേഗത്തിനൊപ്പമെത്തിയില്ല.
പക്ഷ, ഒരിക്കല്‍ക്കൂടി വാർ റയലിനൊരു അവസരം നിഷേധിക്കുകയാണ്, എംബാപെ ഓഫ് സൈഡ്. എന്നാല്‍, ഏത് നിമിഷവും വീഴുമെന്ന് തോന്നിച്ച ആ ഗോളിനായി ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല. 21-ാം മിനുറ്റില്‍ മൈതാനത്തിന്റെ പാതിയില്‍ നിന്ന് പെഡ്രിയെ കബളിപ്പിച്ച് ബെല്ലിങ്ഹാമിന്റെ ത്രൂബോള്‍ എംബാപയിലേക്ക്. ഫിനിഷ് ചെയ്യുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു എംബാപയ്ക്കുണ്ടായിരുന്നത്. ഏഴ് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫ്രഞ്ച്മാനെ റയലില്‍ പെരേസ് എത്തിച്ചത് ഇത്തരം നിമിഷങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു.
ഗൂളറും വിനീഷ്യസും ബെല്ലിങ്ഹാമും എംബാപയും ചേർന്ന് ബെർണബ്യൂവിലെ ബാഴ്സയുടെ ബോക്സില്‍ നാശം വിതച്ചുകൊണ്ടേയിരുന്നു. ഫെർമിൻ ലോപസിലൂടെ 38-ാം മിനുറ്റില്‍ ബാഴ്സ മറുപടി നല്‍കിയ ശേഷമായിരുന്നു മത്സരത്തിലെ ഏറ്റവും കോള്‍ഡസ്റ്റ് മൊമന്റ്. 43-ാം മിനുറ്റ്. ഇടതുവിങ്ങില്‍ നിന്ന് വിനീഷ്യസ് ഉയർത്തി നല്‍കിയ ക്രോസ്, ബോക്സിന്റെ വലതുമൂലയില്‍ നിന്ന് ഹെഡ് ചെയ്ത് മറിച്ചുകൊടുക്കുകയാണ് മിലിറ്റാവോ. ആരാലും മാർക്ക് ചെയ്യപ്പെടാതെ ബെലിങ്ഹാം പോസ്റ്റിനടുത്ത്. തന്നിലേക്ക് എത്തിയ പന്തിനെ മെല്ലെയൊന്ന് ഗോള്‍വര കടത്തി. ലോപസിന്റെ സല്യൂട്ട് അഘോഷത്തിന്റെ ആയുസ് അഞ്ച് മിനുറ്റില്‍ അവസാനിപ്പിച്ചതിന് ശേഷം, ഒരു നടത്തം. വെള്ളപുതച്ച ബെർണബ്യൂവിന്റെ ഗ്യാലറികളെ നോക്കി ബെലിങ്ഹാം കൈകള്‍ വിടർത്തി.
റയല്‍ മുന്നേറ്റനിര കറ്റാലന്മാരെ കിതപ്പിച്ചപ്പോള്‍ മറുവശത്ത് റയലിന്റെ ടു ലൈൻ ഡിഫൻസിനെ മറികടക്കാൻ കഴിയാതെ ബാഴ്സ. നാക്കുകൊണ്ട് പോര് മുറുക്കിയ യമാലിന് ബെര്‍ണബ്യൂവൊരു നരകം തന്നെയാകുകയായിരുന്നു. ഒരു വർഷം മുൻപ് ബെർണബ്യൂവിനെ നിശബ്ദമാക്കിയ അതേ യമാല്‍. യമാല്‍ പന്തുതൊട്ടപ്പോഴെല്ലാം റയല്‍ അരാധകര്‍ സമ്മാനിച്ചത് കൂവലുകള്‍. ഫസ്റ്റ് ഹാഫില്‍ യമാലിന്റെ ബൂട്ടില്‍ നിന്ന് പിറന്നത് ഒരു ഷോട്ട് മാത്രം. പൊസഷൻ നഷ്ടപ്പെടുത്തിയത് എട്ട് തവണ, ആല്‍വാരൊ കരേറാസിന്റെ പോക്കറ്റില്‍ തന്നെയായിരുന്നു യമാല്‍, അറ്റാക്കിങ് തേഡിലേക്ക് നല്‍കാനായത് നാല് പാസുകള്‍ മാത്രം. രണ്ടാം പകുതിയില്‍ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന് യാതൊരു വെല്ലുവിളിയും ഉയർത്താതെ ആകാശം മുട്ടി.
അലോൻസൊ ഒരുക്കിയ കളത്തില്‍ വെറുതെ പന്തുതട്ടുക മാത്രമായിരുന്നു ബാഴ്സ താരങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ബാഴ്‌സയുടെ ബാക്ക് ലൈനിലും മിഡ്‌ഫീല്‍ഡിലും നിരന്തരം മാഡ്രിഡ് താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. സെന്റർ ബാക്‌സിനൊപ്പം എംബാപെ, ഇടത് കളമൊരുക്കി വിനി, വലത് ബെല്ലിങ്ഹാം, ഒപ്പം ഗൂളറും. മാഡ്രിഡ് എങ്ങനെ ക്ലെവറായി കളിമെനഞ്ഞുവെന്നതിന്റെ ഉദാഹരണമായിരുന്നു ആദ്യ ഗോള്‍. ബെലിങ്ഹാമിന് പാസ് നല്‍കി കാമവിംഗ വലതുവിങ്ങിലൂടെ ഓടിക്കയറുന്ന്, ബാഴ്സ പ്രതിരോധ താരങ്ങള്‍ കാമവിംഗയെ മാർക്ക് ചെയ്യുമ്പോള്‍ ബെലിങ്ഹാമിന് സ്പേസ് ഒരുങ്ങുകയാണ്, കാച്ചിക്കുറിക്കുയുള്ള പാസ്, ഗോള്‍.
പന്ത് കൈവശമില്ലാത്തപ്പോഴും പുറത്തെടുത്ത് ഹൈ പ്രെസിങ്, കളിനഷ്ടപ്പെടുമ്പോഴെല്ലാം ഒന്നില്‍ നിന്ന് തുടങ്ങി വീണ്ടും, വിനീഷ്യസ് ഉള്‍പ്പെടെ ഈ തന്ത്രത്തിന്റെ ഭാഗമായി. അഞ്ച് മീറ്റര്‍ വ്യത്യാസത്തില്‍ ഒരുങ്ങിയ ടു ലൈൻ ഡിഫൻസ്, ചിലപ്പോഴിത് 10 മീറ്റര്‍ വരെയായി. ബാഴ്സയ്ക്ക് മറികടക്കാൻ കഴിയാതെ പോയ റയലിന്റെ ഡിഫൻസീവ് ലൈൻ. റയലിന്റെ കളിക്ക് മുന്നിലായിരുന്നു ബാഴ്സ കീഴടങ്ങിയത്, മറിച്ചവര്‍ കളിക്കാതിരുന്നതുകൊണ്ടാണെന്ന് പറയാനാകില്ല.
ബാഴ്സയുടെ വലനിറയേണ്ട മത്സരം. രണ്ടാം പകുതിയിലും അഗ്രസീവ് ശൈലിയില്‍ നിന്ന് പിന്നോട്ട് പോകാതെ റയല്‍. നിരന്തരമുള്ള കൗണ്ടര്‍ അറ്റാക്കുകള്‍. അവസാന ശ്രമമെന്നവണ്ണം മാര്‍ക്കസ് സോര്‍ജ്, മാര്‍ക്ക് കസാഡോയേയും അറോജേയും കളത്തിലെത്തിച്ചും റാഷ്ഫോര്‍ഡിനെ സെന്റര്‍ഫോര്‍ഡ് പൊസിഷനിലേക്ക് പറിച്ച്നട്ടും ലോപസിനെ വിങ്ങറാക്കിയുമൊക്കെ നീക്കങ്ങൾ. പക്ഷേ, ശരാശരി പ്രകടനത്തില്‍ ബാഴ്സയൊതുങ്ങിയ എല്‍ ക്ലാസിക്കോയില്‍ ഫ്ലിക്കിന് മുന്നില്‍ ഒരുപോട് ചോദ്യങ്ങളുണ്ട്. കളത്തിലെ കണ്‍ഫ്യൂഷനുകള്‍, ലക്ഷ്യമില്ലാതെ പായുന്ന മുന്നേറ്റ നിര, ബോള്‍ റിക്കവറിയിലെ കണിശക്കുറവ്, പന്ത് കൈവശമില്ലാത്തപ്പോള്‍ തീര്‍ത്തും ഇൻ ആക്റ്റിവായ സംഘം...
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ബെര്‍ണബ്യൂവിലെ വലിയ സ്ക്രീനില്‍ 2-1. യമാലിനൊട് നാവിന്റെ നീളം കുറയ്ക്കാൻ കാര്‍വഹാല്‍. അതൊരു തുടക്കമായിരുന്നു. വൈകാതെ അത് കൊര്‍ട്ട്വ ഏറ്റ് പിടിച്ചു, വിനി വീണ്ടും കളത്തിലേക്ക്. ഡ്രസിങ് റൂമിലേക്ക് സ്വാഗതം ചെയ്ത യമാലിന്റെ വാക്കുകള്‍ വിനിയെ ചൊടിപ്പിച്ചത് ചില്ലറയല്ല. സംഘര്‍ഷഭരിതമായി എല്‍ ക്ലാസിക്കോയ്ക്ക് തിരശീല. ബാഴ്സയ്ക്ക് മറക്കാൻ ഒരു രാത്രി, യമാലിനും.


