സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്‌മാൻ കളിക്കുന്നതിന്റെ കളർ വീഡിയോ പുറത്ത്. ബ്രാഡ്‌മാൻ കളിക്കുന്നതിന്റെ ഏക കളർ വീഡിയോ എന്ന വിശേഷണത്തോടെ നാഷണല്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്‌സ് ഓഫ് ഓസ്‌ട്രേലിയ(എന്‍എഫ്‌എസ്‌എ) ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്‍എഫ്‌എസ്‌എയുടെ വെബ്‌സൈറ്റില്‍ ഈ ദൃശ്യം ലഭ്യമാണ്. 

1949 ഫെബ്രുവരി 26ന് നടന്ന പ്രാദേശിക മത്സരത്തിനിടെ ജോര്‍ജ് ഹോബ്‌സ് എന്ന വ്യക്തി പകർത്തിയ ദൃശ്യങ്ങളാണിത്. 66 സെക്കന്‍റുള്ള നിശബ്‌ദ ചിത്രം 16 എം എം ഫോര്‍മാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തും പിന്നീട് എബിസി ടിവിയിലും ക്യാമറാമാനായിരുന്നു ഹോബ്‌സ് എന്ന് എന്‍എഫ്‌എസ്‌എ പറയുന്നു. ഹോബ്‌സിന്‍റെ മകനാണ് ഈ വീഡിയോ മ്യൂസിയത്തിന് കൈമാറിയത് എന്നും എന്‍എഫ്‌എസ്‌എ വ്യക്തമാക്കി. 

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബ്രാഡ്‌മാന്റെ അവസാന മത്സരംകൂടിയായിരുന്നു ഇത്. സിഡ്‌നിയില്‍ 41,000ലേറെ വരുന്ന കാണികള്‍ തിങ്ങിനിറഞ്ഞത് ദൃശ്യത്തില്‍ വ്യക്തമാണ്. 1948ൽ ഇംഗ്ലണ്ടിന് എതിരെ ആയിരുന്നു ബ്രാഡ്‌മാന്റെ അവസാന ടെസ്റ്റ് പരമ്പര. 

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍ വിശേഷണം ബ്രാഡ്‌മാനുണ്ട്. 20 വര്‍ഷം നിണ്ട ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളില്‍ നിന്ന് 29 സെഞ്ചുറികളോടെ 6996 റണ്‍സ് ആണ് ബ്രാഡ്‌മാന്‍ നേടിയത്. 1928ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബ്രാഡ്‌മാന്‍ കരിയറില്‍ 12 ഇരട്ട സെഞ്ചുറികളും സ്വന്തമാക്കി. 99.94 എന്ന ബ്രാഡ്‌മാന്റെ ബാറ്റിംഗ് ശരാശരി ഇന്നും ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ്. ക്രിക്കറ്റിലെ മഹത്തായ സംഭാവനകള്‍ക്ക് 'സര്‍' വിശേഷണം ലഭിച്ചിട്ടുണ്ട് ഡോണ്‍ ബ്രാഡ്‌‌മാന്.