പേരുകള്‍ക്കെല്ലാം വലുപ്പമുണ്ട്, പ്രകടനങ്ങളും വന്നു. പക്ഷേ, ബാറ്റര്‍മാര്‍ക്കൊപ്പം സന്തുലിതമായിരുന്നില്ല ലക്നൗവിന്റെ ബൗളിംഗ് നിര

നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ല‍‍‍ര്‍, എയിഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്...തൃശൂര്‍ പൂരത്തിന് തലയെടുപ്പോടെ നില്‍ക്കുന്ന കൊമ്പന്മാരെ ഓര്‍മ്മിക്കും വിധമുള്ള പേരുകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെയാണ് പൂരാൻ, ട്വന്റി 20 ക്രിക്കറ്റില്‍ ഏത് ലീഗും അയാള്‍ക്ക് സമമാണ്, ചെന്നയിടം തന്റേതാക്കുന്ന മുതല്‍. ഒപ്പം, അബ്ദുള്‍ സമദും ആയുഷ് ബഡോണിയുമുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. എന്നിട്ടും ഐപിഎല്‍ എന്ന പൂരം കളറക്കാൻ ലക്നൗ സൂപ്പര്‍ ജയന്റ്സിന് സാധിച്ചില്ല. എന്തായിരിക്കും കാരണം!

മേല്‍പറഞ്ഞ പേരുകളില്‍ ഒന്നെങ്കിലും തങ്ങളുടെ ടീമിലുണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നവരുണ്ട്. അപ്പോഴാണ് എല്ലാവരേയും ഒരു കുടക്കീഴിലെത്തിക്കാൻ ലക്നൗവിന് സാധിച്ചത്. പേരുകള്‍ക്കെല്ലാം വലുപ്പമുണ്ട്, പ്രകടനങ്ങളും വന്നു. പക്ഷേ, ബാറ്റര്‍മാര്‍ക്കൊപ്പം സന്തുലിതമായിരുന്നില്ല ലക്നൗവിന്റെ ബൗളിംഗ് നിരയെന്ന് പറയേണ്ടി വരും. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ എമര്‍ജൻസി വാര്‍ഡിലായിരുന്നു ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നത് ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുന്നു.

ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴും അതിന് മാറ്റമില്ല. ലക്നൗ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയവരില്‍ മൂന്ന് ബൗളര്‍മാരാണ് ഉണ്ടായിരുന്നത്. ഇടം കയ്യൻ പേസര്‍ മൊഹ്സിൻ ഖാൻ, സെൻസേഷനായ മായങ്ക് യാദവ്, ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയ്. പരുക്കുമൂലം മൊഹ്സിന് സീസണ്‍ മുഴുവൻ നഷ്ടമായി. കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്ന മായങ്കിന് കളിക്കാനായത് രണ്ട് മത്സരങ്ങള്‍ മാത്രം, വീണ്ടും പരുക്കിന്റെ വലയില്‍ വീണു.

ബിഷ്ണോയ്ക്ക് ഉണ്ടായത് മറക്കാൻ ആഗ്രഹിക്കുന്ന സീസണ്‍, എക്കണോമി 11ന് അടുത്താണ്, പല കളികളിലും മുഴുവൻ ഓവറുകള്‍ പോലും എറിയാനായില്ല. 9.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ആവേശിനും പരുക്ക് മൂലം ആദ്യ മത്സരങ്ങള്‍ നഷ്ടമായി. ആവേശ് ഡെത്ത് ഓവറുകളില്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും എല്ലാ സാഹചര്യങ്ങളിലും ആശ്രയിക്കാനാകുന്ന ഒരാളായിരുന്നില്ല. 10 വിക്കറ്റുകള്‍ ആവേശ് നേടി.

എട്ട് കോടി രൂപയ്ക്കാണ് ആകാശ് ദീപിലേക്ക് ലക്നൗ ജഴ്സിയെത്തുന്നത്. ഒരു പ്രോപ്പര്‍ റെഡ് ബോള്‍ ബൗളറായി പരിഗണിക്കപ്പെടുന്ന ആകാശിന്റെ പേരില്‍ മൂന്ന് വിക്കറ്റ് മാത്രമാണുള്ളത്. നാല് സീസണുകളിലായി ആകെ 13 ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. എക്കണോമി 12ന് അടുത്തും. പകരക്കാരനായെത്തിയ ശാര്‍ദൂല്‍ താക്കൂറില്‍ നിന്നും നിരാശ. 

ബൗളര്‍മാരുടെ കാര്യത്തില്‍ ലേലത്തില്‍ തന്നെ ലക്നൗവിന് പിഴച്ചുവെന്ന് വേണം കരുതാൻ. മാര്‍ഷിന്റെ ഓള്‍ റൗണ്ട് മികവ് ലഭിക്കാതെ പോയതും ഇവിടെ ചേര്‍ക്കാം. മികച്ച ഒരു വിദേശ പേസറെ എത്തിക്കാൻ മാനേജ്മെന്റിന് കഴിയാതെ പോയി.

അതിനൊരു പ്രധാന കാരണമായി ടോം മൂഡി ചൂണ്ടിക്കാണിച്ച ഒന്നുണ്ട്. റിഷഭ് പന്തിനും നിക്കോളാസ് പൂരാനുമായി ലക്നൗ മാറ്റിവെച്ച തുക. 48 കോടി രൂപയാണ് ഇരുവരിലും നിക്ഷേപിച്ചത്. ഇതുകൊണ്ട് തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ട്രെൻ ബോള്‍ട്ട് പോലുള്ള ലോകോത്തര പേസര്‍മാരെയും ട്വന്റി 20 സ്പെഷ്യലിസ്റ്റുകളേയും ടീമിലെത്തിക്കുന്നതിന് തടസമുണ്ടായി. ഒരു താരത്തില്‍ക്കൂടി വലിയ തുക നിക്ഷേപിച്ചാല്‍ ലേലത്തിലെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലാകുമായിരുന്നു. 

മറ്റൊരു കാരണമായി എടുത്ത് കാണിക്കാനുള്ളത് കരുത്തന്മാരുടെ ഫോമിലെ ഇടിവാണ്. സീസണിന്റെ ആദ്യ പാതിയില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ മത്സരം പൂരാനും മാര്‍ക്രവും മാര്‍ഷും തമ്മിലായിരുന്നു. രണ്ടാം പാതിയിലേക്ക് എത്തിയപ്പോള്‍ മൂവരുടേയും സംഭാവന കുറഞ്ഞു, പ്രത്യേകിച്ചും പൂരാന്റെ ബാറ്റില്‍ നിന്നുമുള്ളത്. 

മൂവരും സീസണില്‍ നാനൂറിലധികം റണ്‍സ് നേടി, ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ടീമിലെ മൂന്ന് വിദേശതാരങ്ങള്‍ ഈ നേട്ടത്തിലേക്ക് എത്തുന്നത് ആദ്യമാണ്. പക്ഷേ, മുൻനിരയിലെ ഈ വിടവ് നികത്താൻ മധ്യനിരയിലും ആരുമുണ്ടായില്ല. പന്ത് സീസണിന്റെ ഒരു ഘട്ടത്തിലും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല.

12 കളികളില്‍ നിന്ന് 135 റണ്‍സാണ് ആകെ നേട്ടം, ശരാശരിയും സ്ട്രൈക്ക് റേറ്റും പറയേണ്ടതില്ലല്ലൊ. ഏഴ് മത്സരങ്ങളിലും ഒറ്റയക്കത്തിലാണ് പുറത്തായത്. 2021ലെ ഇയോണ്‍ മോര്‍ഗന്റെ പ്രകടനത്തെ ഓര്‍മ്മിപ്പിക്കും വിധം. 27 കോടിയുടെ സമ്മര്‍ദം താരത്തിന്റെ പ്രകടനത്തെ ബാധിച്ചതായാണ് വിലയിരുത്തലുകള്‍. ഓര്‍ത്തിരിക്കാൻ ചെന്നൈ സൂപ്പ‍ര്‍ കിംഗ്സിനെതിരെ നേടിയ ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണുള്ളത്. പന്തിന്റെ തനതുശൈലിയിലുള്ള ഇന്നിങ്സായിരുന്നില്ല അതും.

ഡേവിഡ് മില്ലറിന്റേത് ഉള്‍പ്പെടെയുള്ള വലിയ പേരുകള്‍ നിരാശപ്പെടുത്തിയപ്പോഴും ലക്നൗവിന് വരും സീസണില്‍ മുതല്‍ക്കൂട്ടാകാൻ പോന്ന ഒരു താരം ഉദിച്ചു. ദിഗ്വേഷ് റാത്തി, 14 വിക്കറ്റുകളുമായി സീസണിലുടനീളം ലക്നൗവിനായി സ്ഥിരതയോടെ കളിച്ച ഒരേയൊരു വ്യക്തി. ഐപിഎല്‍ കിരീടമെന്ന സ്വപ്നം ലക്നൗവിന് ബാക്കിയാകുകയാണ്. അടുത്ത സീസണില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ നായകൻ പങ്കുവെച്ചിട്ടുണ്ട്. പക്ഷേ, ബൗളര്‍മാരില്‍ പുതിയ പേരുകള്‍ വരേണ്ടിയിരിക്കുന്നു.