ഇന്ത്യ കണ്ട എറ്റവും വലിയ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവര്‍ക്കും ഭീകരര്‍ക്കെതിരെ പോരാടിയ ധീരര്‍ക്കും ആദരമര്‍പ്പിച്ചിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍...

മുംബൈ: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്‍റെ പത്താം വാര്‍ഷികമാണിന്ന്. അജ്‌മല്‍ കസബിന്‍റെ നേതൃത്വത്തിലുള്ള ഭീകരവാദികള്‍ മൂന്ന് ദിവസം ഇന്ത്യയുടെ വാണിജ്യതലസ്ഥാനം വേട്ടയാടുകയായിരുന്നു. വിദേശികളുള്‍പ്പെടെ 166 പേര്‍ക്ക് ജീവന്‍ നഷ്ടമായ ആക്രമണത്തില്‍ മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍, ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യുവരിച്ചു.

ഇന്ത്യ കണ്ട എറ്റവും വലിയ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവര്‍ക്കും ഭീകരര്‍ക്കെതിരെ പോരാടിയ ധീരര്‍ക്കും ആദരമര്‍പ്പിച്ചിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്ത് പ്രതിസന്ധികള്‍ സംഭവിച്ചാലും അതിജീവിക്കുമെന്ന് തെളിയിച്ചതായും ഭീകരവാദത്തിനെതിരെ നമുക്കൊരുമിച്ച് മതില്‍ പണിയാമെന്നും വൈകാരികമായി സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

മുംബൈയില്‍ വിവിധ സുരക്ഷാവിഭാഗങ്ങള്‍ മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരവാദികളെ കീഴ്‌പ്പെടുത്തിയത്. ആക്രമണം നടത്തിയ 10 ഭീകരില്‍ അജ്‌മല്‍ കസബ് ഒഴികെയുള്ളവരെ സുരക്ഷാസേന കൊലപ്പെടുത്തി. പിടികൂടിയ കസബിനെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു. മുന്നൂറിലേറെ പേര്‍ക്കാണ് മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റത്.