കിരീടത്തിനായി 18 വർഷം കാത്തിരുന്നെങ്കിൽ ആഘോഷം രണ്ട് ദിവസം വൈകിയാൽ എന്തായിരുന്നു പ്രശ്നമെന്നും കിര്‍മാണി.
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ബെംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം സയ്യിദ് കിര്‍മാണി. ഫൈനലിന് തൊട്ടടുത്ത ദിവസം തന്നെ വിജയാഘോഷം നടത്തേണ്ട ആവശ്യം എന്തായിരുന്നുവെന്ന് കിര്‍മാണി ചോദിച്ചു. വിജയാഘോഷം നടത്താനായി ആര്‍സിബിയും അധികൃതരും അനാവശ്യ തിടുക്കം കാണിച്ചുവെന്നും കിര്‍മാണി ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു.
കിരീടത്തിനായി 18 വർഷം കാത്തിരുന്നെങ്കിൽ ആഘോഷം രണ്ട് ദിവസം വൈകിയാൽ എന്തായിരുന്നു പ്രശ്നമെന്നും കിര്‍മാണി ചോദിച്ചു. സുരക്ഷ ഒരുക്കാൻ പോലീസിന് മതിയായ സമയം നൽകിയില്ലെന്നും കളിക്കാർ ക്ഷീണിതരായാണ് ബെംഗളൂരുവില്‍ എത്തിയതെന്നും കിര്‍മാണി പറഞ്ഞു. ആരാധകരുടെ അമിതാവേശത്തെയും കിർമാണി വിമര്‍ശിച്ചു.
ക്രിക്കറ്റ് പ്രേമികളുടെ ആവേശം അതിരുകടന്നു. അതിരുവിട്ടാൽ എന്തും അപകടമാണ്. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കരുതെന്നും കിര്‍മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തില്‍ കര്‍ശന നടപടിയെടുക്കാൻ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ദുരന്തത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെയും ആര്‍സിബി അധികൃതരുടെയും പങ്ക് അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു.
ഐപിഎല്‍ കീരീട നേട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെത്തിയ ആര്‍സിബി ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കി. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയഘോഷം നടത്തുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയയെ നിയമസഭയിലെത്തി കണ്ടശേഷമായിരുന്നു ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. ഇതിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ മരിച്ചത്. 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


