വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിർണായക പോരിലാണ് ഇരുടീമിന്റെ രക്ഷകരുടെ കുപ്പായം റിച്ചയും നദീനും അണിഞ്ഞത്. റിച്ച 94 റണ്‍സും നദീൻ 84 റണ്‍സും നേടി
The best defense is a good offense, ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം.
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക നിർണായക പോര്. കളമൊരുങ്ങിയത് വിശാഖപട്ടണത്താണ്, ഒരുപാട് ചെറുത്തുനില്‍പ്പുകള്‍ കണ്ട മണ്ണ്. അവിടെ രണ്ട് അസാധാരണ ഒറ്റയാള്‍ പോരാട്ടങ്ങള്‍. ധോണിയുടെ സ്റ്റൈലില്‍ ഹെലിക്കോപ്റ്റര്‍ പായിക്കുന്ന റിച്ച, എബി ഡിവില്യേഴ്‌സ് ശൈലിയില്‍ പന്ത് ഗ്യാലറിയിലേക്ക് കോരിയിടുന്ന നദീൻ ക്ലെര്‍ക്ക്.
ശക്തിയെന്ന് കരുതിയ ബാറ്റിങ് നിര നീലപ്പടയെ ഒരിക്കല്‍ക്കൂടി പരീക്ഷണത്തിന്റെ ആകാശത്തിന് കീഴില്‍ നിർത്തിയിരിക്കുന്നു. പ്രതീക റാവല്‍, സ്മൃതി മന്ദന, ഹർളീൻ ഡിയോള്‍, ജമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ വീണു. ഇന്ത്യൻ സ്കോര്‍ 26 ഓവറില്‍ 102-6. ടീമിലെ അവസാന അംഗീകൃത ബാറ്ററായി റിച്ച ഖോഷ് ക്രീസിലേക്കെത്തി. ഒപ്പം അമൻജോത് കൗര്‍. ഇന്ത്യൻ ഇന്നിങ്സിന്റെ സഞ്ചാരം ദിശതെറ്റി നില്‍ക്കുന്നതിന്റെ എല്ലാം ആത്മവിശ്വാസവും പ്രോട്ടീയാസ് ക്യാപ്റ്റൻ ലോറ വോള്‍വാഡിനും സംഘത്തിനുമുണ്ടായിരുന്നു.
റിച്ചയുടെ പോരാട്ടം
പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയെ രക്ഷിച്ച ബെത്ത് മൂണിയേപ്പൊലൊരാളെയാണ് ഇന്ത്യൻ ആരാധകര്‍ ആശിച്ചത്. 29-ാം ഓവര്‍, റിച്ച ക്രീസിലെത്തിയിട്ട് ആറ് പന്തുകള്‍ പിന്നിട്ടിരിക്കുന്നു, പേരിന് നേര്‍ക്ക് ഒരു റണ്‍പോലുമില്ല. ഹര്‍മനേയും ജമീമയേയും മടക്കി അപകടകാരിയായ ട്രയോണിനെ മിഡോണിന് മുകളിലൂടെ പായിച്ചൊരു ഫോര്‍, 86 പന്തുകള്‍ക്ക് ശേഷം ഇന്ത്യൻ ഇന്നിങ്സിലൊരു ബൗണ്ടറി. ആറ് വിക്കറ്റ് വീണതിന്റെ സമ്മര്‍ദം റിച്ചയുടെ ബാറ്റിലേക്ക് വിറയലൊന്നും സമ്മാനിച്ചില്ല. പക്ഷേ, അല്‍പ്പം കരുതലുണ്ടായിരുന്നു ആദ്യ 30 പന്തുകളില്‍, നേടിയത് 20 റണ്‍സ്. മൂന്ന് ഫോര്‍. 35 ഓവറില്‍ ഇന്ത്യൻ സ്കോര്‍ 130-6. പ്രൊജക്റ്റഡ് സ്കോര്‍ 185 മാത്രം.
സെഖുഖൂനയെ ലോങ് ഓണിലൂടെ പായിച്ച് ഗിയര്‍ ഷിഫ്റ്റ്. അമൻജോത് മടങ്ങി, സ്നേ റാണയെത്തി. മ്ലാബയ്ക്കൊരു സ്പീപ്പ്, നദീൻ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയും ഷോര്‍ട്ട് തേഡിലൂടെയും. 53 പന്തില്‍ ലോകകപ്പിലെ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി, കരിയറിലെ ഏഴാമത്തേതും. ഇന്ത്യൻ സ്കോര്‍ 190-7. അവശേഷിക്കുന്നത് കേവലം ആറ് ഓവറുകള്‍ മാത്രമാണ്. റിച്ചയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ലോറ വലവിരിച്ചു. പക്ഷേ, എല്ലാത്തിനും ഉത്തരമുണ്ടായിരുന്നു.
കൂറ്റനടികള്‍ മാത്രമല്ല തന്റെ പോക്കറ്റിലുള്ളതെന്ന് തെളിയിച്ചുകൊണ്ട് മ്ലാബയെറിഞ്ഞ 45-ാം ഓവറിലൊരു റിവേഴ്സ് സ്വീപ്പ്. ഖാഖയെറിഞ്ഞ 47-ാം ഓവറിലായിരുന്നു റിച്ച ബൗണ്ടറി പെയ്യിച്ചത്. രണ്ട് ഫോറും ഒരു സിക്സുമടിച്ചാണ് റിച്ച ഓവര്‍ ഫിനിഷ് ചെയ്തത്. സമ്മര്‍ദം ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് കോരിയിട്ടു റിച്ച. സെഖുഖൂനയും നദീനുമായിരുന്നു പിന്നീടെത്തിയത്, ഫലം അതുതന്നെയായിരുന്നു. ഇന്ത്യൻ ഇന്നിങ്സിന് രണ്ട് പന്തുകള്‍ മാത്രം അവശേഷിക്കെ സെഞ്ച്വറിക്കരികില്‍ റിച്ച വീഴുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 250 കടന്നിരുന്നു.
77 പന്തില്‍ 94 റണ്‍സുമായി റിച്ച. 11 ഫോറും നാല് സിക്സും. അവസാനം നേരിട്ട 24 പന്തില്‍ 44 റണ്‍സ്.
നദീന്റെ മറുപടി
ഏതൊരു പഞ്ചിനും ഒരു കൗണ്ടര്‍ പഞ്ചുണ്ടാകുമല്ലോ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് പാതി വഴി പിന്നിട്ടപ്പോള്‍ സംഭവിച്ചതും അതുതന്നെയായിരുന്നു. ലോറയൊരുക്കിയ നിലത്തില്‍ നിലയുറപ്പിക്കാനായില്ല പ്രോട്ടിയാസിന്റെ മധ്യനിരയ്ക്ക്. അമൻജോതും ക്രാന്തിയും ദീപ്തിയും ചേര്‍ന്ന് ഒതുക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയസാധ്യതകളെ.
നദീൻ ക്രീസിലെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ബോര്‍ഡില്‍ 142 റണ്‍സ്, ആറ് വിക്കറ്റുകള്‍ വീണിരിക്കുന്നു. ജയിക്കാൻ 85 പന്തില്‍ 110 റണ്‍സ്. കയറാൻ മുന്നിലൊരു റണ്‍മല. റിച്ചയുടെ അതേ സമീപനമായിരുന്നു നദീനും. ആദ്യ 30 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ മാത്രം. തന്റെ സോണില്‍ വരുന്ന പന്തുകളുടെ സ്ഥാനം ബൗണ്ടറി റോപ്പിനപ്പുറമെന്ന് നദീൻ ഉറപ്പിക്കുകയായിരുന്നു. മറുവശത്തെ വിജയലക്ഷ്യമെന്ന അതി സമ്മര്‍ദവും തോളിലേന്തിയായിരുന്നു ഒരോ റണ്‍സും 22 വാരയ്ക്കിടയിലൂടെ ഓടിയെടുത്തത്.
44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയിക്കാൻ ആറ് ഓവറില്‍ 60 റണ്‍സ്. അസാധ്യമായൊരു ദക്ഷിണാഫ്രിക്കൻ ജയത്തിന് മധ്യസ്ഥയാവുകയായിരുന്നു നദീൻ പിന്നീട്. സ്നേ റാണയെറിഞ്ഞ 46-ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ സിക്സും ഫോറും. ക്രാന്തിയെറിഞ്ഞ 47-ാം ഓവറില്‍ ചിത്രം അപ്പാടെ മാറി. ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, രണ്ട് പന്ത് ക്രാന്തിയുടെ തലയ്ക്ക് മുകളിലൂടെ മൂളിപ്പറന്നു. മൂന്നാം പന്തിലും ബൗണ്ടറി. ഓവറില്‍ പിറന്നത് 18 റണ്‍സ്. അടുത്ത ഊഴം ദീപ്തി ശര്‍മയുടേതായിരുന്നു. ഡീപ് സ്ക്വയര്‍ ലെഗിലൂടെയും കവറിലൂടെയും രണ്ട് ഫോര്‍. പ്രോട്ടിയാസിനും ജയത്തിനുമിടയില്‍ 12 റണ്‍സും 12 പന്തും.
നിര്‍ണായക ഓവറില്‍ ഹര്‍മൻ വിശ്വാസം അര്‍പ്പിച്ചത് അമൻജോതിലായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ ഡോട്ട്. മൂന്നാം പന്ത് ക്രീസ് വിട്ടിറങ്ങി വെള്ളപ്പന്തിനെ ആകാശം മുട്ടിച്ചു നദീൻ, പന്ത് നിക്ഷേപിക്കപ്പെട്ടത് ഡീപ് മിഡ് വിക്കറ്റിനപ്പുറം. ദക്ഷിണാഫ്രിക്കൻ ക്യാമ്പ് വിജയമുറപ്പിച്ച നിമിഷമായിരുന്നു അത്. ഹര്‍മൻ തന്റെ ജഴ്സികൊണ്ട് മുഖം മറച്ചു, നിരാശ. അഞ്ചാം പന്തൊരു ഫുള്‍ ടോസ്. സിക്സ്. ദക്ഷിണാഫ്രിക്കയുടെ വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ചേസുകളിലൊന്ന്. ലോകകപ്പിലെ ആദ്യ തോല്‍വി രുചിച്ച് ഇന്ത്യ.
54 പന്തില്‍ 84 റണ്‍സുമായി നദീൻ. എട്ട് ഫോറും അഞ്ച് സിക്സും. റിച്ചയുടെ പോരാട്ടവീര്യത്തെ മറികടന്ന ഒന്നൊന്നര ഇന്നിങ്സ്.


