Asianet News MalayalamAsianet News Malayalam

Rohit Sharma : തലമുറമാറ്റമല്ല, 'തല' മാറ്റം, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രോഹിത് യുഗം

വിരാട് കോലി ടി20 നായകസ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചശേഷമാണ് രോഹിത്തിനെ നായക ചുമതല ഏല്‍പ്പിച്ചതെങ്കില്‍ ഇവിടെ കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും മുമ്പെ തന്നെ പുതിയ നായകനെ പ്രഖ്യാപിച്ച് ബിസിസിഐ സസ്പെന്‍സ് അവസാനിപ്പിച്ചു.

Rohit Sharma : New era begins in Indian Cricket, Rohit Sharma Appointed As Indias ODI Captai
Author
Mumbai, First Published Dec 8, 2021, 9:08 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റമല്ല, തല മാറ്റമെന്നാണ് രോഹിത് ശര്‍മയെ(Rohit Sharma) ഏകദിന നായകനായി(ODI Captain) തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ വിശേഷിപ്പിക്കേണ്ടിവരിക. 33 കാരനായ വിരാട് കോലിക്ക്(Virat Kohli) പകരം ടി20ക്ക് പിന്നാലെ ഏകദിനങ്ങളിലും ഇന്ത്യയെ നയിക്കാനെത്തുന്നത് 34 കാരനായ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള(IND vs SA) ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തശേഷം ബിസിസിഐ(BCCI) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവസാന വരിയായാണ് രോഹിത് ശര്‍മയെ ഏകദിന നായകനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിക്കുന്നത്.

വിരാട് കോലി ടി20 നായകസ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചശേഷമാണ് രോഹിത്തിനെ നായക ചുമതല ഏല്‍പ്പിച്ചതെങ്കില്‍ ഇവിടെ കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും മുമ്പെ തന്നെ പുതിയ നായകനെ പ്രഖ്യാപിച്ച് ബിസിസിഐ സസ്പെന്‍സ് അവസാനിപ്പിച്ചു. ഫലത്തില്‍ കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി രോഹിത്തിനെ ചുമതല ഏല്‍പ്പിച്ചതിന് തുല്യമായി ബിസിസിഐയുടെ തീരുമാനം. വിരാട് കോലി ടി20ക്ക് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോലി തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2023ലെ ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഐസിസി കിരീടങ്ങളില്ലാത്ത നായകനെന്ന ദുഷ്പേര് മാറ്റാമെന്ന കോലിയുടെ വിദൂര സാധ്യതകളും സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തോടെ അടഞ്ഞു. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കു. രോഹിത്തിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തെങ്കിലും വൈസ് ക്യാപ്റ്റനായി ആരെയും തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയാറായിട്ടില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റനായി രോഹിത്തിനെ ഉയര്‍ത്തിയതോടെ ടെസ്റ്റിലും രോഹിത് നായക ചുമതല ഏറ്റെടുത്തേക്കുമെന്ന പ്രവചിക്കുന്നവരുണ്ട്. എങ്കിലും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെയെങ്കിലും കോലി ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്ത് തുടരാനാണ് സാധ്യത.

കിരീടമില്ലാത്ത രാജാവ്

Rohit Sharma : New era begins in Indian Cricket, Rohit Sharma Appointed As Indias ODI Captai

2017ല്‍ എം എസ് ധോണിയില്‍ നിന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഏറ്റെടുത്ത കോലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച വിജയ നായകനാണ്. 70.43 ആണ് കോലിയുടെ വിജയശരാശരി. 95 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച കോലിക്ക് 65 എണ്ണത്തില്‍ വിജയം നേടാനായി. 27 എണ്ണത്തില്‍ തോറ്റു. ഏകദിനങ്ങളില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച നാലാമത്തെ നായകനുമാണ് കോലി. എം എസ് ധോണിയും മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയും മാത്രമാണ് കോലിയെക്കാള്‍ കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചവര്‍.

ഇത്രയും മികച്ച റെക്കോര്‍ഡുള്ള കോലിയെ പിന്നെ എന്തിന് മാറ്റിയെന്ന് ചോദിച്ചാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ നോക്കൗട്ട് ഘട്ടത്തില്‍ പുറത്താവുന്ന പതിവ് തിരുത്താത് കൊണ്ടെന്നായിരിക്കും ഉത്തരം. കോലിക്ക് കീഴില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയ ഇന്ത്യക്ക് പാക്കിസ്ഥാന് മുന്നില്‍ കിരീടം കൈവിട്ടു. 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ഇന്ത്യ 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ന്യൂസിലന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലാകട്ടെ സെമിയില്‍ പോലും എത്താതെ ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും അഭിമാനിക്കാവുന്ന ചില റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് കോലിയുടെ പടിയിറക്കം. ഏകദിനങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് കോലി. 95 മത്സരങ്ങളില്‍ 72.66 ശരാശരിയില്‍ 5449 റണ്‍സാണ് കോലി അടിച്ചെടുത്തത്. 21 സെഞ്ചുറികളും 27 അര്‍ധസെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് മാത്രമാണ് ക്യാപ്റ്റനെന്ന നിലയിലുള്ള ഏകദിന റണ്‍വേട്ടയില്‍ കോലിക്ക് മുന്നിലുള്ള ഒരേയൊരു താരം.

Follow Us:
Download App:
  • android
  • ios