അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ലക്ഷ്യ രാജേഷിന്‍റെയും ആര്യവീർ സെവാഗിന്‍റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ക്യാപ്റ്റൻ ലക്ഷ്യ രാജേഷിന്‍റെയും ആര്യവീര്‍ സെവാഗിന്‍റെയും വി കെ വിനീതിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 90 പന്തില്‍ 93 റണ്‍സെടുത്ത ലക്ഷ്യ രാജേഷ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആര്യവീര്‍ സെവാഗ് 57 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വി കെ വിനീത് 62 പന്തില്‍ 57 റണ്‍സുമായും യഷ്ബര്‍ധൻ ചൗഹാന്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു. ശനിയാഴ്ച നടക്കുന്ന കിരീടപ്പോരില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തിരുന്നു. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 227-8, ഇന്ത്യ 36.5 ഓവറില്‍ 230-2.
എല്‍ എമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ലക്ഷ്യ രാജേഷും ആര്യവീര്‍ സെവാഗും ഓപ്പണിംഗ് വിക്കറ്റില്‍ 17 ഓവറിൽ 117 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. നാലു ഫോറും നാല് സിക്സും പറത്തി അര്‍ധസെഞ്ചുറി തികച്ച ആര്യവീര്‍ സെവാഗ് പുറത്തായതിന് ശേഷം മൂന്നാം വിക്കറ്റില്‍ വി കെ വിനീതുമൊത്ത് 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ലക്ഷ്യ രാജേഷ് സെഞ്ചുറിക്ക് 7 റണ്‍സകലെ പുറത്തായത് നിരാശയായി. 13 ഫോറും ഒരു സിക്സും അടക്കം 90 പന്തിലാണ് ലക്ഷ്യ രാജേഷ് 93 റണ്‍സെടുത്തത്. പിന്നീട് യഷ്ബര്‍ധന്‍ ചൗഹാനെ കൂട്ടുപിടിച്ച് വി കെ വിനീത് അനായാസം വിജയവര കടത്തി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് 50 ഓവറില്‍ 227 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 51 റണ്‍സ് വീതമെടുത്ത ഷാ ഫൈസല്‍ റഹീമി, നൊമാന്‍ സലര്‍സായ് എന്നിവരാണ് അഫ്ഗാന്‍റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി ഇഷാന്‍ സൂദ് മൂന്നും ആര്യന്‍ സാവ്‌സനി രണ്ടും വിക്കറ്റ് വീഴ്ത്തി.












