ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ടൂ‍ര്‍ണമെന്റില്‍ കോഹ്ലി എന്തുകൊണ്ടൊരു ഓട്ടോമാറ്റിക്ക് ചോയ്സാകുന്നു?

വിരാട് കോഹ്ലി, രോഹിത് ശ‍‍ര്‍മ. ഒപ്പം 2027 ഏകദിന ലോകകപ്പും. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റില്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമുണ്ടാകില്ല. രോഹിത് ഓരോ മത്സരത്തിലും, പരമ്പരയിലും ഓഡിറ്റ് ചെയ്യപ്പെടുമ്പോള്‍ കോഹ്ലിക്ക് അത്രത്തോളം പരീക്ഷണം നേരിടേണ്ടിയും വരുന്നില്ല. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ടൂ‍ര്‍ണമെന്റില്‍ കോഹ്ലി എന്തുകൊണ്ടൊരു ഓട്ടോമാറ്റിക്ക് ചോയിസാകുന്നു.

Gill is very fortunate that he's got the likes of Rohit and Virat to help him on the field and off the field as well. കളത്തിനകത്തും പുറത്തും സഹായത്തിനായി രോഹിതിനേയും വിരാടിനേയും പോലുള്ളവരെ ലഭിച്ചത് ഗില്ലിന്റെ ഭാഗ്യമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറിന്റെ വാക്കുകളാണ്. ഇതൊരു ചെറിയ സൂചനയാണ്. 2027 ലോകകപ്പില്‍ ഇതിഹാസങ്ങളെ പ്രതീക്ഷിക്കാമെന്ന്. പക്ഷേ, ഇവിടെ 90 ശതമാനവും ഉറപ്പുള്ളത് കോഹ്‌ലിയുടെ കാര്യത്തിലാകും.

ഒന്ന് കോഹ്ലിയുടെ അസാധാരണ ഫോമാണ്. ടെസ്റ്റ്, ടി20 ഫോ‍ര്‍മാറ്റുകളില്‍ നിന്നും വിരമിച്ച കോഹ്ലിയുടെ ഏകദിനത്തിലെ നമ്പറുകള്‍ നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ചതാണ്. 2026ല്‍ ആറ് ഏകദിനങ്ങളിലാണ് കോഹ്ലി ഇന്ത്യക്കായി ക്രീസിലെത്തിയത്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍, ഒരു ശതകം. 64 ശരാശരിയില്‍ 384 റണ്‍സ്. സ്ട്രൈക്ക് റേറ്റ് നൂറും കടന്ന് 106 തൊട്ടിരിക്കുന്നു.

തന്റെ കരിയറിലുടനീളം സ്വീകരിച്ച കരുതല്‍ സമീപനമല്ല കോഹ്ലി ഇന്ന് മൈതാനങ്ങളില്‍ പുറത്തെടുക്കുന്നത്, മറിച്ച് അഗ്രസീവ് ക്രിക്കറ്റാണ്. ഇത് കോഹ്ലിക്ക് സക്‌സസ് നല്‍കുന്നുമുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഘടകം. If I'm arriving somewhere I'll arrive at 120% എന്നാണ് കോഹ്ലി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. അത് ശാരീരിക ക്ഷമതയില്‍ മാത്രമല്ല, മാനസികമായും എല്ലാത്തരത്തിലും അയാള്‍ തയാറാണ് എന്ന് തന്നെയാണ് അര്‍ത്ഥം.

കോഹ്ലിക്ക് മുൻതൂക്കം നല്‍കുന്ന മറ്റൊരു ഘടകം പ്രായവും കായികക്ഷമതയുമാണ്. നിലവില്‍ 37 വയസും 323 ദിവസവുമാണ് കോഹ്ലിയുടെ പ്രായം. ലോകകപ്പ് ആരംഭിക്കുമ്പോള്‍ കോഹ്ലിയുടെ പ്രായം 38 ന്റെ അവസാനങ്ങളിലായിരിക്കും. സമീപകാലത്തൊന്നും കാര്യമായ പരിക്കുകളൊന്നും താരത്തിന് സംഭവിച്ചിട്ടുമില്ല. ഇന്ത്യൻ ക്രിക്കറ്റില്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് കോഹ്ലി. അത് പലതാരങ്ങളും തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒരു ഓവറിലെ ആറ് പന്തിലും ട്രിപ്പിളോടിയെടുക്കാൻ കഴിയുന്ന ഇന്ത്യൻ താരമുണ്ടോയെന്ന് ചോദിച്ചാല്‍ കോഹ്ലിയെന്ന് മാത്രമായിരിക്കും ഉത്തരം.

ദക്ഷിണാഫ്രിക്കയിലേയും സിംബാബ്‌വയിലേയും കോഹ്ലിയുടെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ വ്യക്തമാണ് എത്രത്തോളം വാല്യുബിള്‍ ആണ് കോഹ്ലിയുടെ പ്രസൻസ് എന്ന്. ദക്ഷിണാഫ്രിക്കയില്‍ 18 ഇന്നിങ്സുകളില്‍ നിന്ന് 993 റണ്‍സ്. ശരാശരി 76 ആണ്, മൂന്ന് സെഞ്ചുറിയും ആറ് അര്‍ദ്ധ സെഞ്ചുറികളുമുണ്ട്. ഇനി സിംബാബ്‌വയിലെ മൈതാനങ്ങളിലേക്ക് എത്തിയാല്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 365 റണ്‍സ്. ശരാശരി അറുപതാണ്, ഇതില്‍ നാല് ഇന്നിങ്സിലും 50 പ്ലസ് സ്കോര്‍ ചെയ്യാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടുമുണ്ട്.

ലോകകപ്പിലെ കോഹ്ലിയുടെ പ്രകടനങ്ങളും പ്രഷര്‍ അബ്സോര്‍ബ് ചെയ്യാനുള്ള വൈഭവമൊക്കെ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ അറിയാം...ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടോപ് സ്കോററാണ് കോഹ്ലി, സച്ചിൻ തെൻഡുല്‍ക്കറിന് പിന്നില്‍...അഞ്ച് സെഞ്ചുറിയും 12 അര്‍ദ്ധ സെഞ്ചുറിയുമുണ്ട് ടൂര്‍ണമെന്റില്‍. കോഹ്ലി മികച്ച ഫോമിലല്ലെങ്കില്‍പ്പോലും ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യതയേറെയാണ്.

എന്നാല്‍ രോഹിതിന്റെ കാര്യം വ്യത്യസ്തമാണ്. താരം മികച്ച ഫോമിലാണ് എന്നതില്‍ രണ്ട് അഭിപ്രായമില്ല. ലോര്‍ഡ്സിലെ സെഞ്ചുറി എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു. ഫോം അല്ല പ്രധാന ഘടകം, കായികക്ഷമതയാണ്, ലോകകപ്പെത്തുമ്പോഴേക്കും രോഹിതിന്റെ പ്രായം 40 കടക്കും. ഐപിഎല്ലിനിടെ ഹാംസ്ട്രിങ്ങ് ഇഞ്ചുറി പറ്റിയ രോഹിതിന് നാല് മാത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇന്ത്യൻ ടീമിനൊപ്പമുള്ള ഏകദിന മത്സരങ്ങളിലും താരം പരിക്ക് മൂലം സ്ട്രഗിള്‍ ചെയ്യുന്നത് പലകുറി കണ്ടു.

2027 ലോകകപ്പിന്റെ ഫോര്‍മാറ്റ് പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യ ഫൈനല്‍ വരെ എത്തുകയാണെങ്കില്‍ 13 മത്സരങ്ങളാണുണ്ടാകുക. 48 ദിവസത്തിനിടെയാണ് ഇത്രയും മത്സരങ്ങള്‍. രോഹിതിന്റെ ശരീരം അദ്ദേഹത്തെ അനുവദിക്കുമോയെന്നതില്‍ മാത്രമാണ് നിലവിലെ ആശങ്ക. അതിന് രോഹിതിന് കഴിയുമെങ്കില്‍ രണ്ടാമതൊരു പേരുതേടി പോകേണ്ടതില്ല ബിസിസിഐ, ലോകകപ്പുകളിലെ രോഹിതിന്റെ മികവ് തന്നെ കാരണം. മിസ്റ്റര്‍ വേള്‍ഡ് കപ്പ് എന്ന് വിളിക്കാൻ കഴിയുന്ന ഇന്നിങ്സുകളാണ് രോഹിത് പുറത്തെടുത്തിട്ടുള്ളത്.

2019 ലോകകപ്പിന്റെ ടോപ് സ്കോറര്‍, 2023ല്‍ അഞ്ഞൂറ് റണ്‍സിലധികം, അതും 120ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍. ടൂര്‍ണമെന്റിന്റെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് രോഹിത് പലകുറി തെളിയിച്ചതാണ്. അതുകൊണ്ട് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര കോഹ്ലിയേക്കാള്‍ നിര്‍ണായകമാകുക രോഹിതിന് തന്നെയാകും, കോഹ്ലിക്കും പരീക്ഷണം തന്നെയാണ്. യശസ്വി ജയ്സ്വാള്‍ നല്‍കുന്ന സമ്മര്‍ദത്തേയും രോഹിതിന് മറികടക്കേണ്ടതുണ്ട്.