റാല്‍ഫി ആല്‍ബെര്‍ട്ടിന്റെ പന്തില്‍ സിംഗിളെടുത്തായിരുന്നു ആ ചരിത്രം വൈഭവ് തിരുത്തുന്നത്

നോര്‍ത്താംറ്റണില്‍ അലക്‌സാണ്ടര്‍ വേഡിന്റെ പന്തില്‍ ജോസഫ് മൂ‍ര്‍സിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ വൈഭവ് സൂര്യവംശി ഒരു നിമിഷം ക്രീസില്‍ അചഞ്ചലനായി നിന്നു. ഇന്ത്യൻ ഇന്നിങ്സ് എട്ടാം ഓവറിന്റെ തുടക്കത്തിലായിരുന്നു അപ്പോള്‍. വൈഭവിന്റെ സ്കോര്‍ 31 പന്തില്‍ 86 റണ്‍സ്. സെഞ്ച്വറിയിലേക്ക് എത്താനുള്ള 14 റണ്‍സിലേക്ക് അവന് മുന്നില്‍ 42 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. അതായിരിക്കാം ഒരുപക്ഷേ വൈഭവിനെ നിശ്ചലനാക്കിയത്.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വോ‍ര്‍സെസ്റ്ററില്‍ വൈഭവ് ബാറ്റുചെയ്യാനിറങ്ങുകയാണ്. നോര്‍ത്താംറ്റണില്‍ നിന്നും വിഭിന്നമായി ഒന്നും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 താരങ്ങള്‍.

പക്ഷേ, പതിവിന് വിപരീതമായിരുന്നു കാര്യങ്ങള്‍. 14കാരൻ പയ്യന് എന്തെന്നില്ലാത്ത ഒരു സമ്യമനം. പെ‍ര്‍ത്തില്‍ റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച, തന്റെ പ്രായത്തേക്കാള്‍ കരിയറിന്റെ ദൈര്‍ഘ്യമുള്ള ഇഷാന്ത് ശര്‍മയേയും ജഡേജയേയും, ഒപ്പം മാ‍ര്‍ക്കൊ യാൻസണേയും റാഷിദ് ഖാനെയുമൊക്കെ അനായാസം ഗ്യാലറിയിലേക്ക് നിക്ഷേപിച്ച വൈഭവിന് ഇത് എന്ത് പറ്റിയെന്ന് ചിന്തിച്ചിട്ടുണ്ടാകണം ഇംഗ്ലണ്ട് നായകൻ തോമസ് റൂ.

നേരിട്ട ആദ്യ 13 പന്തുകളില്‍ നേടിയത് ഒരു ബൗണ്ടറി മാത്രം, ഒൻപത് റണ്‍സും. നോ‍ര്‍ത്താംറ്റണില്‍ ആദ്യ പത്ത് പന്തില്‍ തന്നെ രണ്ട് വീതം ഫോറും സിക്സും വൈഭവ് നേടിയിരുന്നുവെന്ന് ഓര്‍ക്കണം. It’s not how you start that’s important, but how you finish. നിങ്ങള്‍ എങ്ങനെ തുടങ്ങുന്നുവെന്നതല്ല പ്രധാനം, എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതാണ്. ജയ്‌പൂരിനെ നിര്‍ഭയമായ സ്ട്രോക്ക് പ്ലേയിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ബോസ് ബേബി. ചരിത്രത്തിലേക്കുള്ള നിശബ്ദതമാത്രമായിരുന്നു വൈഭവിന്റെ ബാറ്റ് അതുവരെ പാലിച്ചത്.

ആറ് ഓവര്‍ വരെ നീലക്കുപ്പായത്തിലുണ്ടായിരുന്നു വൈഭവ് ആയിരുന്നില്ല പിന്നീട്. സെബാസ്റ്റ്യൻ മോര്‍ഗൻ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ നിലംതൊടാതെ ബൗണ്ടറിയിലെ പരസ്യബോര്‍ഡുകള്‍ താണ്ടി. പത്താം ഓവ‍റില്‍‍ പന്തെടുത്ത ജാക്ക് ഹോമിന് കാത്തുവെച്ചത് രണ്ട് ഫോറും ഒരു സിക്സും. ഇംഗ്ലണ്ട് നിരയിലെ സീനിയര്‍ പട്ടികയിലെ തസീം അലി ഇന്നിങ്സില്‍ ആദ്യമായി പന്തെറിയാൻ എത്തുകയാണ്, നാല് വയസിന്റെ അന്തരമുണ്ട് ഇരുവരും തമ്മില്‍. അതൊന്നും ഒരു അന്തരമല്ലെന്ന് എത്രയോ തവണ ആ പതിനാലുകാരൻ തെളിയിച്ചിരിക്കുന്നു.

തുടരെ രണ്ട് സിക്സര്‍ പായിച്ചായിരുന്നു തന്റെ മെക്കയിലേക്ക് വൈഭവ് അലിയെ സ്വീകരിച്ചത്. അപ്പോഴേക്കും വൈഭവിന്റെ സ്കോര്‍ അര്‍ദ്ധ ശതകം പിന്നിട്ടു. 24 പന്തില്‍ 54 റണ്‍സ്. നാല് ഫോറും മൂന്ന് സിക്സും ഇതിനോടകം തന്നെ ആ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലെത്തി. അവസാനം നേരിട്ട 11 പന്തില്‍ ആറും ബൗണ്ടറിയായി. അടുത്ത മണിക്കൂര്‍ ഇതിന്റെ തുടര്‍ച്ചയായിരുന്നു, പ്രഹരശേഷി നേരിയതോതില്‍ കുറച്ചെന്ന് മാത്രമായിരുന്നു വ്യത്യാസം.

റാല്‍ഫി ആല്‍ബെര്‍ട്ടിന്റെ പന്തില്‍ സിംഗിളെടുത്തായിരുന്നു ആ ചരിത്രം വൈഭവ് തിരുത്തുന്നത്. ഐപിഎല്ലിലെ വേഗസെഞ്ച്വറിയില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിന് മാത്രം പിന്നില്‍ നില്‍ക്കേണ്ടി വന്നവൻ അണ്ടര്‍ 19ലെ ഏറ്റവും വേഗതായര്‍ന്ന സെഞ്ച്വറി തന്റെ പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. പാകിസ്ഥാന്റെ കമ്രാൻ ഗുലാം 2013ല്‍ ഇംഗ്ലണ്ടിനെതിരെ 53 പന്തില്‍ മറികടന്ന നാഴികക്കല്ലിന് മുകളിലായിരുന്നു വൈഭവിന്റെ വെടിക്കെട്ട്.

അവിടെയും അവസാനിച്ചില്ല, ഐപിഎല്ലില്‍ സെഞ്ച്വറിക്കും അര്‍ദ്ധ സെഞ്ച്വറിക്കും ശേഷം മടങ്ങുന്ന പതിവും ഇംഗ്ലീഷ് മണ്ണില്‍ വൈഭവ് തിരുത്തുകയായിരുന്നു. 25 പന്തുകള്‍ക്കൂടി ക്രീസില്‍ നിലയുറപ്പിച്ചു. 78 പന്തുകള്‍ നീണ്ട ഇന്നിങ്സ് അവസാനിച്ചത് 143 റണ്‍സിലായിരുന്നു. 13 ഫോറും പത്ത് സിക്സും ആ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. പക്ഷേ, എങ്കിലും സ്കോര്‍ബോര്‍ഡിലെ ഓവറുകളുടെ എണ്ണം നോക്കുമ്പോള്‍ മത്സരം വീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നിരിക്കാം, കാരണം ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കാൻ ഇനിയും 23 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു.

വോ‍ര്‍സെസ്റ്ററില്‍ ഇംഗ്ലണ്ടിന്റെ ഭാവിതലമുറയ്ക്ക് മുകളില്‍ വൈഭവതാണ്ടവം അരങ്ങേറി, എഡ്ജ്ബാസ്റ്റണില്‍ സീനിയേഴ്‌സ് ശുഭ്‍മാൻ ഗില്ലിന്റെ വീര്യവും അറിഞ്ഞു. എങ്കിലും വൈഭവ് തൃപ്തനായിരുന്നില്ല, ഗില്ലിന്റെ ഒന്നാം ഇന്നിങ്സിലെ മാസ്റ്റര്‍ക്ലാസ് ഗ്യാലറിയിലിരുന്നു വീക്ഷിച്ചത് അതുപോലൊന്ന് ആവര്‍ത്തിക്കാനായിരുന്നു. സെഞ്ച്വറിക്ക് ശേഷവും നിലകൊള്ളുക എന്ന ഉത്തരവാദിത്തം നിറവേറ്റനായിരുന്നു വൈഭവ് ആഗ്രഹിച്ചത്. 23 ഓവര്‍ ബാക്കി അത് പൂര്‍ത്തിയാക്കാനാവാത്തത് വൈഭവിനെ ചില്ലറയൊന്നുമല്ല നിരാശനാക്കിയത്.

അടുത്ത മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയാണ് ലക്ഷ്യം. 50 ഓവറുകളും കളിക്കണം. ഇതിനോടകം തന്നെ അണ്ടര്‍ 19 ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ നാല് മത്സരങ്ങളില്‍ നിന്ന് 322 റണ്‍സ് നേടി. ഒരു തവണ പോലും ഒറ്റയക്കത്തില്‍ മടങ്ങേണ്ടി വന്നിട്ടില്ല. 48, 45, 86, 143 എന്നിങ്ങനെയാണ് സ്കോറുകള്‍. 27 വീതം ഫോറും സിക്സും, മറ്റൊരു താരം പോലും ഒൻപത് സിക്സിന് മുകളില്‍ നേടിയിട്ടുമില്ല. ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു, വൈഭവ് സൂര്യവംശി, 14 വയസ്.