Asianet News MalayalamAsianet News Malayalam

പരീക്ഷണങ്ങള്‍ അനവധി, എന്നിട്ടും 2021ലെ ലോകകപ്പില്‍ 'ചതിച്ച' അതേ ബാറ്റിംഗ് നിരയുമായി ടീം ഇന്ത്യ

രണ്ട് മത്സരങ്ങളിലും ദുബായിലെ നിര്‍ണായക ടോസ് നഷ്ടമാവുകയും ബാറ്റിംഗിനയക്കപ്പെടുകയും ചെയ്ത ഇന്ത്യക്ക് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇതോടെ ഇന്ത്യന്‍ ടീം അഴിച്ചുപണിയാനും പുതിയ വിന്നിംഗ് കോംബിനേഷന്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങി.

T20 World Cup: After experiments, Team India continues with the same batting line up s in 2021
Author
First Published Sep 12, 2022, 8:28 PM IST

മുംബൈ: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ സെമിയില്‍ പോലും എത്താതെ ആദ്യ റൗണ്ടില്‍ ഇന്ത്യ പുറത്തായത് ആരാധകര്‍ക്ക് വലിയ നിരാശയും ഞെട്ടലുമാണ് സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റതാണ് ഇന്ത്യയുടെ മുന്നോട്ടുള്ള വഴി അടച്ചത്.

രണ്ട് മത്സരങ്ങളിലും ദുബായിലെ നിര്‍ണായക ടോസ് നഷ്ടമാവുകയും ബാറ്റിംഗിനയക്കപ്പെടുകയും ചെയ്ത ഇന്ത്യക്ക് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇതോടെ ഇന്ത്യന്‍ ടീം അഴിച്ചുപണിയാനും പുതിയ വിന്നിംഗ് കോംബിനേഷന്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. രാഹുല്‍ ദ്രാവിഡ് പരിശീലകനായും രോഹിത് ശര്‍മ നായകനായും എത്തിയതോടെ ഇന്ത്യന്‍ ടീമില്‍ പരീക്ഷണങ്ങളുടെ ഘോഷയാത്രയായിരുന്നു. ദ്വീരാഷ്ട്ര പരമ്പരകളില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഐപിഎല്‍ സെന്‍സേഷനുകളെ ദ്രാവിഡും രോഹിത്തും മാറി മാറി പരീക്ഷിച്ചു. വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും രാഹുല്‍ ത്രിപാഠിയും സഞ്ജു സാംസണും അങ്ങനെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു.

എന്നാല്‍ ഇന്ന് അടുത്തമാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോഴോ ബാറ്റിംഗ് നിരയില്‍ ആകെ വരുത്തിയത് ഒരേയൊരു മാറ്റം. അതും ഏഷ്യാ കപ്പിനിടെ രവീന്ദ്ര ജഡേജക്ക് അപ്രതീക്ഷിതമായി പരിക്കേറ്റതുകൊണ്ട് ദീപക് ഹൂഡ ടീമിലെത്തി എന്നത് മാത്രം.

ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് സഞ്ജു, ആശ്വസിപ്പിച്ച് ആരാധകര്‍

കഴിഞ്ഞ ലോകകപ്പില്‍ ബാറ്റിംഗ് നിരയില്‍ ഇന്ത്യക്കായി കളിച്ച രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇത്തവണയും സ്ഥാനം നിലനിര്‍ത്തി. ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇത്രയേറെ യുവതാരങ്ങളെ പരീക്ഷിച്ചതും ടി20യില്‍ പുതിയ സമീപനം സ്വീകരിച്ചതുമെല്ലാം ഇതിന് വേണ്ടിയായിരുന്നോ എന്ന് ആരാധകര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമിലെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന് പകരം ദിനേശ് കാര്‍ത്തിക്

കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ഇഷാന്‍ കിഷന് പകരം ഫിനിഷറായി തെരഞ്ഞെടുക്കപ്പെട്ട ദിനേശ് കാര്‍ത്തിക് ഇത്തവണ ടീമിലെത്തിയതാണ് പ്രധാന മാറ്റം.

ഷര്‍ദ്ദുലിന് പകരം ഹര്‍ഷല്‍ പട്ടേല്‍

അത്യാവശ്യം ബാറ്റ് ചെയ്യാനറിയാവുന്ന പേസറായി കഴിഞ്ഞ തവണ ടീമിലെത്തിയത് ഷര്‍ദ്ദുല്‍ ഠാക്കൂറാണെങ്കില്‍ ഇത്തവണ ഹര്‍ഷല്‍ പട്ടേലാണ് പുതിയ മുഖമായി പകരം ലോകകപ്പ് ടീമിലെത്തിയത്

ചാഹറിന് പകരം ചാഹല്‍

രാഹുല്‍ ചാഹറിന് പകരം യുസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത മികവാണ് ചാഹലിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്.

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 ടീം ആയി, മുഹമ്മദ് ഷമി തിരിച്ചെത്തി, സഞ്ജുവിന് ഇടമില്ല

രവീന്ദ്ര ജഡേജക്ക് പകരം അക്സര്‍ പട്ടേല്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച രവീന്ദ്ര ജഡേജക്ക് ഏഷ്യാ കപ്പിനിടെ പരിക്കേറ്റതോടെ അക്സര്‍ പട്ടേലിന് ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അക്സര്‍ റിസര്‍വ് താരമായിരുന്നു.

മുഹമ്മദ് ഷമിക്ക് പകരം അര്‍ഷ്ദീപ് സിംഗ്

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പേസര്‍ മുഹമ്മദ് ഷമി ഇത്തവണ സ്റ്റാന്‍ഡ് ബൈ താരമായപ്പോള്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ഇത്തവണ ടീമിലെത്തി.

റിസര്‍വ് താരങ്ങള്‍: കഴിഞ്ഞ ലോകകപ്പില്‍ റിസര്‍വ് താരങ്ങളായിരുന്ന ശ്രേയസ് അയ്യരും ദീപക് ചാഹറും ഇത്തവണയും സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്. രവി ബിഷ്ണോയിയും മുഹമ്മദ് ഷമിയുമാണ് മറ്റ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

Follow Us:
Download App:
  • android
  • ios