ദക്ഷിണാഫ്രിക്കയ്ക്ക്തെിരായ കലാശപ്പോര് ഓസീസിനുള്ള ഒരു സൂചനകൂടിയായിരുന്നു. ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തല്‍
ഐസിസി ഫൈനലുകളില്‍ കാലിടറുന്ന ഓസ്ട്രേലിയ, ആ അപൂര്‍വമായ കാഴ്ചയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാക്ഷ്യം വഹിച്ചു. താരങ്ങളുടെ പ്രകടനവും ലോര്‍ഡ്‌സിലെ പ്രതികൂലമായ സാഹചര്യങ്ങളുമെല്ലാം കാരണമാണെന്ന് പറഞ്ഞുവെക്കാൻ നായകൻ പാറ്റ് കമ്മിൻസും മടിച്ചിരുന്നില്ല. പ്രത്യേകിച്ചും ബാറ്റിങ് നിരയിലെ ആശങ്കകള്‍.
പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക്തെിരായ കലാശപ്പോര് ഓസീസിനുള്ള ഒരു സൂചനകൂടിയായിരുന്നു. ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തല്‍. ഈ വര്‍ഷം ഓസ്ട്രേലിയക്ക് രണ്ട് ടെസ്റ്റ് പരമ്പരകളാണുള്ളത്. ഒന്ന് വെസ്റ്റ് ഇൻഡീസ് പര്യടനം, ജൂണ്‍ 25ന് ആരംഭിക്കും. മറ്റൊന്ന് ആഷസ് പരമ്പരയാണ്, സ്വന്തം നാട്ടില്‍ നവംബറിലാണ് ആഷസിന്റെ തുടക്കം.
ആഷസ് ഏറെ നിര്‍ണായകമായിരിക്കെ വെസ്റ്റ് ഇൻഡീസ് പരമ്പരയായിരിക്കും പലതാരങ്ങള്‍ക്കും ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരം. വിൻഡീസിനെതിരായ പരമ്പരയില്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് തയാറാകാതെയാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. റിസര്‍വ് താരമായിരുന്നു ബ്രെൻഡൻ ഡോജെറ്റിന് പകരം സീൻ അബോട്ട് വിൻഡീസിലേക്ക് വണ്ടി കയറും. ഡോജറ്റിന്റെ പരുക്കായിരുന്നു അബോട്ടിന് വഴി തുറന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോപ് ഓര്‍ഡറിന്റെ പരാജയമായിരുന്നു ഓസ്ട്രേലിയയെ സമ്മര്‍ദത്തിലാക്കിയത്. ഉസ്മാൻ ഖവാജ, ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച മാര്‍നസ് ലെബുഷെയ്ൻ, മൂന്നാം നമ്പറിലെത്തിയ കാമറൂണ്‍ ഗ്രീൻ എന്നിവര്‍ രണ്ട് ഇന്നിങ്സുകളിലും പരാജയപ്പെട്ടു. പൊതുവെ മധ്യനിരയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന ഗ്രീനിന് ന്യൂബോള്‍ എത്ര കഠിനമായിരുന്നുവെന്ന് തെളിഞ്ഞു, പക്ഷേ യുവതാരമായതുകൊണ്ട് ഗ്രീനിന് ഇനിയും അവസരങ്ങള്‍ ഒരുങ്ങുമെന്ന് കരുതാം.
എന്നാല്‍ ഖവാജയുടേയും ലെബുഷെയ്‌ന്റേയും സ്ഥിതി വ്യത്യസ്തമാണ്. പൊതുവെ മോശം ഫോമില്‍ നിന്ന് തിരിച്ചുവരുന്നതാണ് ഖവാജയുടെ ശൈലി. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ പരാജയപ്പെട്ടതിന് ശേഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇരട്ടസെഞ്ച്വറിയുമായി തിളങ്ങി. എന്നാല്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിങ്സില്‍ 20 പന്തില്‍ ഡക്കും രണ്ടാം ഇന്നിങ്സില്‍ 23 പന്തില്‍ ആറുമായിരുന്നു സ്കോര്‍.
രണ്ട് ഇന്നിങ്സുകളിലും നിലയുറപ്പിക്കാൻ ഖവാജയ്ക്ക് സാധിച്ചിരുന്നില്ല. പ്രത്യേകിച്ചും ക്വാളിറ്റി പേസ് ബൗളിങ്ങിനെ നേരിടുമ്പോള്‍. ബുംറയ്ക്കെതിരെ സംഭവിച്ചത് റബാഡയ്ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. 39-ാം വയസിലേക്ക് അടുക്കുന്ന ഖവാജയ്ക്ക് വിൻഡീസിനെതിരെ തിളങ്ങാനായില്ലെങ്കില്‍ ഒരുപക്ഷേ ടെസ്റ്റ് കരിയറിന്റെ അവസാനത്തിലേക്ക് അടുക്കേണ്ടതായി വന്നേക്കാം.
സ്റ്റീവ് സ്മിത്തിന്റെ പിൻഗാമിയെന്ന് വിളിക്കപ്പെട്ടിരുന്ന താരമാണ് ലെബുഷെയ്‌ൻ. 2019 മുതല്‍ 22 വരെ സ്മിത്തിനൊപ്പം സ്ഥിരത പുലര്‍ത്തിയിരുന്നു വലം കയ്യൻ ബാറ്റര്‍. എന്നാല്‍ ശേഷം ഇതുവരെയുള്ള മത്സരങ്ങള്‍ പരിശോധിച്ചാല്‍ താരത്തിന്റെ പ്രകടനത്തിലുണ്ടായ ഇടിവ് ചെറുതല്ല. 2022ന് ശേഷം 49 ഇന്നിങ്സുകളിലായി ഒരു സെഞ്ച്വറി മാത്രമാണ് പേരിലുള്ളത്.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി, ലങ്കൻ പര്യടനം, ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. മൂന്നിലും തിളങ്ങാൻ മധ്യനിര ബാറ്റര്‍ക്ക് കഴിഞ്ഞിട്ടില്ല. ഖവാജയേക്കാള്‍ ഒരുപക്ഷേ വിൻഡീസ് പര്യടനത്തില്‍ സമ്മര്‍ദം കൂടുതല്‍ ലെബുഷെയ്‌നാകാം. പ്രത്യേകിച്ചും യുവതാരങ്ങളുടെ നിര പിന്നിലുള്ളപ്പോള്‍.
ഇനിയുള്ളത് ഓഫ് സ്പിന്നറായ നാഥാൻ ലയണാണ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന താരം. 137 ടെസ്റ്റുകളില്‍ നിന്ന് അഞ്ഞൂറിലധികം വിക്കറ്റുകള്‍ നേടാൻ വലം കയ്യൻ ബൗളര്‍ക്കായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 34 ഓവറുകള്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ലയണിന്റെ പേരിലുണ്ടായില്ല. ശ്രിലങ്കൻ പര്യടനത്തിലെ മികവും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മോശമല്ലാത്ത പ്രകടനവും ലയണിന്റെ സാധ്യതകള്‍ ഇനിയുമുണ്ടെന്ന് തെളിയിക്കുന്നതാണ്.
38-ാം വയസിലേക്കാണ് ലയണിന്റെ യാത്ര. മാത്യു കുനേമാൻ, ടോഡ് മര്‍ഫി എന്നിവരെപോലെയുള്ള യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കേണ്ടതില്ലെ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. കാരണം, ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ കൂടുതല്‍ അറ്റാക്കിങ്ങാകുമ്പോള്‍ ഓഫ് സ്പിന്നര്‍മാരുടെ സാധ്യതയില്‍ ഇടിവ് വരുകയും ടീമുകള്‍ ലെഗ് സ്പിന്നര്‍മാരുടെ സാന്നിധ്യം ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ബൗളിങ്ങില്‍ മത്സരത്തിലുടനീളം ടെമ്പൊ നിലനിര്‍ത്താൻ കഴിയാത്തതിനെക്കുറിച്ച് മുഖ്യപരിശീലകൻ ആൻഡ്രു മക്ഡൊണാള്‍ഡ് പറഞ്ഞിരുന്നു. ഓസ്ട്രേലിയയുടെ പേസ് നിരയെടുക്കാം. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളൻഡ്. ലോക ക്രിക്കറ്റിലെ ഏറ്റവും ക്വാളിറ്റിയുള്ള പേസ് നിരയെന്ന് നിസംശയം പറയാനാകും.
ബോളൻഡ് 36 പിന്നിട്ടു. സ്റ്റാര്‍ക്ക് 35, ഹേസല്‍വുഡ് 34, കമ്മിൻസ് 32. നാല്‍വര്‍ സംഘത്തിന്റെ പേരില്‍ ആയിരത്തിലധികം വിക്കറ്റുമുണ്ട്. പക്ഷേ, പ്രായം വര്‍ധിക്കുമ്പോള്‍ ഫിറ്റ്നസും സ്ഥിരതയും ഒരുപോലെ കൊണ്ടുപോകുക എളുപ്പമല്ല. ഹേസല്‍വുഡിനേയും സ്റ്റാര്‍ക്കിനേയും പരുക്ക് തുടരെ വേട്ടയാടിയിട്ടുണ്ട്. കരിയറിന്റെ തുടക്കങ്ങളില്‍ കമ്മിൻസിനേയും.
നാല്‍വരില്‍ രണ്ട് പേര്‍ നിറം മങ്ങിയാല്‍ പകരമാര് എന്ന ചോദ്യം പ്രസക്തമാകുന്നു ഇവിടെ. നിലവില്‍ ഓള്‍ റൗണ്ടര്‍മാരായ വെബ്സ്റ്ററും ഗ്രീനുമാണ് ടീമിലുള്ള മറ്റ് പേസര്‍മാര്‍. ഇതുവരെ ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ല സീൻ അബോട്ടും. മറ്റൊരു സാധ്യത സ്പെൻസര്‍ ജോണ്‍സണിലാണ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചുരുങ്ങിയ മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും ഭേദപ്പെട്ട പ്രകടനം താരത്തിന് പുറത്തെടുക്കാനായിട്ടുണ്ട്. ലാൻസ് മോറിസ്, ജോര്‍ദാൻ ബക്കിങ്ഹാം തുടങ്ങിയവരെയും ഒരുപക്ഷേ ടെസ്റ്റില്‍ ഓസിസ് കുപ്പായത്തില്‍ കാണാം.


