രു ഡക്കോടെയായിരുന്നു യുവരാജ് സിങ്ങ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ചുവടുവച്ചത്. 1997-98 സീസണില്‍ ഒറീസയ്‌ക്കെതിരായ രഞ്ജി മത്സരത്തിലായിരുന്നു അന്നത്തെ പതിനാറുകാരന്റെ അരങ്ങേറ്റം. 1999ലെ കുച്ച് ബിഹാര്‍ ട്രോഫി ഫൈനലില്‍ യുവരാജ്, വരാന്‍ പോകുന്ന പേമാരിയുടെ സൂചന നല്‍കിയിരുന്നു. അന്ന് ഫൈനലില്‍ ബീഹാറിനെതിരെ മൂന്നാമനായി ഇറങ്ങി 358 റണ്‍സാണ് യുവരാജ് നേടിയത്. പിന്നാലെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണം. 1999-2000 രഞ്ജി സീസണില്‍ ഹരിയാനക്കെതിരെ 149 റണ്‍സ് കൂടി നേടിയതോടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലേക്കും ക്ഷണം. ഗ്രൂപ്പ് സ്റ്റേജില്‍ ന്യൂസിലന്‍ഡിനെതിരേയും സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ പ്രകടനം സീനിയര്‍ ടീമിലും അവസരം നല്‍കി.

2000ല്‍ കെനിയയില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിലായിരുന്നു സീനിയര്‍ ടീമിനായി യുവരാജ് അരങ്ങേറിയത്. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 84 റണ്‍സ് ഇടങ്കയ്യന് മാന്‍ ഓഫ് മാച്ച് അവാര്‍ഡും സമ്മാനിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് ത്രിരാഷ്ട്ര പരമ്പരയിലെ മോശം പ്രകടനം ടീമില്‍ സ്ഥാനം തെറിക്കാനിടയായി. പിന്നീട് അകത്തും പുറത്തുമായി കഴിഞ്ഞ നിരവധി ദിവസങ്ങള്‍. എന്നാല്‍ 2002ലെ നാറ്റ് വെസ്റ്റ് ട്രോഫിയിലെ പ്രകടനം ഒരിക്കല്‍കൂടി യുവരാജിന്റെ സ്ഥാനം സ്ഥിരപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്നാണ് യുവരാജ് സമ്മാനിച്ചത്.

2007 ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍, നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വര്‍ഷത്തെ പ്രഥമ ട്വന്റി20 ലോകകപ്പിലായിരുന്നു. സീനിയര്‍ താരങ്ങളെല്ലാം മാറിനിന്ന ആ ടൂര്‍ണമെന്റില്‍ എം.എസ് ധോണിയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവി.

ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ ബ്രാഡിനെ ഓവറിലെ മുഴുവന്‍ പന്തും സിക്‌സര്‍ പറത്തിയ യുവിയുടെ ബാറ്റിങ് ക്രിക്കറ്റ് ലോകം ഇന്നും മറന്നിട്ടില്ല. സെമിയില്‍ ലീയേയും മിച്ചല്‍ ജോണ്‍സണേയും ബ്രാക്കനെയും തെല്ലും കൂസാതെ നേരിട്ട യുവി 30 പന്തില്‍ നിന്ന് അഞ്ചു വീതം സിക്‌സും ബൗണ്ടറികളും സഹിതം അടിച്ചുകൂട്ടിയത് 70 റണ്‍സ്. 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയ 2011 ലോകകപ്പിലും യുവരാജിന്റെ പ്രകടനം നിര്‍ണായകമായി. ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്തത് യുവരാജാണെന്ന പറഞ്ഞാല്‍ പോലും അതില്‍ തെറ്റില്ല. 362 റണ്‍സും 15 വിക്കറ്റുകളുമാണ് യുവരാജ് സ്വന്തമാക്കിയത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. പിന്നാലെ ടൂര്‍ണമെന്റിന്റെ താരവും. ലോകകപ്പ് ടീം പ്രഖ്യാപിക്കും മുമ്പ് യുവിയെ ടീമില്‍ എടുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ അവസാന പതിനഞ്ചില്‍ യുവി സ്ഥാനം കണ്ടെത്തി. പിന്നാലെ സംഭവിച്ചത് ചരിത്രം.

പിന്നീട് അധികം കാണാനായില്ല യുവിയുടെ മായാജാലങ്ങള്‍. 2012ലാണ് യുവി അര്‍ബുദ രോഗബാധിതനാണെന്ന് കണ്ടെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ രാജാവിന്റെ ആരാധകരെ ഒട്ടും സന്തോഷിപ്പിച്ചില്ല ഈ വാര്‍ത്ത. 2012 മാര്‍ച്ചില്‍ അവസാന കീമോതെറാപ്പിയും പൂര്‍ത്തിയാക്കി യുവി ആശുപത്രി വിട്ടു. യുവി ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചെത്തുമോ എന്ന് ആരാധകര്‍ ആകാംക്ഷയിലായി. എന്നാല്‍ അതുക്കൊണ്ടൊന്നും തളര്‍ന്നില്ല. അര്‍ബുദത്തേയും അതിജീവിച്ച് യുവരാജ് തിരിച്ചെത്തി.

തിരിച്ചുവരവ് വെറുതെയായില്ല, ചെന്നൈയില്‍ ന്യൂസീലന്‍ഡിന് എതിരെ തിരിച്ചുവരവില്‍ 26 പന്തില്‍ 34 റണ്‍സെടുത്ത് യുവി അര്‍ബുദത്തെ തോല്‍പിച്ചു. തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ നടന്ന 2012 സെപ്റ്റംബര്‍ ടി20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ യുവിയുടെ പേര് കണ്ടതോടെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷമടക്കാനായില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് യുവി ലങ്ക വിട്ടത്. അതിജീവനവും തിരിച്ചുവരവും കായികരംഗത്തെ പ്രചോദനാത്മകമായ ഏടുകളിലൊന്നായിമ മാറി. പിന്നീട് അര്‍ബുദ രോഗികള്‍ക്കായും യുവരാജ് സമയം ചെലവഴിച്ചു.