അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സ് മാത്രം. ആറാം ഓവറിലെ നാലാം പന്ത് മുതലാണ് വിൻഡീസ് ചെയ്തതിനൊക്കെയും കണക്ക് പറയേണ്ടി വരുമെന്ന് മനസിലാക്കിയത്

വെസ്റ്റ് ഇൻഡീസ് ഡഗൗട്ടില്‍ ഇത്രത്തോളം ആത്മവിശ്വാസം നിറഞ്ഞൊരു നിമിഷം സമീപകാലത്തുണ്ടായിട്ടില്ല. ഗുവാഹത്തിയിലെ ബ‍ര്‍സാപര സ്റ്റേഡിയത്തില്‍ കാര്യവട്ടത്ത് സംഭവിച്ച പിഴവുകളെല്ലാം ആദ്യ പകുതിയില്‍ തിരുത്താൻ ഷായ് ഹോപിന്റെ സംഘത്തിനായി. ഒന്നരനൂറ്റാണ്ടോളമാകുന്ന അവരുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഏകദിനത്തില്‍ 400 എന്ന സംഖ്യ താണ്ടിയിരിക്കുന്നു, മൂന്ന് സെഞ്ചൂറിയന്മാര്‍. മറുവശത്ത് ബുധനാഴ്ചത്തെ സായാഹ്നം അവസാനിക്കുമ്പോള്‍ ശുഭ്മാൻ ഗില്ലിന്റെ മുഖത്ത് സമ്മര്‍ദം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു...

കാരണം, ഇന്ത്യൻ ക്രിക്കറ്റിന്റെ പിൻകാല അധ്യായങ്ങളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത ഒന്നായിരുന്നു സാധ്യമാക്കേണ്ടിയിരുന്നത്. ഗില്‍ ഓര്‍ക്കേണ്ട ചിലതുണ്ടായിരുന്നു, ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്, ഓസ്ട്രേലിയക്കെതിരായ ജയ്പൂരിലെ ആ അസാധാരണ രാത്രി. അന്ന് അതിന് മധ്യസ്ഥത വഹിച്ച രണ്ട് പേര്‍ തനിക്കൊപ്പമുണ്ടെന്ന്, അന്നത്തെ യുവതാരങ്ങള്‍, ഇന്നത്തെ ഇതിഹാസങ്ങള്‍.

ജെയ്ഡൻ സീല്‍സിന്റെ പന്തില്‍ ഇൻസൈഡ് എഡ്ജില്‍ സര്‍വൈവ് ചെയ്താണ് ഗില്ലിന്റെ ആരംഭം. എന്നാല്‍, മറുവശത്ത് സമ്മര്‍ദത്തിന്റെ എല്ലാം വരമ്പുകളും ഭേദിക്കാൻ ഒരുങ്ങിയായിരുന്നു അയാളിറങ്ങിയത്. കാര്യവട്ടത്ത് തന്നെ ഡഗൗട്ടിലേക്ക് മടക്കിയ അല്‍സാരി ജോസഫിനെ ഡീപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിലേക്ക് പറഞ്ഞയച്ചാണ് വരവേറ്റത്, തൊട്ടടുത്ത പന്ത് സഞ്ചരിച്ചത് ഷായ് ഹോപിന്റെ തലയ്ക്ക് മുകളിലൂടെ, സിക്സ്. സ്ക്വയര്‍ ഓഫ് ദ വിക്കറ്റിലൂടെ ഒരു ബൗണ്ടറികൂടെ, ഇവിടെ നിന്നായിരുന്നു ഇന്ത്യ തുടങ്ങിയത്, അല്ല അയാള്‍ ഇന്ധനം പകര്‍ന്നത്, രോഹിത് ശര്‍മ. പീക്ക് സംഭവം ലോഡിങ്.

അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സ് മാത്രം. ആറാം ഓവറിലെ നാലാം പന്ത് മുതലാണ് വിൻഡീസ് ചെയ്തതിനൊക്കെയും കണക്ക് പറയേണ്ടി വരുമെന്ന് മനസിലാക്കിയത്. ജെയ്ഡൻ സീല്‍സിനെ രോഹിതും ഷമാര്‍ ജോസഫിനെ ഗില്ലും പ്രഹരിച്ചുകൊണ്ടേയിരുന്നു. പവര്‍പ്ലേയുടെ അവസാന ഓവറിലെത്തിയ കീമോ പോള്‍ രോഹിതിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലെത്തിയത് രണ്ട് വട്ടമാണ്, ഒന്ന് ഒരു മാമത്ത് സിക്‌സ്. 32 പന്തില്‍ അര്‍ദ്ധ സെഞ്ചുറി, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 92. പെര്‍ഫെക്റ്റ് സ്റ്റാര്‍ട്ട്.

38-ാം പന്തിലാണ് ഗില്‍ 50 തൊടുന്നത്, കഴിഞ്ഞ പത്ത് മത്സരങ്ങളിലെ ഇന്ത്യൻ നായകന്റെ ഒൻപതാം ഫിഫ്റ്റി പ്ലസ് സ്കോ‍ര്‍. ചെയ്‌സിങ്ങില്‍ ഡ്രൈവിങ് സീറ്റിലേക്ക് ഗില്‍ ചുവടുവെക്കുന്നത് ഇവിടെ നിന്നാണ്. റോസ്റ്റൻ ചേസ്, കീമോ പോള്‍, വിറ്റല്‍ ലോസ്, അല്‍സാരി...ബാറ്റിങ് പറുദീസയില്‍ ഗില്ലിനെതിരെ പന്തെടുത്തവരൊക്കെയും നിസാഹയതയുടെ മുഖംമൂടിയണിയാൻ വിധിക്കപ്പെടുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ നേരിട്ട 24 പന്തുകളില്‍ ഗില്‍ മൂന്നക്കത്തിലേക്ക് എത്തി, ഫോര്‍മാറ്റിലെ 11-ാം ശതകം. ഗില്‍ തന്റെ കരിയറിന്റെ പിനാക്കിള്‍ തൊടുന്നതുപോലെ...ഷോട്ട് സെലക്ഷൻ, ടൈമിങ്, ഹാൻഡ് ഐ കോര്‍ഡിനേഷൻ, പവര്‍...ഹി വാസ് സംതിങ് യെല്‍സ് യെസ്റ്റര്‍ഡെ...

21 ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ 200 കടന്നു. മറുവശത്ത് രോഹിത് ഗില്ലിന് പിന്തുണ നല്‍കാൻ ഒരുങ്ങുമ്പോഴും ബൗണ്ടറികള്‍ ഉറപ്പാക്കി. ഗില്ലിന്റേയും രോഹിതിന്റെയും ബാറ്റുകളെ ഒരുപരിധി വരെ നിശബ്ദമാക്കി നിര്‍ത്താൻ കഴിഞ്ഞ് വിറ്റലിന് മാത്രമായിരുന്നു. എന്നാല്‍, അതേ വിറ്റലിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടിയാണ് രോഹിത് 99ലേക്ക് എത്തിയതും, രണ്ട് ക്ലാസിക്ക് ഷോട്ടുകള്‍. 25-ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത് ഏകദിന കരിയറിലെ 35-ാം ശതകം അയാള്‍ പൂര്‍ത്തിയാക്കി...ബ‍ര്‍സാപരയിലെ ഗ്യാലറികളില്‍ നിന്ന് ഇന്നലെ ഉയര്‍ന്ന ഏറ്റവും വലിയ ശബ്ദം ആ നിമിഷത്തിലായിരുന്നു...

ശേഷം ഒന്നൊന്നര സെലിബ്രേഷൻ, വിരമിപ്പിക്കാൻ കാത്തിരിക്കുന്നവരോട് പലതും പറയാതെ പറയുകയായിരുന്നു രോഹിത്. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലെ രണ്ടാം സെഞ്ചുറി...2027 ഏകദിന ലോകകപ്പ് മാത്രമാണ് അയാളുടെ ലക്ഷ്യം...25 ഓവറിലെത്തുമ്പോള്‍ ഇന്ത്യ 250ലെത്തി, ജയിക്കാൻ 150 പന്തുകളില്‍ 156 റണ്‍സ് മാത്രം.

എന്നാല്‍, രോഹിതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി 255 റണ്‍സിന്റെ കൂട്ടെകട്ട് സെയ്‌ല്‍സ് അവസാനിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് പാര്‍ട്ട്ണര്‍ഷിപ്പ്. സച്ചിൻ-ഗാംഗുലി ഐക്കണോക്ക് ഡുവോയുടെ 258 റണ്‍സ് എന്ന റെക്കോര്‍ഡിന് തൊട്ടുപിന്നില്‍. 10 ഫോറും ആറ് സിക്സും ഉള്‍പ്പെടെ 75 പന്തില്‍ 101 റണ്‍സുമായായിരുന്നു രോഹിതിന്റെ മടക്കം.

വിക്കറ്റ് നേട്ടം സെയ്‌ല്‍സ് ആഘോഷിച്ചത് രോഹിതിന്റെ സെഞ്ചുറി സെലിബ്രേഷൻ വെച്ചുതന്നെയായിരുന്നു. അത് കണ്ടുകൊണ്ട് മൈതാനത്തേക്ക് എത്തിയതാകട്ടെ വിരാട് കോലിയും. എന്താണ് ഇനി സംഭവിക്കുക എന്നത് സെയ്‌ല്‍സിന്റെ പിൻഗാമിയായ കെസ്‌റിക്ക് വില്യംസ് കളി കാണുന്നുണ്ടായിരുന്നെങ്കില്‍ കൃത്യമായി മനസിലായിട്ടുണ്ടാകണം, 2019ലെ നോട്ട് ബുക്ക് സെലിബ്രേഷൻ മറക്കാൻ പറ്റുമോ...

29-ാം ഓവര്‍ എറിയാനെത്തിയ സെയ്ല്‍സിന് കോലിയുടെ ഗില്ലും ചേര്‍ന്നൊരു ബൗണ്ടറി വിരുന്നൊരുക്കി. സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട്, ബിഹൈൻഡ് ദ സ്ക്വയര്‍ - ഗില്‍ മൂന്ന് പന്തില്‍ 11. ഡീപ് മിഡ് വിക്കറ്റ്, മിഡ് ഓഫ്, ഡീപ്...കോലി മൂന്ന് പന്തില്‍ 14. ഒറ്റ ഓവറില്‍ വിൻഡീസ് പേസറുടെ പേരിലേക്ക് വീണത് 25 റണ്‍സ്. 30 ഓവറില്‍ 305. റണ്‍ഫീസ്റ്റ്. കോലിയെ മടക്കി ഗുവാഹത്തിയെ നിശബ്ദമാക്കാൻ ഷമാര്‍ ജോസഫിനായെങ്കിലും അപ്പോഴേക്കും മത്സരം പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. തന്ത്രങ്ങളൊന്നുമില്ലാതെ വിക്കറ്റിന് പിന്നില്‍ വിൻഡീസ് നായകൻ ഷായ് ഹോപിനെ കാണപ്പെട്ടു, ബൗളിങ് മെഷീനുകള്‍ പോലെ എറിയാൻ നിയോഗിക്കപ്പെട്ട അയാളുടെ ബൗളര്‍മാരും.

ഇനിയങ്ങോട്ട് എല്ലാം ഗില്ലാണ്, റുതുരാജിനൊരു സഹായിയുടെ റോള്‍ മാത്രം. 39-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ചരിത്രം പിറവി കൊണ്ടത്. വിറ്റലിനെതിരെ സിംഗിള്‍ നേടി വായുവിലേക്കൊരു കുതിപ്പും പഞ്ചും. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ചുറിയുമായി ഗില്‍. 116 പന്തിലാണ് നേട്ടം, ഒന്നിലധികം ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം, ക്യാപ്റ്റൻസ്, വേള്‍ഡ് നമ്പര്‍ വണ്‍ ഓഡിഐ ബാറ്റര്‍, ദ പ്രിൻസ്, ശുഭ്മാൻ ഗില്‍.

44-ാം ഓവറിലെ മൂന്നാം പന്തില്‍ റുതുരാജ് ഗെയ്ക്വാദ് ഇന്ത്യയുടെ വിജയറണ്‍ നേടുമ്പോള്‍ ഇനിയും ബാക്കിയുണ്ട് 33 പന്തുകള്‍. 406 റണ്‍സ് എന്ന സ്കോര്‍ അനായാസം മറികടന്ന് ഇന്ത്യ. ഏകദിന ചരിത്രത്തിലെ ഏറ്റവു ഉയര്‍ന്ന രണ്ടാമത്തെ റണ്‍ ചേസ്. 223 റണ്‍സുമായി ഗില്‍. ബാറ്റിങ് വിക്കറ്റായിരുന്നിരിക്കാം, പക്ഷേ കൂറ്റൻ സ്കോറിന്റെ സമ്മര്‍ദങ്ങളെ മറികടന്ന് ഇത് സാധ്യമാക്കുക എന്നത് എളുപ്പമല്ല. കൃത്യമായ പ്ലാനിങ്ങ് അനിവാര്യമായിരുന്നു, അത് പവര്‍പ്ലേ മുതല്‍ നടപ്പാക്കാൻ ഗില്ലിനും രോഹിതിനും കഴിഞ്ഞു.