താരങ്ങളുടെ നേരത്തെയുള്ള വിരമിക്കലിന് പിന്നിലെ കാരണമെന്താണ് ചിന്തിച്ചിട്ടുണ്ടോ

ഒരു ക്രിക്കറ്റര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നിന്ന് വിരമിക്കാനുള്ള പരമാവധി പ്രായമെത്രയായിരിക്കാം? ശാരീരികക്ഷമതയും വൈഭവവും ഉലയില്‍ ഊതിയെടുക്കുന്ന ലോഹ കഷ്ണത്തെപ്പോലെ തല്ലി പതപ്പിച്ചെടുക്കുകയാണെങ്കില്‍ 40 വരെയൊക്കെയെന്ന് പറയാം. എന്നാല്‍, അടുത്തിടയായി ദേശീയ കുപ്പായം അഴിച്ചുവെക്കുന്നവരുടെ പ്രായം അത്ഭുതപ്പെടുത്തുന്നതാണ്. നിക്കോളാസ് പുരാൻ 29-ാം വയസിലും ഹെൻറിച്ച് ക്ലാസൻ 33ലും. ശെരിക്കും പറഞ്ഞാല്‍ ഇരുവരും ലോകക്രിക്കറ്റില്‍ കത്തിനില്‍ക്കുന്ന സമയം.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ അഭിവാജ്യഘടകമാണ് പുരാൻ, പ്രോട്ടിയാസിന്റെ കരുത്തനാണ് ക്ലാസൻ. ഇരുവരുടേയും അകാലത്തിലുള്ള വിരമിക്കലിന് പിന്നിലെ കാരണമെന്താണ് ചിന്തിച്ചിട്ടുണ്ടോ. ഫ്രാഞ്ചൈസ് ക്രിക്കറ്റിന്റെ കടന്നുവരവ് എന്നതാണ് ഒറ്റനോട്ടത്തിലെ ഉത്തരം. പക്ഷേ, ഫ്രാഞ്ചൈസ് ക്രിക്കറ്റ് എന്നതില്‍ മാത്രമൊതുങ്ങുന്നതല്ല ഉത്തരം. ഇതിനെച്ചുറ്റിപ്പറ്റി മറ്റുചില ഘടകങ്ങള്‍ക്കൂടിയുണ്ട്. ഈ ശൈലിയുടെ ഉത്ഭവത്തില്‍ എവിടെ നിന്നായിരുന്നുവെന്നതില്‍ തന്നെ തുടങ്ങാം.

2015ല്‍ വിൻഡീസ് ഓള്‍ റൗണ്ടര്‍ ഡ്വയൻ ബ്രാവൊ ഒരു പ്രസ്താവന പുറത്തുവിട്ടു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ താരങ്ങളോടുള്ള സമീപനത്തേയും ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനേയും വിമര്‍ശിച്ചായിരുന്നു ബ്രാവോയുടെ വാക്കുകള്‍. പരിശീലനത്തിന് മൈതാനമില്ലാത്തതും മതിയായ സൗകര്യങ്ങളുടെ കുറവുമെല്ലാം ബ്രാവൊ വ്യക്തമാക്കി. പ്രധാനമായും ദേശീയ ടീമില്‍ കളിക്കുന്നവരുടെ കരാര്‍ തുക തന്നെയായിരുന്നു പ്രതിസന്ധികള്‍ക്ക് കാരണം.

2014ല്‍ ഇന്ത്യൻ പര്യടനം പാതി വഴിയില്‍ ഉപേക്ഷിക്കാൻ താരങ്ങള്‍ തയാറായതിന് പിന്നിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു. അര്‍ഹതപ്പെട്ട തുക നല്‍കുന്നതില്‍ ബോര്‍ഡ് വീഴ്ചവരുത്തിയെന്ന ആക്ഷേപം താരങ്ങളില്‍ നിന്ന് ഉയരുകയും ചെയ്തു. ക്രിസ് ഗെയില്‍, കിറോണ്‍ പൊള്ളാര്‍ഡ്, ഡാരൻ സമി, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ൻ, ബ്രാവൊ തുടങ്ങിയവര്‍‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ ഫ്രാഞ്ചൈസ് ക്രിക്കറ്റിലേക്ക് സജീവമായി തിരിയേണ്ടി വന്നു.

പ്രധാന താരങ്ങളുടെ അഭാവത്തിലായിരുന്നു പല പരമ്പരകള്‍ക്കും വിൻഡീസ് ഇറങ്ങിയത്. പൊള്ളാര്‍ഡും ഗെയിലും ബ്രാവോയുമെല്ലാം സെൻട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് വിട്ടുമാറാൻ തയാറായ ആദ്യ താരങ്ങളില്‍ ഉള്‍പ്പെടുന്നു. ട്വന്റി 20 ക്രിക്കറ്റില്‍ വെസ്റ്റ് ഇൻഡീസ് താരങ്ങളോളം മൂല്യമുള്ളവര്‍ കുറവാണെന്ന് പറയാനാകും. അതുകൊണ്ട് തന്നെ, വിവിധ രാജ്യങ്ങളിലെ ലീഗുകളിലെ ടീമുകള്‍ വിൻഡീസ് താരങ്ങളുടെ തലയ്ക്ക് പൊന്നും വില നല്‍കിയെത്തിച്ചു.

താരങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിക്കുക മാത്രമായിരുന്നില്ല ഭാവി സുരക്ഷിതമാക്കുകകൂടിയായിരുന്നു ഇവിടെ. ലീഗുകളുടെ എണ്ണം കുറവായിരുന്നതുകൊണ്ട് തന്നെ ദേശീയ ടീമില്‍ സാന്നിധ്യമറിയിക്കാൻ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ, ട്വന്റി 20 ക്രിക്കറ്റ് വെട്ടിയ വഴിയിലൂടെയായിരുന്നു ആരാധകരുടെ സഞ്ചാരം. സമയലാഭം, കൂടുതല്‍ ആവേശം തുടങ്ങിയ വസ്തുതകളും ആരാധകരെ ചെറിയ ഫോര്‍മാറ്റുകളിലേക്ക് ആകര്‍ഷിച്ചു.

ഇതോടെ ഫ്രാഞ്ചൈസ് ലീഗുകളുടെ എണ്ണവും വര്‍ധിക്കുകയായിരുന്നു. ഇന്ത്യൻ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ഓസ്ട്രേലിയ, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, കരീബിയൻ പ്രീമിയര്‍ ലീഗ് എന്നിവയായിരുന്നു 2015 വരെയുള്ള പ്രധാന ലീഗുകള്‍. 2016ല്‍ പാകിസ്താൻ സൂപ്പര്‍ ലീഗ് കടന്നുവന്നു. ശേഷം ഗ്ലോബല്‍ ടി20 കാനഡ, ലങ്ക പ്രീമിയര്‍ ലീഗ്, സൗത്ത് ആഫ്രിക്ക ടി20, ഇന്റ‍‍ര്‍നാഷണല്‍ ലീഗ് ടി20, മേജര്‍ ലീഗ് ക്രിക്കറ്റ് എന്നിങ്ങനെ നീളുന്നു പട്ടിക.

എല്ലാ ലീഗിലും വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ സാന്നിധ്യമുണ്ട്. അവരായിരുന്നു എക്സ് ഫാക്ടര്‍. പക്ഷേ, വൈകാതെ ഇത് മറ്റ് രാജ്യങ്ങളിലെ താരങ്ങളെക്കൂടി ആകര്‍ഷിക്കുകയായിരുന്നു. ന്യൂസിലൻഡ് താരങ്ങളായ ട്രെൻ ബോള്‍ട്ട്, ഫിൻ അലൻ, ഡെവൊണ്‍ കൊണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, ആദം മില്‍നെ, കെയിൻ വില്യംസണ്‍, ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ്, ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോര്‍ക്ക, ക്ലാസൻ, ഹൈബ്രിഡ് കോണ്‍‍ട്രാക്റ്റ് തിരഞ്ഞെടുത്ത ഡേവിഡ് മില്ലറും റസി വാൻ ഡെര്‍ ഡ്യൂസണും...ഇങ്ങനെ നീളുന്നു പട്ടിക.

വരും വര്‍ഷങ്ങളില്‍ ഈ നിരയിലേക്ക് കൂടുതല്‍ താരങ്ങളെത്തുമെന്നാണ് വിലയിരുത്തലുകള്‍. 2024-25 സീസണിലെ ബിഗ് ബാഷോടെ ആരംഭിക്കുന്ന ലീഗുകള്‍ സെപ്തംബറിലെ കരീബിയൻ ലീഗോടെയാണ് അവസാനിക്കുന്നത്. പാകിസ്ഥാൻ ഒഴികെയുള്ള എല്ലാ പ്രധാന രാജ്യത്തെയും താരങ്ങള്‍ പങ്കെടുക്കുന്ന ഏക ലീഗായ ഐപിഎല്‍ മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്നു. ലീഗുകളുടെ സംഖ്യ വ‍ര്‍ധിച്ചതോടെ ബിലാറ്ററല്‍ സീരീസുകളുടെ എണ്ണവും ദൈര്‍ഘവും കുറഞ്ഞതായും കാണാനാകും.

ഈ ഐപിഎല്‍ സീസണില്‍ പാകിസ്ഥാൻ-ഇന്ത്യ സംഘര്‍ഷമുണ്ടായപ്പോള്‍ അന്താരാഷ്ട്ര കലണ്ടറുമായി പുതുക്കിയ മത്സരക്രമം ക്ലാഷാകുകയും പലവിധ പ്രതിസന്ധികളുണ്ടാകുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത തീരുമാനങ്ങളെടുത്തപ്പോള്‍ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ന്യൂസിലൻഡുമെല്ലാം താരങ്ങള്‍ക്ക് വിട്ടുകൊടുത്തു തീരുമാനങ്ങള്‍.

ദേശീയ ബോര്‍ഡുകള്‍ കൊടുക്കുന്നതിലും തുക ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് നല്‍കുന്നതും കരാര്‍ നിലനില്‍ക്കുന്നതുമെല്ലാം താരങ്ങളെ സെൻട്രല്‍ കോണ്‍ട്രാക്റ്റുകളി‍ല്‍ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നു. പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമായി ട്വന്റി 20 സൂപ്പര്‍ താരങ്ങള്‍ ദേശീയ കുപ്പായം അണിയുന്ന പ്രവണതയിലേക്ക് പരിവര്‍ത്തനമുണ്ടാവുകയും ചെയ്തു. ഇത് പ്രതിഫലിക്കാതിരിക്കുന്നത് ഇന്ത്യൻ താരങ്ങളുടെ കാര്യത്തിലാണ്.

താരങ്ങളുടെ കാര്യത്തില്‍ ബിസിസിഐ എടുക്കുന്ന കടുത്ത നിലപാടുകളും കരാര്‍ തുകയുടെ വലുപ്പവുമെല്ലാം കാരണമായി പറയാനാകും. മറ്റ് ലീഗുകളില്‍ ഇന്ത്യൻ താരങ്ങള്‍ എന്തുകൊണ്ട് കളിക്കുന്നില്ല എന്നതിന്റെ ഉത്തരവും ഇതുതന്നെയാണ്. ക്രിക്കറ്റ് ഒരു ഗ്ലോബല്‍ ഇവന്റായി മാറ്റിയെടുക്കുന്നതില്‍ ലീഗുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്, എന്നാല്‍ ദേശീയ ടീമിന്റെ പ്രധാന്യം ഇവിടെ ഇല്ലാതാകുകയും ചെയ്യുന്നു.

ബിസിസിഐ പോലെ സാമ്പത്തികമായി ഭീമന്മാരല്ല മറ്റ് ബോര്‍ഡുകള്‍ എന്നതും ചൂണ്ടിക്കാണിക്കേണ്ട ഒന്നാണ്. ലീഗുകളുടെ വരവോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വീകാര്യത ഇടിയുന്നതും കാണാനാകും. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്...ഒരുപരിധി വരെ ന്യൂസിലൻഡിനും മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാണികളെ ആകര്‍ഷിക്കാൻ കഴിഞ്ഞിട്ടുള്ളതും.

29-ാം വയസില്‍ വിരമിച്ച പുരാൻ തന്റെ കരിയറില്‍ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. ക്ലാസൻ വെള്ളക്കുപ്പായമണിഞ്ഞത് വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണുതാനും. വെസ്റ്റ് ഇൻഡീസ് പോലുള്ള ഒരു കാലത്തെ ഭീമന്മാര്‍ ഇന്ന് ദുര്‍ബലരായി മാറി. പ്രധാന താരങ്ങള്‍ ലീഗുകളിലേക്ക് ചേക്കേറിയതായിരുന്നു ഇതിലേക്ക് വഴിവെച്ചത്. മറ്റ് ടീമുകളിലേക്കും ഈ പ്രവണത വ്യാപിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.