കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെയായിരിക്കുന്നു, ന്യൂസിലൻഡിലെ ക്രിക്കറ്റ് ആരാധകരുടെ ആകാംഷയുടെ കാരണങ്ങളില്‍ മുന്നിലുള്ളത് സഞ്ജുവോ അഭിഷേകോ ഇഷാനോ, അല്ലെങ്കില്‍ ഭുവിയോ അല്ല, ആ 15 വയസുകാരന്റെ പ്രതിഭയാണ്
ക്രൈസ്റ്റ് ചര്‍ച്ചില്‍ ന്യൂസിലൻഡ് ഇന്നിങ്സിന്റെ 20-ാം ഓവറില്‍ പകരക്കാരനായി ഒരാള്‍ എത്തി. ഗ്ലെൻ ഫിലിപ്സ് തല്ലിക്കെടുത്തിയ ഇന്ത്യൻ ആരാധകരുടെ ആവേശമെല്ലാം പൊടുന്നനെ തിരിച്ചുവന്നത് അപ്പോഴായിരുന്നു. വൈഭവ് സൂര്യവംശി, ഉയർന്ന ആരവങ്ങള്‍ക്ക് പിന്നിലെ കാരണം അവനായിരുന്നു.
കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെയായിരിക്കുന്നു, ന്യൂസിലൻഡിലെ ക്രിക്കറ്റ് ആരാധകരുടെ ആകാംഷയുടെ കാരണങ്ങളില്‍ മുന്നിലുള്ളത് സഞ്ജുവോ അഭിഷേകോ ഇഷാനോ, അല്ലെങ്കില്‍ ഭുവിയോ അല്ല, ആ 15 വയസുകാരന്റെ പ്രതിഭയാണ്. ഒരു ഇന്നിങ്സെങ്കിലും കാണാനാകണമെന്ന ആഗ്രഹം അവർക്കുണ്ടെന്ന് കമന്ററി ബോക്സിലിരുന്ന ഇതിഹാസങ്ങള്‍ പറയുകയുണ്ടായി. എന്ത് ചെയ്യാം, സഞ്ജുവിനേയും അഭിഷേകിനേയും മറികടന്ന് അന്തിമ ഇലവനിലേക്ക് എത്തുക അസാധ്യമായൊരു കടമ്പയാണിന്ന്. അവസരങ്ങള്‍ക്കായി ക്ഷമയോടെ തുടരണമെന്ന ഉപദേശമാണ് നായകൻ ശ്രേയസ് അയ്യർ ഏറ്റവും ഒടുവിലായി പറഞ്ഞിരിക്കുന്നതും.
എന്നാല്‍, ക്രൈസ്റ്റ്ചർച്ച് ആതിഥേയത്വം വഹിക്കുന്ന രണ്ടാം ടി20യില്‍ വൈഭവ് പ്ലേയിങ് ഇലവനിലുണ്ടായേക്കുമെന്നാണ് സൂചനകള്‍. ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇഷാൻ കിഷന് പകരം തിലക് വര്മയെത്തിയതിന് ഗൗതം ഗംഭീര്‍ കേള്‍ക്കാനിനി വിമര്‍ശനം ബാക്കിയില്ല. ബാറ്റിങ് ഓര്‍ഡറിലെ ഈ തിരുത്തലിന് പിന്നില്‍ കൃത്യമായൊരു കാരണമുണ്ടായിരുന്നുവെന്ന സ്ഥിരീകരണം ബിസിസിഐയുടെ ഭാഗത്തുനിന്ന് തന്നെ വന്നിരിക്കുന്നു. ഇഷാന്റെ വലതു തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു, ഇതായിരുന്നു മാറ്റത്തിന്റെ അധാരം.
രണ്ടാം ടി20യില്‍ ഇഷാൻ ഉണ്ടാകില്ലെന്ന സ്ഥിരീകരണവും ബിസിസിഐ നടത്തിയിട്ടുണ്ട്. ഇഷാന്റെ അഭാവത്തില്‍ ആര്‍ക്കായിരിക്കും അവസരമെന്ന ചോദ്യത്തിന് ഒരു ഉത്തരമെയുള്ള, വൈഭവ്. 15 വയസുകാരനായിരിക്കും മുൻഗണന എന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷും കോട്ടക്ക് വ്യക്തമാക്കിയിട്ടുമുണ്ട്.
വൈഭവ് അന്തിമ ഇലവനിലേക്ക് എത്തിയാല്‍ ഏത് പൊസിഷനില്‍ കളിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം. അവസാനമായി വൈഭവ് ഇന്ത്യക്കായി ക്രീസിലെത്തിയത് കഴിഞ്ഞ ഏഷ്യൻ ഗെയിംസിലാണ്. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനുമെതിരെ. ഈ രണ്ട് മത്സരങ്ങളിലും വൈഭവിനെ ഓപ്പണിങ് സ്ലോട്ടില്‍ തന്നെയാണ് താത്കാലിക പരിശീലക ചുമതലയിലുണ്ടായിരുന്ന വിവിഎസ് ലക്ഷ്മണ് പരീക്ഷിച്ചത്. മൂന്നാം നമ്പറിലേക്ക് ഇറങ്ങേണ്ടി വന്നതാകട്ടെ സഞ്ജു. ഓപ്പണിങ് സ്ഥാനം നഷ്ടമായ രണ്ട് മത്സരങ്ങളിലും സഞ്ജു പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍, ഗൗതം ഗംഭീറിന്റെ നിലപാടുകള്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നതായിരുന്നു. സഞ്ജു ലോകകപ്പില്‍ ചെയ്തതൊന്നും മറക്കാൻ കഴിയില്ലെന്നും രണ്ടോ മൂന്നോ മോശം ഇന്നിങ്സുകള്ക്കൊണ്ട് അളക്കാൻ കഴിയില്ലെന്നും ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈഭവിന് മുന്നില്‍ വര്‍ഷങ്ങളുണ്ടെന്നും കാത്തിരിക്കണമെന്നുമായിരുന്നു ഗംഭീറിന്റെ ഉപദേശം. ഗംഭീര്‍ സഞ്ജുവിനെ ബാക്ക് ചെയ്യുമ്പോള്‍ വൈഭവ് ഓപ്പണിങ്ങിലേക്ക് എത്തുമോയെന്നതാണ് ആകാംഷ.
ഇവിടെ പരിഗണിക്കേണ്ടത് സഞ്ജു ഓപ്പണിങ്ങില്‍ പുറത്തെടുക്കുന്ന ഫോമാണ്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറി സഞ്ജുവിന്റെ പേരിലുണ്ട്. വിൻഡീസ് പരമ്പരയില്‍ അഭിഷേകിനും ഇഷാനും മുകളിലായിരുന്നു സഞ്ജുവിന്റെ കണക്കുകള്‍. വൈഭവ് ന്യൂസിലൻഡിലെ സാഹചര്യങ്ങളോട് പരിചതമാകേണ്ടതുണ്ടെന്ന് ശ്രേയസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശ വിക്കറ്റുകള്‍ വൈഭവിന് വെല്ലുവിളിയാണെന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ കണ്ടതാണ്.
ഇംഗ്ലണ്ട് പര്യടനത്തിലെ വൈഭവിന്റെ സ്കോറുകള്‍ 14, 13, 15 എന്നിങ്ങനെയായിരുന്നു. ആകെ നേരിട്ടത് 25 പന്തുകളാണെങ്കിലും അഞ്ച് സിക്സറുകള്‍ കണ്ടെത്താൻ ഇടം കയ്യൻ ബാറ്റര്‍ക്കായിരുന്നു. ഷോര്‍ട്ട് ബോളുകളായിരുന്നു വൈഭവിനെ വീഴ്ത്താൻ ഇംഗ്ലണ്ട് പേസര്‍മാര്‍ ഉപയോഗിച്ചത്. പ്രത്യേകിച്ചും ജോഫ്ര ആര്‍ച്ചറും ജോഷ് ടങ്ങും. വൈഭവിന്റെ ശരീരത്തെയും തലയേയും നിരന്തരം ലക്ഷ്യമിട്ടായിരുന്നു പവര്‍പ്ലേയിലെ ഇംഗ്ലണ്ടിന്റെ സ്ട്രാറ്റര്‍ജി.
ന്യൂബോളില്‍ സ്ട്രഗിള്‍ ചെയ്യുന്ന വൈഭവിനെ ഇംഗ്ലണ്ടില്‍ കണ്ടു. ആര്‍ച്ചറിനെതിരെ 13 പന്തുകളില്‍ നിന്ന് 18 റണ്‍സായിരുന്നു വൈഭവിന്റെ നേട്ടം, രണ്ട് തവണ പുറത്താകുകയും ചെയ്തു. വൈഭവിന്റെ സ്വഭാവികമായുള്ള അറ്റാക്കിങ് ശൈലിയെ കൃത്യമായി ഇംഗ്ലീഷ് പേസര്‍മാര്‍ ഉപയോഗിച്ചു. വിൻഡീസ് പരമ്പരയിലുടനീളം പുറത്തിരിക്കേണ്ടി വന്ന വൈഭവിന് മതിയായ മാച്ച് ടൈം ലഭിച്ചിട്ടില്ല മറ്റൊരു സീരീസിന് തയാറെടുക്കാൻ. ഇതുതന്നെയാണ് ഇംഗ്ലണ്ടിലെ ഡൗണ്ഫാളിന്റെ കാരണമായ ഘടകങ്ങളിലൊന്ന്. അതുകൊണ്ട് ലഭിക്കുന്ന അവസരം ചുരുങ്ങിയതാണെങ്കിലും വൈഭവിന് നിര്‍ണായകമാണ്.


