നായകമികവില്‍ അപൂര്‍വനേട്ടം ശ്രേയസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഗവാസ്കറിന്റെ പ്രതികരണം
ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യര്‍. പഞ്ചാബ് സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടിയതോടെയാണ് ശ്രേയസ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് അവസാന നാലിലെത്തുന്നത്. ഇതോടെ ക്യാപ്റ്റനെന്ന രീതിയില്‍ മൂന്ന് ടീമുകളെ പ്ലേ ഓഫില്‍ എത്തിച്ചുവെന്ന റെക്കോര്‍ഡ് ശ്രേയസിനെ തേടിയെത്തി.
2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ ശ്രേയസിന് സാധിച്ചിരുന്നു. അന്ന് ഫൈനല്‍ വരെ എത്തിയ ഡല്‍ഹി മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍, 2020ല്‍ കൈവിട്ട കിരീടം 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ശ്രേയസ് നേടിയെടുത്തു. ഇതിന് പിന്നാലെയാണ് പഞ്ചാബിനൊപ്പമുള്ള നേട്ടം. 26.75 കോടി രൂപയ്ക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് മെഗാതാരലേലത്തില്‍ ടീമിലെത്തിച്ചത്.
ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരു താരത്തെ കൊല്‍ക്കത്തയുടെ കിരീടനേട്ടത്തില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ ബാറ്ററുമായ സുനില്‍ ഗവാസ്കര്‍. കൊല്‍ക്കത്തയുടെ കിരീടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗൗതം ഗംഭീറിലേക്ക് ചുരുങ്ങിയതും ഗവാസ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
"കഴിഞ്ഞ സീസണിലെ ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ അര്‍ഹിച്ച അംഗീകാരം ശ്രേയസിന് ലഭിച്ചില്ല. മറ്റൊരാള്‍ക്കായിരുന്നു അത് ലഭിച്ചത്. മൈതാനത്ത് എന്തെല്ലാം നടക്കണമെന്നതില്‍ നായകൻ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അല്ലാതെ ഡഗൗട്ടിലിരിക്കുന്ന ഒരു വ്യക്തിക്കല്ല ഉത്തരവാദിത്തം. ഈ വര്‍ഷം, അര്‍ഹതപ്പെട്ട അഭിനന്ദനം ശ്രേയസിനെ തേടിയെത്തിയിരിക്കുന്നു. നോക്കു, റിക്കി പോണ്ടിങ്ങാണ് പഞ്ചാബിന്റെ പരിശീലകൻ, പോണ്ടിങ്ങിന് മുഴുവൻ അംഗീകാരവും കൊടുക്കുന്നില്ല എന്നതും ഇവിടെ കാണാണ്ടേതുണ്ട്," ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് വ്യക്തമാക്കി.
തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിലൂടെയാണ് ശ്രേയസ് കടന്നുപോകുന്നത്. ചാമ്പ്യൻസ് ട്രോഫിയില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്‌വെക്കുകയും ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടുകയും ചെയ്തു. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 243 റണ്‍സായിരുന്നു വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ഐപിഎല്ലില്‍ ഇതിനോടകം 12 കളികളില്‍ നിന്ന് 435 റണ്‍സും ശ്രേയസ് നേടി.


