ഫിഡെയുടെ അന്താരാഷ്ട്ര ആർബിറ്റർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വനിതയാണ് ശുഭ രാകേഷ്. പ്രതിസന്ധികളോടും വെല്ലുവിളികളോടും പടവെട്ടിയ യാത്രയെക്കുറിച്ച് ശുഭ സംസാരിക്കുന്നു
മാതാപിതാക്കളുടെ കൈ പിടിച്ചുയരുന്ന മക്കളുടെ കഥകളെല്ലെ സുപരിചിതം. എന്നാല്‍, മകള്‍ കരുക്കള്‍ നീക്കിയപ്പോള്‍ 64 ചതുരങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്ത് പുതിയൊരു ലോകത്തിലേക്ക് ചുവടുവെച്ച ഒരു അമ്മയെ പരിചയപ്പെടുത്താം. പാലക്കാട് സ്വദേശിയായ ശുഭ രാകേഷ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന് കീഴില്‍ (ഫിഡെ) ആര്‍ബിറ്ററായി* തിരഞ്ഞെടുക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള ആദ്യ വനിത. ബാങ്കിങ് മേഖലയില്‍ തുടങ്ങിയ ജീവിതം ആഗോളതലത്തിലേക്ക് എത്തിച്ച യാത്രയെക്കുറിച്ച് ശുഭ രാകേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.
(ആർബിറ്റർ - ഫുട്ബോളില്‍ റഫറിയെപ്പോലെ ക്രിക്കറ്റില്‍ അമ്പയറിനെപ്പോലെ ചെസില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന വ്യക്തി)
മകള്‍ക്കായി പഠിച്ചുതുടങ്ങിയത്...
ബാങ്കിങ് പശ്ചാത്തലമായിരുന്നു എന്റേത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലായിരുന്നു ജോലി. പിന്നീട്, കുടുംബത്തോടൊപ്പം ദുബായിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടതായി വന്നു. പിന്നീട് മോകള്‍ ലക്ഷ്മിയുടെ ജനനത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. മോളൊരു യുകെജി പഠിക്കുന്ന സമയത്ത് ഒരു സമ്മർ ക്യാമ്പില്‍ ചേർന്നിരുന്നു, അവിടെ നിന്നാണ് മോള്‍ക്ക് ചെസില്‍ താല്‍പ്പര്യമുണ്ടെന്ന കാര്യം അറിയുന്നത്. അങ്ങനെ മോളെ ചെസ് ടൂർണമെന്റുകളില്‍ പങ്കെടുപ്പിക്കാനൊക്കെ ആരംഭിച്ചു. ഇ സമയത്ത് ചെസ് ടൂർണമെന്റുകളേയും അതിന്റ് നടത്തിപ്പ് സംബന്ധിച്ചുമൊക്കെ മനസിലാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. നിയമങ്ങള്‍ ഉള്‍പ്പെടെയെല്ലാം പഠിച്ചു. നോക്കുമ്പോള്‍ പലവീഴ്ചകളിലൂടെയായിരുന്നു ടൂർണമെന്റുകളുടെയൊക്കെ നടത്തിപ്പുകള്‍, അതെല്ലാം ഒഴിവാക്കി എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെയുള്ള ചിന്തകള്‍ മനസിലേക്ക് എത്തുകയായിരുന്നു പതിയെ.
ആർബിറ്ററിലേക്കുള്ള ചുവടുവെപ്പ്
സ്വതന്ത്രമായി ചെസ് ടൂർണമെന്റുകള്‍ സംഘടിപ്പിക്കാൻ ആരംഭിച്ചതാണ് വഴിത്തിരവായത്. എല്ലാം കാര്യങ്ങളും കൃത്യമായി പിന്തുടരുകയും നടപ്പാക്കുകയും ചെയ്തു. കൃത്യമായ ഘടനയോടുകൂടിയ സംഘാടനം വൈകാതെ മറ്റുള്ളവരും പിന്തുടർന്നു. വൈകാതെ എറണാകുളം ചെസ് അസോസിയേഷന്റെ ഭാഗമായി, അവിടെ മൂന്ന് വർഷം പ്രസിഡന്റായി സേവനമനുഷ്ടിക്കാൻ സാധിച്ചു.
കൂടുതല്‍ ചെസ് ടൂർണമെന്റുകളില്‍ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ക്രിക്കറ്റിലൊക്കെ അമ്പയർമാരെപ്പോലെ ഇവിടെ അർബിറ്റർ എന്നൊരു മേഖലയുണ്ടെന്ന് മനസിലായത്. ഈ വിഭാഗത്തില്‍ സ്ത്രീകളുടെ സാന്നിധ്യവും കുറവായിരുന്നു. പഠിക്കാനുള്ള താല്‍പ്പര്യം ചെറുപ്പം മുതലെയുള്ളതിനാല്‍, ആർബിറ്റർ ട്രെയിനിങ്ങ് സ്വീകരിച്ചു, ഫിഡെ ആർബിറ്ററിന്റെ സെമിനാറില്‍ പങ്കെടുത്തു. പരീക്ഷയില്‍ വിജയിച്ചു, മൂന്ന് ടൂര്‍ണമെന്റില്‍ ആര്‍ബിറ്ററായി തെളിയിച്ചു, ടൈറ്റില്‍ ലഭിച്ചു.
ദേശീയ തലത്തിലും അവസരങ്ങള്‍ തേടിയെത്തി. ദേശീയ ആര്‍ബിറ്ററി കമ്മീഷന്റെ മെമ്പറാകാൻ കഴിഞ്ഞു. ആദ്യമായാണ് കമ്മിഷനില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ടായത്. ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്റെ ഓര്‍ഗനൈസിങ് ട്രെയിനേഴ്സ് ടീമിലും അംഗമാകാൻ സാധിച്ചു. ഇന്ത്യ ആദ്യമായി ഒരു ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത് 2022ലാണ്, അന്ന് കേരളത്തില്‍ നിന്നുള്ള ഏക വനിത ഓഫിഷ്യലായി ഒളിമ്പ്യാഡിന്റെ ഭാഗമായി.

2026 മുതല്‍ 2027 വരെയുള്ള കാലയളവില്‍ ഫിഡെ നടത്തുന്ന അന്താരാഷ്ട്ര ഇവന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആര്‍ബിറ്റര്‍മാരുടെ പട്ടികയിലാണ് ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരിചയസമ്പത്ത്, ലീഡര്‍ഷിപ്പ്, ഭാഷാപരിചയം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ആഗോളതലത്തിലുള്ള 129 ചെസ് ഫെഡറേഷനുകളില്‍ നിന്ന് ആര്‍ബിറ്റര്‍മാരെ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ആദ്യത്തെ വനിത ആര്‍ബിറ്റര്‍കൂടിയാകാൻ കഴിഞ്ഞു.
ആര്‍ബിറ്ററിന്റെ ഉത്തരവാദിത്തം
ക്രിക്കറ്റില്‍ അമ്പയര്‍ അല്ലെങ്കില്‍ ഫുട്ബോളില്‍ റഫറി എങ്ങനെയാണോ അതേ റോളാണ് ചെസില്‍ ആര്‍ബിറ്റര്‍ക്ക്. ഒരു ടൂർണമെന്റ് നടത്തുമ്പോള്‍ നിർബന്ധമായും ആർബിറ്റർ ഉണ്ടാകണം. ഒരു മത്സരം നടക്കുമ്പോള്‍ താരങ്ങളുടെ ഭാഗത്തുനിന്ന് പല ക്ലെയിമുകള്‍ വരും, ഇത്തരം സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉചിതമായ നിഗമനത്തില്‍ എത്തുന്നതിനും എല്ലാനിയമങ്ങളും അറിയാവുന്ന ഒരാള്‍ ഉണ്ടായിരിക്കണം, അതാണ് ആർബിറ്റർ. ഗെയിമിനെ മാനേജ് ചെയ്യുന്ന ഒരു വിദഗ്ധ എന്നൊക്കെ പറയാനാകും.
ആർബിറ്റർ ആകണമെങ്കില്‍ ആദ്യം സീനിയര്‍ നാഷണല്‍ ആർബിറ്റർ ടെസ്റ്റ് ഉള്‍പ്പെടെ പാസാകേണ്ടതുണ്ട്. ശേഷമാണ് ഫിഡെ ആര്‍ബിറ്ററാകാൻ കഴിയുക. ഈ കടമ്പ മാത്രം കടന്നാല്‍ പോര ഇന്റർനാഷണല്‍ ആർബിറ്റർ തലത്തിലേക്ക് എത്താൻ. സെമിനാര്‍ പാസ് ആകണം, ഫിഡെ നോംസ് കിട്ടണം. അതായത് നാല് ടൂർണമെന്റുകളില്‍ ആർബിറ്ററായി നിന്ന് തെളിയിക്കേണ്ടതുണ്ട്.
കളിയേക്കാള്‍ അല്‍പ്പം കഠിനമായ ജോലിയാണ്. തീരുമാനം എടുക്കുക എന്നതാണ് പ്രധാനം. സാഹചര്യങ്ങള്‍ അനുസരിച്ച്, നിയമങ്ങള്‍ പിന്തുടര്‍ന്ന്, ലോജിക്കലായി ചിന്തിച്ച്...അങ്ങനെയെല്ലാം. ചില സാഹചര്യങ്ങളില്‍ കുട്ടികളുടെയൊക്കെ മുഖത്തെ പ്രതികരണം കണ്ട് പോലും തീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം.
ഗൂഷിന്റെ കരുവെടുത്ത് ഹികാരു എറിഞ്ഞത് പോലുള്ളവയില്‍ ആർബിറ്റർമാരുടെ റോള്‍
ഹികാരും ഗുകേഷിന്റെ കരു എടുത്ത് എറിഞ്ഞതും കാള്‍സണ്‍ വൈകാരികമായി പെരുമാറിയതുമെല്ലാം ഗെയിം പൂര്‍ത്തിയായതിന് ശേഷമാണ്. ഗെയിമിന്റെ ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ആര്‍ബിറ്റര്‍മാരുടെ നിയന്ത്രണത്തിലുള്ളത്. ഇത്തരം സംഭവങ്ങളില്‍ നടപടികള്‍ എടുക്കണോ വേണ്ടയോ എന്നതില്‍ തീരുമാനിക്കേണ്ടത് ചീഫ് ആര്‍ബിറ്റര്‍ പോലുള്ള മറ്റ് ഒഫീഷ്യല്‍സാണ്. എപ്പോഴും താരങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനം പുലർത്തുക, സ്പോർട്ട്‌സ്‌മാൻ സ്പിരിറ്റി നിലനിർത്തുക എന്നത് പ്രധാനമാണ്. അല്ലാത്ത കാര്യങ്ങള്‍ക്ക് സ്വീകാര്യതയുണ്ടെന്ന് കരുതുന്നില്ല. പിന്നെ, ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഇത്തരം കാര്യങ്ങളില്‍.
സ്ത്രീ എന്ന നിലയിലെ വെല്ലുവിളി
വെല്ലുവിളി നിറഞ്ഞ യാത്രയായിരുന്നു. നമുക്ക് കഴിവുണ്ട്, മുന്നോട്ട് പോകാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നൊക്കെ മനസിലാക്കി കഴിയുമ്പോഴാണല്ലോ കൂടുതല്‍ പ്രശ്നങ്ങള്‍ തേടിയെത്തുക. പ്രശ്നങ്ങളെ പോസിറ്റിവായി കാണാൻ തുടങ്ങി, അതിനെ മുന്നിലുള്ള വെല്ലുവിളിയായി പരിഗണിച്ചു. അതെല്ലാം മറികടക്കാനാകുമെന്ന ആത്മവിശ്വാസം ഉണ്ടായി. ഒളിമ്പ്യാഡിന് ശേഷമാണ് കൂടുതല്‍ വെല്ലുവിളികള്‍ മുന്നിലെത്തിയത്. ഒളിമ്പ്യാഡിന് ശേഷം സാധാരണയായി ഒരു ആർബിറ്ററിന്റെ ഗ്രാഫ് ഉയരുകയാണ് വേണ്ടത്, എന്റെ കാര്യത്തില്‍ നേര്‍ വിപരീതമായിരുന്നു കാര്യങ്ങള്‍. കേരളത്തില്‍ പലപ്പോഴും ഫിഡെ ടൂർണമെന്റ് നടക്കുമ്പോള്‍ പോലും വിളിക്കാൻ തയാറായിട്ടില്ല. നമ്മള്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ട് പോലും അനുകൂലമായൊരു തീരുമാനമുണ്ടായില്ല.
നമ്മള്‍ പലർക്കും ഭീഷണിയായേക്കാം എന്ന തോന്നലായിരിക്കാം. അന്താരാഷ്ട്ര തലത്തില്‍ ആർബിറ്ററാകാനുള്ള പല അവസരങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്, അത് അന്വേഷിക്കുമ്പോള്‍ ഉത്തരം ലഭിച്ചിട്ടില്ല.അസോസിയേഷന്റെ ഭാഗമായിരുന്നു, അവിടെയും വെല്ലുവിളികളും എതിർപ്പുകളുമുണ്ടായി. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാതിരുന്നതുകൊണ്ട് മൂന്ന് വർഷത്തിന് ശേഷം ഒഴിയുകയായിരുന്നു. സൈബർ ആക്രമണം, മാനസികമായുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. നിലനിന്ന് പോന്നിരുന്ന തെറ്റുകളെ തിരുത്താൻ ശ്രമിച്ചതായിരിക്കാം പലര്‍ക്കും ശത്രുതയുണ്ടാകാനുള്ള കാരണം. പോലീസില്‍ പരാതി നല്‍കേണ്ടി വന്ന സാഹചര്യം വരെയുണ്ടായി, പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലും പരാതിയായി നല്‍കി. അപ്പോഴും ആരുടേയും പിന്തുണയുണ്ടായില്ല. സ്ത്രീയെന്ന നിലയില്‍പ്പോലും ലഭിക്കേണ്ട ബഹുമാനമോ പിന്തുണയോ അന്ന് ലഭിച്ചിരുന്നില്ല.
ഇപ്പോള്‍ ഫിഡെയുടെ ആര്‍ബിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് മറ്റാര്‍ക്കും ഇടപെടല്‍ നടത്താൻ കഴിയാത്ത ഒന്നായതുകൊണ്ടാണ്. ആർബിറ്ററായി എനിക്ക് മികവ് പുലര്‍ത്താൻ സാധിക്കുമെന്നതിന്റെ തെളിവുകൂടിയാണ് ഇത്. പലരും മനസിലാക്കത്ത ഒന്ന്.
കുടുംബമാണ് എല്ലാം...
ഭർത്താവ് രാകേഷ് നായർ, കോൻകോർഡ് ഡിസൈൻസില്‍ സെയില്‍സ് ഹെഡായി ജോലി ചെയ്യുന്നു. മകള്‍ ലക്ഷ്മി രാകേഷ്, സരസ്വതി വിദ്യാനികേതനില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്, മകൻ അനയ് രാകേഷ് രാജഗിരി പബ്ലിക്ക് സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഇവരാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഒരു ചെസ് ടൂർണമെന്റ് നടക്കുമ്പോള്‍, പ്രത്യേകിച്ച് ഫിഡെയുടെ കീഴിലാണെങ്കില്‍ നാല് അല്ലെങ്കില്‍ അഞ്ച് ദിവസമൊക്കെ പൂർണമായും മാറി നില്‍ക്കേണ്ടതായി വരും. അപ്പോള്‍ മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വരും. ഇവിടെ കുടുംബം പൂർണമായും ഒപ്പമാണ്, അവരാണ് പ്രചോദനവും.
മോളാണ് എല്ലാത്തിന്റേയും കാരണം, മോള്‍ ചെസ് കളിക്കാൻ തുടങ്ങിയില്ലായിരുന്നെങ്കില്‍ ഈ മേഖലയിലേക്കെ ഞാൻ വരില്ലായിരുന്നല്ലോ.

ആ അപൂർവ നിമിഷം
2022 ഒളിമ്പ്യാഡിന്റെ സമയത്ത് പ്രൊമോഷണല്‍ ഇവന്റുമായി ബന്ധപ്പെട്ട് വിശ്വനാഥൻ ആനന്ദ് കൊച്ചിയിലെത്തിയിരുന്നു. അന്ന് ഇവന്റ് പ്രസന്റ് ചെയ്യാൻ നിയോഗിക്കപ്പെട്ടത് ഞാൻ ആയിരുന്നു. ആനന്ദിന്റെ മൈൻഡ് മാസ്റ്റർ എന്ന പുസ്തകത്തില്‍ മകള്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങിയിരുന്നു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും സംസാരിക്കാൻ സാധിച്ചതും ഒരിക്കലും മറക്കാനാകാത്ത ജീവിതത്തിലെ നിമിഷമാണ്. ഒളിമ്പ്യാഡിന്റെ സമയത്ത് മാഗ്നസ് കാള്‍സണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിച്ച ഹാളില്‍ ഡ്യൂട്ടി ചെയ്യാനായതൊക്കെ ഭാഗ്യമായാണ് കരുതുന്നത്.

ഗെയിമിനിടയിലെ മനസില്‍ തട്ടിയ ഓർമ
കുട്ടികളുടെ ഗെയിം നിയന്ത്രിക്കുമ്പോഴാണത്, അവർ കുറച്ചുകൂടി വൈകാരികമായാണ് ഗെയിമിനെ കാണുന്നത്. ഒരു അണ്ടര്‍ സെവൻ ടൂർണമെന്റില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടി ഗെയിമിനിടയില്‍ ഭയങ്കരമായി കരയുകയാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍, ആ കുട്ടിയുടെ നൈറ്റ് മൂവ് ചെയ്താല്‍ പരാജയപ്പെടുന്ന സാഹചര്യമാണ്, കുട്ടി അറിയാതെ നൈറ്റില്‍ തൊട്ടുപോയി. തൊട്ടാല്‍ കളിക്കാതെ മറ്റ് നിർവാഹമില്ല. കളിക്കില്ലെന്ന് പറഞ്ഞ് ആ കുട്ടി വല്ലാതെ അന്ന് കരഞ്ഞു. റൂള്‍സാണല്ലോ, നമുക്കതില്‍ ഒന്നും ചെയ്യാനാകില്ല. കുട്ടികളല്ലെ, അവർ കരയുമ്പോള്‍ അമ്മയെന്ന ഒരു ഫീല്‍ വരും, കൂടെയിരുന്നു സമാധാനിപ്പിച്ചു, മനസിലാക്കിക്കൊടുത്തു, സമ്മതിപ്പിച്ചു.
തുടരുന്ന പഠനം
ചെസ് മേഖലയില്‍ നിന്ന് വല്ലാതെ പ്രശ്നങ്ങള്‍ ഉയരുകയും അത് എന്നെ മാനസികമായും ബാധിക്കാനും തുടങ്ങിയപ്പോഴാണ് പഠനത്തിലേക്ക് തിരിഞ്ഞത്. ഇരുണ്ടകാലത്തെ അതിജീവിക്കാനൊരു മാര്‍ഗമായാണ് പഠനത്തെ കാണുന്നത്. പഠനം എന്നും ഇഷ്ടമുള്ള ഒന്നാണ്. കണക്കാണ് ഇഷ്ടവിഷയം, രാജഗിരി സ്കൂളില്‍ അധ്യാപികയായി നിന്നിരുന്നു. ഇപ്പോള്‍ ഓണക്കൂറുള്ള ചിന്മയ വിദ്യ പീഠത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ്. പുരാതന ഗണിതവും ആധുനിക ഗണിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചെയ്യുന്നത്. നമ്മളെ നയിക്കുന്നത് ഇഷ്ടങ്ങളാണല്ലോ...പഠനവും ചെസും ഇഷ്ടങ്ങളാണ്..
ഈ യാത്രയില്‍ എല്ലാവരോടും നന്ദിയാണ് പറയാനുള്ളത്. ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷൻ, സംസ്ഥാന അസോസിയേഷനുകള്‍, ഫിഡെ, മറ്റെല്ലാ ആർബിറ്റർമാർ, ഒഫീഷ്യലുകള്‍...അവസരങ്ങള്‍ തന്നതിനും പുതിയ കാര്യങ്ങള്‍ പഠിക്കാൻ സഹായിച്ചതിനുമെല്ലാം.
പ്രചോദനമാകാണം
എനിക്ക് ശേഷമെത്തുന്നവര്‍ക്ക് ഒരു മാതൃകയാകുക എന്ന ലക്ഷ്യവുമുണ്ട് ഈ യാത്രയ്ക്ക്. ആര്‍ബിറ്ററാകാൻ ആഗ്രഹിച്ച് വരുന്നവര്‍, പ്രത്യേകിച്ചും സ്ത്രീകള്‍. എനിക്ക് ഇത്രയും ചെയ്തിട്ടും പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താനാകാതെ പോയാല്‍ പിന്നാലെ വരുന്നവര്‍ക്ക് അതൊരു നിരാശയായിരിക്കും. അത്തരം ഒരു ഉദാഹരണമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, അവര്‍ക്കും ഈ വഴി തിരഞ്ഞെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരിക്കണം എന്റെ കരിയര്‍.


