പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ ഏതൊക്കെ താരങ്ങളെ റിലീസ് ചെയ്യണം,ആരെയൊക്കെ നിലനിർത്തണം?
സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയല്‍സ്. നിരാശയുടെ 18-ാം സീസണ്‍. ഒരിക്കല്‍ക്കൂടി കീരിട മോഹങ്ങള്‍ ഉപേക്ഷിച്ച് മടക്കം. പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ ഏതൊക്കെ താരങ്ങളെ റിലീസ് ചെയ്യണം,ആരെയൊക്കെ നിലനിർത്തണം?
2026 മിനി താരലേലത്തിന്റെ ഘടന എത്രതാരങ്ങളെ റിലീസ് ചെയ്യാം, നിലനിർത്താം, എത്ര തുക ഒരു ടീമിന് ചിലവഴിക്കാം എന്നതിലൊന്നും വ്യക്തതയുണ്ടായിട്ടില്ല. എങ്കിലും ചില താരങ്ങളുടെ മോശം പ്രകടനങ്ങളോട് കണ്ണടയ്ക്കാനാകുന്ന ഒന്നല്ല.
ഒരു ജയം പോലും പ്ലേ ഓഫ് സാധ്യതകളെ നിർണയിക്കപ്പെട്ട സീസണില്‍ കൈപ്പിടിയിലിരുന്ന നാല് മത്സരങ്ങളായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത് താരലേലത്തില്‍ പ്രതീക്ഷയ്ക്കൊത്തൊരു ടീമിനെ പടുത്തുയർത്താൻ കഴിയാതെ പോയതാണ്. മുതിർന്ന താരങ്ങളെ ഒഴിവാക്കി യുവനിരയെ കളത്തിലെത്തിക്കുക എന്നതായിരുന്നിരിക്കാം മാനേജ്മെന്റിന്റെ ലക്ഷ്യം. പക്ഷേ, ജോസ് ബട്ട്ലറിനേയും ട്രെന്റ് ബോള്‍ട്ടിനേയും റിലീസ് ചെയ്ത് നീതീകരിക്കാനാകുന്ന ഒന്നായിരുന്നില്ല.
ആദ്യം റിലീസ് ചെയ്യേണ്ടവരിലേക്ക്. ബട്ട്ലറിനെ ഒഴിവാക്കി രാജസ്ഥാൻ നിലനിർത്തിയ ഏക വിദേശതാരം, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. ഫിനിഷറെന്ന നിലയിലായിരിക്കാം ഹെറ്റ്‌മയറിന് മുൻതൂക്കം ലഭിച്ചത്. എന്നാല്‍, രാജസ്ഥാൻ തോല്‍വി വഴങ്ങിയ നാല് ക്ലോസ് മാച്ചുകളില്‍ മൂന്നിലും അവസാന ഓവറുകള്‍ വരെ ഹെറ്റ്‌മയർ ക്രീസിലുണ്ടായിരുന്നു. ഒന്നില്‍ പോലും തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാതെ പോയി. പ്രത്യേകിച്ചും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുമെതിരായ മത്സരങ്ങള്‍.
ഈ ഒരു സീസണിലെ പ്രകടനം മാത്രമല്ല ഇവിടെ കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. 2024ല്‍ 12 കളികളില്‍ നിന്ന് 113 റണ്‍സായിരുന്നു വിൻഡീസ് ബാറ്ററുടെ സമ്പാദ്യം. പക്ഷേ, മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റ് കൈമുതലായിട്ടുണ്ടായിരുന്നു. എന്നാല്‍, സ്ട്രൈക്ക് റേറ്റിലും ഹെറ്റ്മയർ പിന്നോട്ട് പോകുന്നതാണ് സീസണില്‍ കണ്ടത്. 14 മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് നേട്ടം.
മധ്യനിരയിലെ വിശ്വാസമാകാനായിരുന്നു നിതീഷ് റാണയുടെ നിയോഗം. ആഭ്യന്തര ക്രിക്കറ്റില്‍ ശരാശരിക്കും താഴെയുള്ള പ്രകടനം മാത്രമാണ് പുറത്തെടുത്തതെങ്കിലും നിതീഷിന്റെ ഐപിഎല്ലിലെ പരിചയസമ്പത്തിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ. ബാറ്റേന്തിയ 11 മത്സരങ്ങളില്‍ ഒൻപതിലും നിരാശപ്പെടുത്തി.
ജയ്സ്വാള്‍ തിളങ്ങിയത് മാറ്റിനിർത്തിയാല്‍ രാജസ്ഥാന്റെ മുൻനിര കഴിഞ്ഞ സീസണുകളിലേതുപോലെ മികവ് കാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മധ്യനിര ബാറ്റർമാർക്ക് ഇത്തവണ നിര്‍ണായക റോളുമുണ്ടായിരുന്നു. പക്ഷേ, നിതീഷിന് ആ ഉത്തരവാദിത്തം നിറവേറ്റാനായിരുന്നില്ല. 11 കളികളില്‍ നിന്ന് 217 റണ്‍സ് മാത്രമാണ് നേട്ടം. രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ മാറ്റി നിര്‍ത്തിയാല്‍ അവശേഷിച്ച ഒൻപത് മത്സരത്തില്‍ നിന്ന് 85 റണ്‍സാണ് സമ്പാദ്യം.
ഇനി ബൗളര്‍മാരിലേക്ക് വരാം, വെട്ടേരൻ ഓഫ് സ്പിന്നറായ രവി അശ്വിൻ, ലെഗ് സ്പിന്നറായ യുസുവേന്ദ്ര ചഹല്‍. ഇവരുടെ അഭാവം നികത്താൻ രാജസ്ഥാൻ തിരഞ്ഞെടുത്തത് ശ്രീലങ്കൻ ദ്വയമായ മഹേഷ് തീക്ഷണയേയും വനിന്ദു ഹസരങ്കേയുമായിരുന്നു. ഹസരങ്കയെ ടീമിലെടുത്തതിന് പിന്നില്‍ ഓള്‍ റൗണ്ടര്‍ എന്ന ആനുകൂല്യം കൂടി ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, പന്തുകൊണ്ടും ബാറ്റുകൊണ്ടും ശ്രീലങ്കൻ അത്ഭുതങ്ങള്‍ ഐപിഎല്ലിലുണ്ടായില്ല.
ബാറ്റുകൊണ്ട് ഒൻപത് റണ്‍സ് മാത്രമായിരുന്നു ഹസരങ്കയ്ക്ക് നേടാനായത്, 11 വിക്കറ്റുകളും സ്വന്തമായുണ്ട്. ഐപിഎല്ലിന്റെ ഒരു സീസണിലും ബാറ്റുകൊണ്ട് തിളങ്ങാനാകാതെ പോയ താരമാണ് ഹസരങ്ക. പരുക്കിന് ശേഷം താരത്തിന്റെ ബൗളിങ് മികവിലും ഇടിവുണ്ടായി.
തീക്ഷണ നേടിയത് പത്ത് വിക്കറ്റായിരുന്നു. പല മത്സരങ്ങളിലും ഓഫ് സ്പിന്നറുടെ എക്കണോമി 10നും 12നും മുകളില്‍. പവര്‍പ്ലേകളില്‍ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതിലും മുന്നിലായിരുന്നു തീക്ഷണ ഇരുവരേയും ഒരു സീസണിലൂടെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.
കരിയര്‍ എക്കണോമി പത്തിനെടുത്തുള്ള പേസ് ബൗളര്‍ തുഷാര്‍ ദേശ്‌പാണ്ഡെ. സീസണില്‍ തന്റെ ശരാശരിക്കും മുകളിലായിരുന്നു തുഷാറിന്റെ എക്കണോമി, 10.63. ഒൻപത് വിക്കറ്റുകളാണ് വലം കയ്യൻ പേസറുടെ സീസണിലെ നേട്ടം. ചെന്നൈയുടെ ഭാഗമായിരിക്കെ വിക്കറ്റ് ടേക്കിങ് ബൗളറായി തിളങ്ങിയ തുഷാറിന്റെ നിഴല്‍ പോലും പിങ്ക് ജഴ്‌സിയിലുണ്ടായില്ല. ചെപ്പോക്കിന് സമാനമല്ലാത്ത വിക്കറ്റുകളിലെല്ലാം ബാറ്റര്‍മാര്‍ സ്കോറിങ്ങിനായി പലപ്പോഴും തിരഞ്ഞെടുത്തതും തുഷാറിനെയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ആവര്‍ത്തിക്കാനാകാതെയും പോയി.
ലീഡ് ബൗളറായി തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചറാണ് മറ്റൊരു ആശങ്ക. 12 മത്സരങ്ങളില്‍ പന്തെടുത്ത ആര്‍ച്ചറിന് 11 വിക്കറ്റുകളാണ് നേടാനായത്. 6.55 എക്കണോമിയില്‍ വരെ ഐപിഎല്ലില്‍ പന്തെറിഞ്ഞ് മികവ് കാണിച്ചിട്ടുള്ള ആര്‍ച്ചർ കഴിഞ്ഞ രണ്ട് സീസണിലായി ഒരു ഓവറില്‍ ശരാശരി 10 റണ്‍സോളം വഴങ്ങുന്നുണ്ട്. എന്നിരുന്നാലും താരത്തിനെ റിലീസ് ചെയ്യാൻ സാധ്യത കുറവാണ്.
റണ്ണൊഴുക്ക് തടയാൻ മികവ് കാണിക്കുന്ന ഒരാള്‍ പോലും രാജസ്ഥാൻ ബൗളിങ് നിരയില്‍ ഇത്തവണയുണ്ടായില്ലെന്ന് പറയാം. സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ ഏഴിലും 200 റണ്‍സിലധികം ബൗളര്‍മാര്‍ വഴങ്ങിയിട്ടുമുണ്ട്. അതുകൊണ്ട് ബൗളിങ് നിരയില്‍ പുതിയ മുഖങ്ങളെ പ്രതീക്ഷിക്കേണ്ടതായി വരും.
സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ദ്രുവ് ജൂറല്‍, റിയാൻ പരാഗ്, ആകാശ് മധ്വാള്‍ തുടങ്ങിയ ഇന്ത്യൻ താരങ്ങളെ രാജസ്ഥാൻ നിലനിര്‍ത്തിയേക്കും. മധ്യനിരയിലും ബൗളിങ് വിഭാഗത്തിലുമാണ് കാര്യമായ അഴിച്ചുപണിയുടെ ആവശ്യം നിലനില്‍ക്കുന്നത്.


