ജയ്‌പൂര്‍: ട്വന്‍റി20യില്‍ റണ്‍സ് വിട്ടുകൊടുക്കാതെ പത്ത് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ സ്വദേശിയായ പതിനഞ്ചുകാരന്‍. ജയ്‌പൂരില്‍ നടന്ന ആഭ്യന്തര ട്വന്‍റി20 മത്സരത്തിലാണ് ഇടംകൈയ്യന്‍ മീഡിയം പേസറായ ആകാശ് ചൗധരി ഹാട്രിക്കടക്കം എറിഞ്ഞിട്ടത്. ബാവര്‍ സിംഗ് സ്മാരക ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ പേള്‍ അക്കാദമിക്കെതിരെയാണ് ദിഷാ ക്രിക്കറ്റ് അക്കാദമി താരമായ ആകാശിന്‍റെ നേട്ടം. 

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ദിഷാ ക്രിക്കറ്റ് അക്കാദമി 156 റണ്‍സിന് പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ആകാശ് ചൗധരിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ പേള്‍ അക്കാദമി 36 റണ്‍സിന് പുറത്തായി. ആദ്യ മൂന്ന് ഓവറുകളില്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ആകാശ് നാലാം ഓവറില്‍ നാല് വിക്കറ്റ് നേടി. മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍റെ ആരാധകനായ ആകാശ് ഭാവിയില്‍ ഇന്ത്യക്കായി കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.