ദക്ഷിണാഫ്രിക്കയ്ക്ക് വിജയം; പരമ്പരയില്‍ ഒപ്പമെത്തി

First Published 12, Mar 2018, 5:36 PM IST
2nd test south africa beat ausis
Highlights
  • രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചത് ആറ് വിക്കറ്റിന്

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയയ്‌‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി. രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോര്‍- ഓസീസ് 243-10, 239-10. ദക്ഷിണാഫ്രിക്ക 382-10, 102-4. രണ്ടിന്നിംഗ്സുകളിലുമായി 11 വിക്കറ്റ് വീഴ്‌ത്തിയ കഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. 

ഒന്നാം ഇന്നിംഗ്സില്‍ 139 റണ്‍സ് ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 239ന് പുറത്തായിരുന്നു. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ 101 റണ്‍സെന്ന ചെറിയ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മര്‍ക്രാം(21), അംല(27), എബിഡി(28) എന്നിവര്‍ വിജയത്തിലെത്തിക്കുകയായിരുന്നു. ഓസീസിനായി ലിയോണ്‍ രണ്ടും കമ്മിണ്‍സും ഹെയ്സല്‍വുഡും ഓരോ വികറ്റും വീഴ്ത്തി. 

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് 243ന് പുറത്തായിരുന്നു. ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധ സെഞ്ചുറി(63) നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. എന്നാല്‍ എബിഡിയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(126) ദക്ഷിണാഫ്രിക്ക 139 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി. അതേസമയം ആറ് വിക്കറ്റുമായി റബാഡ ഒരിക്കല്‍ കൂടി ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്‌സിലും  ഓസീസ് തകര്‍ന്നു. 

75 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയായിരുന്നു ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസ് 239 റണ്‍സിന് പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 101 റണ്‍സായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ മുന്‍നിര തകര്‍ന്നിട്ടും ചെറിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടന്നു. നേരത്തെ ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് 118 റണ്‍സിന് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് മാര്‍ച്ച് 22ന് കേപ്‌ടൗണില്‍ നടക്കും.

loader