ഛേത്രിയുടെ തിരിച്ചുവരവാണോ ദേശീയ ടീം അര്‍ഹിക്കുന്നതെന്ന ചോദ്യം മറുവശത്ത് നിന്ന് ഉയരുന്നുണ്ട്
റോസാരിയോയ്ക്ക് ഒരു മെസി, മദീരയ്ക്കൊരു ക്രിസ്റ്റ്യാനോ... ഈ പേരുകളോട് ചേർത്തുവെക്കാന്‍ ഇന്ത്യയ്ക്കാർക്ക് ആരുണ്ടെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരം മാത്രമാണുള്ളത്. സുനില്‍ ഛേത്രി. 273 ദിവസങ്ങള്‍ക്ക് മുൻപ് സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ നിന്ന് കണ്ണീരണിഞ്ഞായിരുന്നു ഛേത്രി ബൂട്ടൂരിയത്. ലോകഫുട്‌ബോളില്‍ ഇന്ത്യയൂടെ പേര് സുവര്‍ണലിപികളില്‍ ചേര്‍ത്തുവെച്ച ഇതിഹാസത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ യാത്ര ഒടുവില്‍ ആ നാല്‍പതുകാരനില്‍ തന്നെ അവസാനിച്ചിരിക്കുന്നു. യെസ്, സുനില്‍ ഛേത്രി ഈസ് ബാക്ക് ഇൻ ബ്ലു.
രണ്ട് പതിറ്റാണ്ടോളം 140 കോടി ജനങ്ങളുടെ പ്രതീക്ഷയെ വിയര്‍ത്തൊലിച്ച നീലക്കുപ്പായത്തില്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയവനാണ് ഛേത്രി. തോല്‍വി മുന്നില്‍കണ്ട് തലകുനിച്ചിരുന്ന ആരാധകരെ തലഉയര്‍ത്തി നോക്കാൻ പഠിപ്പിച്ചത് ആ 11-ാം നമ്പറുകാരനായിരുന്നു. അവനില്ലാതിരുന്ന ഒൻപത് മാസം ഇന്ത്യൻ ഫുട്ബോളിന്റെ പേരില്‍ ഒരു ജയം പോലുമില്ല. രണ്ട് തോല്‍വിയും മൂന്ന് സമനിലയും. എതിര്‍ വലയില്‍ നിക്ഷേപിക്കാനായത് മൂന്ന് ഗോളുകളും മാത്രം. ഇവിടെയായിരിക്കാം ഛേത്രിയിലേക്ക് തന്നെ മടങ്ങാമെന്ന തീരുമാനത്തിലേക്ക് മുഖ്യപരിശീലകൻ മനോളൊ മാര്‍ക്വസിനെയെത്തിച്ചത്.
ഒരു സ്ട്രൈക്കർക്ക് ഫുട്ബോള്‍ പണ്ഡിതന്മാർ നിശ്ചയിച്ച ഉയരമോ ശരീരിക ക്ഷമതയോ ഇല്ലാതിരുന്ന ഛേത്രിയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യയ്ക്കായി നിരന്തരം എതിര്‍ ഗോള്‍വലകളിലേക്ക് നിറയൊഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യ നേടിയ ആകെ ഗോളുകളുടെ 49 ശതമാനവും ഛേത്രിയുടെ ബൂട്ടില്‍ നിന്നായിരുന്നു. ഇരുകാലുകള്‍ക്കൊണ്ടും പന്ത് വലയിലെത്തിക്കാനുള്ള മികവ്, ബോക്സിനുള്ളില്‍ ഏത് ആംഗിളില്‍ നിന്നും ഗോള്‍ നേടാനുള്ള മിടുക്ക്, ബുള്ളറ്റ് ഹെഡറുകള്‍...ഇതെല്ലാം അയാളെ പോലെ കൈമുതലുള്ള ഒരാള്‍ നീല ജേഴ്സിയില്‍ നിലവില്ലെന്നതിന്റെ തെളിവാണ് മേല്‍പ്പറഞ്ഞ കണക്ക്.
ഛേത്രിയുടെ വിരമിക്കല്‍ തീരുമാനത്തിനോട് ഒരിക്കലും നീതിപുലര്‍ത്തുന്നതായിരുന്നില്ലെ അദ്ദേഹത്തിന്റെ ദേശീയ ടീമിനായും ഐഎസ്എല്‍ ക്ലബ്ബ് ബെംഗളൂരുവിനായുമുള്ള പ്രകടനം. ഈ സീസണില്‍ മാത്രം 12 തവണ എതിര്‍ പ്രതിരോധത്തെ ഛേത്രി കാഴ്ചക്കാരനാക്കിയിട്ടുണ്ട്. ഛേത്രിക്ക് പിന്നിലായുള്ള ഇന്ത്യൻ താരം 23കാരനായ ബ്രൈസണ്‍ ഫെര്‍ണാണ്ടസാണ്. 40 പിന്നിടുമ്പോഴും യുവതാരങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍. ആകെ ഗോള്‍ കോണ്ട്രിബ്യൂഷനിലും ഛേത്രിയോട് മല്ലിടാൻ ഒരു ഇന്ത്യൻ താരത്തിനും ഈ സീസണില്‍ ഐഎസ്എല്ലില്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ജെജെ ലാല്‍പെഖ്‍ലുവ, റോബിന്‍ സിങ്, സുമിത് പാസി, ബല്‍വന്ത് സിങ്, സുശീല്‍ കുമാർ, ഫാറൂഖ് ചൌദരി എന്നിവരെയെല്ലാം സ്ട്രൈക്കർമാരായി ഇന്ത്യ പരീക്ഷിച്ചു. ജെ ജെ മാത്രമായിരുന്നു അല്‍പ്പമെങ്കിലും നീതി പുലര്‍ത്തിയത്. മറ്റെല്ലാവരും ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടായി മാറിയില്ല.
പക്ഷേ, ഛേത്രിയുടെ തിരിച്ചുവരവാണോ ദേശീയ ടീം അര്‍ഹിക്കുന്നതെന്ന ചോദ്യം മറുവശത്ത് നിന്ന് ഉയരുന്നുണ്ട്. താനില്ലാതെ ഇന്ത്യൻ ടീം കിതക്കുന്നുവെന്ന തോന്നലാകാം തിരിച്ചുവരവിന് കൈകൊടുക്കാൻ ഛേത്രിയെ പ്രേരിപ്പിച്ചത്. ഛേത്രിയുടെ വരവ് എത്രകാലം നീണ്ടുനില്‍ക്കും, വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരില്ല തുടങ്ങിയ ആശങ്കകളും നിലനില്‍ക്കുന്നു. എഎഫ്സി ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഛേത്രി ബൂട്ടുകെട്ടുമ്പോള്‍ അത് ഇന്ത്യൻ ഫുട്ബോളിന്റെ അതിജീവനത്തിന് കൂടിയാകണം.
അന്‍പതുകളില്‍ ശൈലേന്ദ്ര നാഥും അറുപതുകളില്‍ പികെ ബാനർജിയും ഇന്ദര്‍ സിങ്ങുമായിരുന്നു ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖവും കളത്തിലെ കരുത്തും. ഏഴുപതുകളില്‍ അത് ഷബീർ അലിയായിരുന്നു. പിന്നീട് ഐ എം വിജയന്‍, ബെയ്‌ച്ചുങ് ബൂട്ടിയ...ഒടുവില്‍ ഛേത്രിയും. ഛേത്രിക്ക് പകരം ഛേത്രി മാത്രം.
