രണ്ട് തലമുറയാണ്, ശൈലിയാണ്, എതിരെ പന്തെടുത്തവരും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. പക്ഷേ, ക്രിക്കറ്റ് ദൈവത്തിന്റെ 100 സെഞ്ച്വറികളെന്ന ആ അപൂർതയിലേക്കുള്ള യാത്രയിലാണ് വിരാട് കോഹ്ലി
സ്കൂള്‍ വിട്ട് ഓടി വന്ന് ടിവി വെക്കുമ്പോള്‍ സച്ചിൻ സെഞ്ച്വറിക്ക് തൊട്ടരികിലായിരിക്കും, വിശപ്പിനെ മറന്ന് ചങ്കിടിപ്പോടെ കണ്ണിമചിമ്മാതെ നോക്കി നില്‍ക്കും, സച്ചിനെന്ന മൂന്നക്ഷരം അലയടിക്കും, ഔട്ട് ആകരുതേയെന്ന് മനസില്‍ ഉരുവിടും. സെഞ്ച്വറി അടിച്ചാല്‍ പിന്നെ വേറൊന്നും വേണ്ട, ഔട്ട് ആയാലോ, ആ നിമിഷം ഇങ്ങനെ ദിവസങ്ങളോളം ചെറുനീറ്റലായി കിടക്കും. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ജനിച്ചവർക്ക് വല്ലാത്തൊരു ഓർമയായിരിക്കും ഇത്. കാലങ്ങള്‍ താണ്ടി മറ്റൊരു വൈകുന്നേരത്തേക്കാണ്...
റായ്‌പൂരില്‍ നിലയ്ക്കാതെയടിക്കുന്ന തിരമാലെ പോലെ ഗ്യാലറി അയളുടെ പേര് ചാന്റ് ചെയ്യുകയാണ്. ആ നിമിഷമൊപ്പാൻ പതിനായിരം ക്യാമറ കണ്ണുകള്‍. മാര്‍ക്കൊ യാൻസണിന്റെ പന്ത് ലോങ് ഓണിലേക്ക് പുഷ് ചെയ്ത് നോണ്‍ സ്ട്രൈക്കർ എൻഡിലേക്ക്. മൈതാനത്ത് നിന്ന് വായുവിലേക്ക് ഉയർന്ന് ചാടി തന്റെ ശതകം അയാള്‍ പൂർത്തിയാക്കുകയാണ്. ഇന്നിന്റെ ഇതിഹാസം, വിരാട് കോഹ്ലി. 84-ാം അന്താരാഷ്ട്ര സെഞ്ച്വറി, ഏകദിനത്തില്‍ 53.
രണ്ട് തലമുറയാണ്, ശൈലിയാണ്, എതിരെ പന്തെടുത്തവരും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. പക്ഷേ, ക്രിക്കറ്റ് ദൈവത്തിന്റെ 100 സെഞ്ച്വറികളെന്ന ആ അപൂർതയിലേക്കുള്ള യാത്രയിലാണ് വിരാട് കോഹ്ലി. 2008ല്‍ വിഖ്യാതമായ ഇഡൻ ഗാർഡൻസില്‍ ആരംഭിച്ചതാണ്, 16 ശതകങ്ങളുടെ ദൂരം മാത്രമാണ് ഇനി, ദൈവത്തെ കീഴടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമോ?
എത്ര മത്സരങ്ങള്‍ ഇനി
ട്വന്റി 20, ടെസ്റ്റ് ഫോർമാറ്റുകളില്‍ നിന്ന് വിരമിച്ച കോഹ്ലിക്ക് മുന്നിലുള്ളത് ഏകദിനങ്ങള്‍ മാത്രമാണ്. കരിയറിന്റെ അസ്തമയത്തോട് അടുക്കുകയാണ്, 2027 ഏകദിന ലോകകപ്പിലായിരിക്കാം ഒരുപക്ഷേ കോഹ്ലിയെ അവസാനമായി ഇന്ത്യയുടെ നീല ജഴ്‌സിയില്‍ കാണാനാകുക. 2027 ഏഷ്യ കപ്പും ഏകദിന ലോകകപ്പും മാറ്റി നിർത്തിയാല്‍ ഇന്ത്യക്ക് ഒരുപാട് ഏകദിന പരമ്പരകള്‍ ഇനിയില്ല, പ്രത്യേകിച്ചും ട്വന്റി 20 ലോകകപ്പ് വരാനിരിക്കെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പുരോഗിമിക്കുകയും ചെയ്യുന്നതിനാല്‍.
നിലവില്‍ ബിസിസിഐ സ്ഥിരികരിച്ചിരിക്കുന്ന മത്സരക്രമം പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കൻ പരമ്പര കഴിഞ്ഞ് 2026 ജനുവരിയില്‍ ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനം. ശേഷം ജൂലൈയില്‍, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. മറ്റ് സാധ്യതകള്‍, ഔദ്യോഗികമാകത്തത് - സെപ്തംബറില്‍ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര, ഒക്ടോബറില്‍ ന്യൂസിലൻഡ് പര്യടനം, ഡിസംബറില്‍ ശ്രീലങ്കയും എതിരാളികളായി എത്തും. എല്ലാ പരമ്പരയിലും മൂന്ന് ഏകദിനങ്ങള്‍ വെച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവശേഷിക്കുന്ന ഒരു മത്സരം കൂടി പരിഗണിക്കുമ്പോള്‍ 16 ഏകദിനങ്ങള്‍.
ഇനി ഏഷ്യ കപ്പ് ഉള്‍പ്പെടുത്തിയാല്‍ കുറഞ്ഞത് രണ്ടും, ഫൈനല്‍ വരെ എത്തിയാല്‍ ആറ് മത്സരങ്ങളും. ഏകദിന ലോകകപ്പില്‍ 2023ലെ ഘടന തന്നെയാണ് പിന്തുടരുന്നതെങ്കില്‍ കുറഞ്ഞത് ഒൻപതും കലാശപ്പോര് വരെയെങ്കില്‍ 11 മത്സരങ്ങള്‍. ആകെ 27 മുതല്‍ 33 മത്സരങ്ങള്‍ വരെ. ഇത്രയും മത്സരങ്ങളാണ് പരമാവധി കോഹ്ലിക്ക് മുന്നിലുള്ളത്, 16 സെഞ്ച്വറികളാണ് ലക്ഷ്യം.
ഇവിടെ പ്രധാനമായും പരിഗണിക്കേണ്ടത് കോഹ്ലിയുടെ കണ്‍വേര്‍ഷൻ റേറ്റാണ്. ഏകദിനത്തില്‍ 295 ഇന്നിങ്സുകളിലാണ് കോഹ്ലി ബാറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 128 തവണയും കോഹ്ലി 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ച്വറി കടന്ന 128 സാഹചര്യങ്ങളില്‍ 53 തവണയും മൂന്നക്കത്തിലേക്ക് എത്താൻ കോഹ്ലിക്ക് കഴിഞ്ഞു. അതായത്, അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടാല്‍ സെഞ്ച്വറിയിലേക്കുള്ള കോഹ്ലിയുടെ കണ്‍വേര്‍ഷൻ റേറ്റ് 42.4 ശതമാനമാണ്. അണ്‍റിയലായുള്ള കണ്‍സിസ്റ്റൻസി.
അവശേഷിക്കുന്ന ഏകദിനങ്ങളുടെ പരമാവധി കണക്കെടുത്ത് കണ്‍വേര്‍ഷൻ റേറ്റ് പരിശോധിച്ചാല്‍ കോഹ്ലിക്ക് ആവശ്യമായത് 48 മുതല്‍ 59 ശതമാനമാണ്. കോഹ്ലിക്കിത് സാധിക്കുമെന്ന് കരുതപ്പെടുന്നവരായിരിക്കാം കൂടുതല്‍. The reason is Virat Kohli himself, his ability to overcome the odds. അങ്ങനൊരു വിലയിരുത്തല്‍ ഉണ്ടാകുന്നുവെന്നതാണ് കോഹ്ലിക്ക് ഏകദിന ഫോര്‍മാറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റര്‍ എന്ന തലക്കെട്ട് നല്‍കാനുള്ള കാരണവും.
ഫിറ്റ്നസ് ഫ്രീക്ക്!
ഇവിടെ ഏറ്റവും നിർണായകമാകുന്ന മറ്റൊരു ഘടകം ശാരീരിക ക്ഷമതയാണ്. അതില്‍ രണ്ടാമതൊരു ചോദ്യത്തിന്റെ അനിവാര്യതയില്ല, എങ്കിലും റായ്പൂരിലേക്ക് തന്നെ ഒന്ന് മടങ്ങിപ്പോകാം. റാഞ്ചിയില്‍ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. എങ്ങനെ ഒരു ഏകദിന ഇന്നിങ്സ് കളിക്കാമെന്നതിന്റെ പ്രോപ്പർ ഉദാഹരണമായിപ്പോലും കണക്കാക്കാം. ആറാം ഓവറില്‍ ക്രീസിലെത്തി നേരിട്ട നാലാം പന്തില്‍ എൻഗിഡിക്കെതിരെ പുള്‍ഷോട്ടിലൂടെ സിക്സ് നേടിയാണ് കോഹ്ലി റണ്‍വേട്ടയ്ക്ക് തുടക്കമിടുന്നത്. സിക്സില്‍ ഒരു ഇന്നിങ്സ് ആരംഭിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കോഹ്ലി.
എട്ടാം ഓവറില്‍ യാൻസണെതിരെ ഒരു ഫോര്‍. പിന്നീട് 12 ഓവറുകള്‍ക്ക് ശേഷമാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ഒരു പന്ത് ബൗണ്ടറി കടന്നത്. ഈ സമയത്തെല്ലാം സ്ട്രൈക്ക് റേറ്റ് 90നും നൂറിനുമിടയില്‍ നിലനിര്‍ത്താൻ കോഹ്ലിക്കായ്. 47 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുമ്പോള്‍ 18 റണ്‍സ് മാത്രമാണ് ബൗണ്ടറിയില്‍ നിന്ന്, 32 റണ്‍സ് ഓടിയെടുത്തത്. അപ്പോഴേക്കും സ്ട്രൈക്ക് റേറ്റ് 100 കടന്നിരുന്നു. ഇതിന്റെ ആവര്‍ത്തനമായിരുന്നു ഇന്നിങ്സിന്റെ രണ്ടാം ഘട്ടവും. നാല് ഫോറും ഒരു സിക്സുമായിരുന്നു പിന്നീട് നേടിയത്.
93 പന്തില്‍ 102 റണ്‍സ് പിറന്ന ഇന്നിങ്സില്‍, 62 റണ്‍സും ഓടിയെടുത്തത്. ഏഴ് ഡബിള്‍, ഒരു ത്രിബിള്‍, 45 സിംഗിള്‍. മറുവശത്ത് റുതുരാജിന്റെ ഇന്നിങ്സ് നോക്കാം, 83 പന്തില്‍ 105 റണ്‍സ്. 60 റണ്‍സും ബൗണ്ടറിയില്‍ നിന്നാണ് റുതു നേടിയത്, കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റില്‍ നിന്ന് ഒരുപാട് അകലവുമില്ല. റണ്ണിങ് ബിറ്റ്‌വീൻ ദ വിക്കറ്റ്‌സ് എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് കോഹ്ലി തെളിയിച്ചു. 38 പിന്നിടുമ്പോഴും കരിയറിലുടനീളം പിന്തുടര്‍ന്ന ശൈലി വിട്ടിട്ടില്ല താരം. റാഞ്ചിയില്‍ 39 ഓവറുകളും റായ്പൂരില്‍ 33 ഓവറും കോഹ്ലി ബാറ്റ് ചെയ്തു. പീക്ക് ഫിറ്റ്നസ്.
ഫോം തുടര്‍ന്നാല്‍, 16 സെഞ്ച്വറികള്‍ എന്നത് മറികടക്കാൻ അയാള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കേണ്ടി വരും. With just 25-30 games left in his whole career, he still makes you believe he can score 16 more centuries and surpass the God. Just imagine his stature in ODI cricket. Virat Kohli, The unstoppable.


