ഐപിഎല്ലിലെ ആ അസാധാരണ ഇന്നിങ്സിന് രണ്ട് വർഷങ്ങള്‍ക്കിപ്പുറം റിങ്കു സിങ് ടീമില്‍ പോലുമില്ല, മതിയായ അവസരങ്ങള്‍ ലഭിക്കാതെ, നല്‍കാതെയുള്ള ഈ നീക്കം ന്യായീകരിക്കാൻ കഴിയുന്നതാണോ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമ്പോള്‍ റിങ്കു സിങ് എന്ന പേരുണ്ടായിരുന്നില്ല. 2023 ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം പൊടുന്നനെ ഓര്‍മ വന്നു. കൊല്‍ക്കത്തയ്ക്ക് അവസാന ഓവറില്‍ ജയിക്കാൻ 28 റണ്‍സ്, ഇടം കയ്യൻ പേസറായ യാഷ് ദയാലിനെ അഞ്ച് വട്ടം തുടർച്ചയായി ഗ്യാലറിയിലെത്തിച്ച ആ അസാധാരണ പ്രകടനം...
ഇന്ത്യക്കൊരു പ്രൊപ്പർ ഫിനിഷറെ ലഭിച്ചുവെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതരെല്ലാം അന്ന് വിധിയെഴുതിയത്. രണ്ട് വർഷങ്ങള്‍ക്കിപ്പുറം അയാള്‍ ടീമില്‍ പോലുമില്ല, മതിയായ അവസരങ്ങള്‍ ലഭിക്കാതെ, നല്‍കാതെയുള്ള ഈ നീക്കം ന്യായീകരിക്കാൻ കഴിയുന്നതാണോ...
25 ഇന്നിങ്സില്‍ നിന്ന് 161 സ്ട്രൈക്ക് റേറ്റില്‍ 550 റണ്‍സ്. അന്താരാഷ്ട്ര ട്വന്റി 20യിലെ റിങ്കുവിന്റെ കരിയർ കണക്കുകളിലിങ്ങനെ പറയാം. മൂന്ന് അർദ്ധ സെഞ്ച്വറികളുണ്ട്. ഐപിഎല്ലിലെ ഫിനിഷറെന്ന തലക്കെട്ട് തന്നെയായിരുന്നു റിങ്കുവിനെത്തേടി 2023ലെ അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വിളിയെത്താനും കാരണമായത്. പക്ഷേ, 2024 ട്വന്റി 20 ലോകകപ്പിന് ശേഷമാണ് റിങ്കുവിന്റെ സാന്നിധ്യം നിരന്തരം പ്ലെയിങ് ഇലവനില്‍ കണ്ടത്.
കരിയറില്‍ ആകെ കളിച്ച 35 മത്സരങ്ങളില്‍ 20 എണ്ണവും ഈ കാലയളവിലായിരുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പര്യടനം സിംബാബ്‌വെക്കെതിരെയായിരുന്നു. നാല്, അഞ്ച്, ആറ്, ഏഴ് പൊസിഷനുകളില്‍ നാല് മത്സരങ്ങളില്‍ ബാറ്റ് ചെയ്ത റിങ്കു 176 സ്ട്രൈക്ക് റേറ്റില്‍ 60 റണ്‍സാണ് നേടിയത്, പുറത്തായത് ഒരു തവണ മാത്രം. ശേഷം, നടന്ന ശ്രീലങ്ക പര്യടനത്തില്‍ മൂന്ന് മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രം, ബംഗ്ലാദേശിനെതിരെ അർദ്ധ സെഞ്ചുറിയോടെ തിരിച്ചുവരവ് നടത്തി.
പക്ഷേ, ബംഗ്ലാദേശിനെതിരെ ഉയര്‍ന്ന ഗ്രാഫ് ദക്ഷിണാഫ്രിക്കയില്‍ താഴ്ന്നു. റിങ്കുവിനൊപ്പം ഇന്ത്യൻ ടീമിലേക്ക് എൻട്രി ലഭിച്ച സഞ്ജു സാംസണും തിലക് വർമയും സെഞ്ചുറികള്‍ക്കൊണ്ട് റണ്‍വേട്ട നടത്തിയ പരമ്പര. പ്ലെയിങ് ഇലവനിലെത്തിയ നാല് മത്സരങ്ങളില്‍ റിങ്കു മൂന്നിലും ബാറ്റ് ചെയ്തു. 28 റണ്‍സ് മാത്രമായിരുന്നു നേട്ടം. എങ്കിലും ഇന്ത്യ ആതിഥേയത്വം വഹിച്ച ഇംഗ്ലണ്ട് പരമ്പരയിലും റിങ്കുവിന് അവസരം നല്‍കാൻ സെലക്ടർമാർ തയാറായി. പക്ഷേ, രണ്ട് ഇന്നിങ്സുകളില്‍ നിന്ന് 39 റണ്‍സാണ് റിങ്കുവിന് നേടാനായത്, സ്ട്രൈക്ക് റേറ്റും വീണു.
ഏഷ്യ കപ്പില്‍ ലഭിച്ച ഏക അവസരത്തില്‍ ഇന്ത്യയുടെ വിജയറണ്‍ നേടി, ഓസ്ട്രേലിയൻ പര്യടനത്തില്‍ ബ്രിസ്ബനില്‍ പ്ലെയിങ് ഇലവനില്‍ എത്തിയെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. റിങ്കുവിന്റെ അന്താരാഷ്ട്ര ട്വന്റി 20 കരിയറെടുത്താല്‍ മികവ് കുറഞ്ഞുവരുന്നത് കാണാനാകും. 2023ല്‍ സ്ട്രൈക്ക് റേറ്റ് 180ഉം ശരാശരി 65ഉം ആയിരുന്നു. 2024ല്‍ ശരാശരി 35ലേക്ക് ഇടിഞ്ഞു, സ്ട്രൈക്ക് റേറ്റ് 150 ആയും ചുരുങ്ങി. 2025ല്‍ സ്ട്രൈക്ക് റേറ്റ് 130 മാത്രമാണ്, ശരാശരി 21ഉം.
പ്രകടനത്തിലുണ്ടായ ഇടിവ് മാത്രമല്ല റിങ്കുവിന്റെ സാധ്യതകളെ ഇല്ലാതാക്കിയത്. പ്ലെയിങ് ഇലവനില്‍ റിങ്കുവിന് എവിടെ സ്ഥാനം നല്‍കുമെന്നതും ചോദ്യമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ടീമില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങള്‍ ലോകകപ്പ് ടീമിലുണ്ടായേക്കില്ല. ശുഭ്മാൻ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക്ക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷദീപ് സിങ്, ജസ്പ്രിത് ബുമ്ര. ഇതായിരിക്കാം ഇന്ത്യയുടെ അന്തിമ ഇലവൻ, കുല്‍ദീപ് യാദവിന്റെ സാന്നിധ്യം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും.
ഹാര്‍ദിക്ക്, ദുബെ, അക്സര്‍ - മൂന്ന് ഓള്‍ റൗണ്ടര്‍മാരാണ് ഇന്ത്യൻ നിരയിലുള്ളത്. അഭിഷേകിനും തിലക് വര്‍മയ്ക്കും പന്തുകൊണ്ടും സംഭാവന ചെയ്യാനാകുന്നവരാണ്. ഇവിടെയാണ് ഫിനിഷര്‍ എന്ന റോള്‍ മാത്രം വഹിക്കുന്ന റിങ്കുവിന്റെ പേര് ഉയരുന്നത്. ടോപ് ഓര്‍ഡറിലൊ മധ്യനിരയിലോ റിങ്കുവിന് ഇടമില്ലെന്ന് വ്യക്തമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ രണ്ട് സെഞ്ചുറി നേടിയ സഞ്ജുവിന് പോലും സ്ഥിരമായൊരു സ്ഥാനം ലഭിച്ചിട്ടില്ല.
ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യം ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ഡെപ്ത് എട്ടാം നമ്പര്‍ വരെ എത്തിക്കും. ബൗളിങ്ങിന്റെ കാര്യത്തില്‍ സൂര്യകുമാര്‍ യാദവിന് ലക്ഷ്വറിയും ഇവിടെ ലഭിക്കുന്നു. റിങ്കുവിനെ ഡ്രോപ്പ് ചെയ്തതിന് പിന്നില്‍ ഇങ്ങനെ നിരവധി ഘടങ്ങളുണ്ട്...ഒരുപക്ഷേ, ബൗളിങ് മികവുകൂടിയുണ്ടായിരുന്നെങ്കില്‍ റിങ്കുവിന്റെ പേര് ടീമില്‍ ഇന്നും കാണുമായിരുന്നു...


