മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് താരത്തെ വിലക്കിയത്. അണ്ടര്‍ 19 ഇന്ത്യന്‍ താരമായിരുന്ന സര്‍ഫ്രാസ് ഖാന്‍റെ ഇളയ സഹോദരനാണ് വിലക്ക് ലഭിച്ച മുഷീര്‍ ഖാന്‍. 

മുംബൈ: മുംബൈ അണ്ടര്‍ 16 ക്രിക്കറ്റ് ടീം നായകന്‍ മുഷീര്‍ ഖാന് മൂന്ന് വര്‍ഷത്തെ വിലക്ക്. മോശമായി പെരുമാറിയെന്ന സഹതാരങ്ങളുടെ പരാതിയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് 14കാരനെ വിലക്കിയത്. മുഷീര്‍ മോശമായി പെരുമാറിയതായും ഇത് അസോസിയേഷന്‍റെ സല്‍പ്പേരിനെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കണ്ടെത്തല്‍. പെരുമാറ്റം സഹതാരങ്ങളെയും തങ്ങളെയും ഞെട്ടിച്ചുവെന്നും അഡ്‌ഹേക് കമ്മിറ്റി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

വിജയ് മര്‍ച്ചന്‍റ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ മുഷീറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതായി സഹതാരങ്ങള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് പരാതി ഉന്നയിച്ചിരുന്നു. ടീം മാനേജര്‍ വിഗ്‌നേഷ് കാദം ഇക്കാര്യം അസോസിയേഷനെ അറിയിച്ചിരുന്നു. നായകനെതിരെ വേദാന്ദ ഗാഡിയ എന്ന താരം പരാതിയും നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക് കമ്മിറ്റി താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള സര്‍ഫ്രാസ് ഖാന്‍റെ ഇളയ സഹോദരനാണ് മുഷീര്‍ ഖാന്‍. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് മുഷീറിന് അപ്പീല്‍ നല്‍കാനാകും. പതിനാല് വയസുകാരനെതിരായ നടപടി അല്‍പം കടന്നുപോയി എന്ന നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കര്‍ പ്രകടിപ്പിച്ചത്. യുവ താരങ്ങള്‍ക്കെല്ലാം കൗണ്‍സലിംഗ് നല്‍കാന്‍ തയ്യാറാകണമെന്നും അഡ്‌ഹേക് കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്നും അദേഹം പറഞ്ഞു.