ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ഉമേഷ് യാദവും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.

ഓപ്പണിംഗ് വിക്കറ്റില്‍ ലൂയിസും കെയ്ല്‍ ഹോപ്പും ചേര്‍ന്ന് വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചുവെങ്കിലും അതിന് 17 ഓവര്‍ വേണ്ടിവന്നു. 35 റണ്‍സെടുത്ത ഹോപ്പിനെ മടക്കി പാണ്ഡ്യയാണ് വിന്‍ഡീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സ്കോര്‍ 80ല്‍ നില്‍ക്കെ 35 റണ്‍സെടുത്ത ലൂയിസിനെ മടക്കി കുല്‍ദീപ് യാദവ് കരുത്തുകാട്ടി. ഷായി ഹോപ്(25), റോസ്റ്റണ്‍ ചേസ്(24), ജേസണ്‍ മുഹമ്മദ്(20) എന്നിവര്‍ക്ക് നല്ലതുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

നാല്‍പതാം ഓവറില്‍ 161 റണ്‍സിലെത്തി വിന്‍ഡീസിന് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ അടിതെറ്റി. അവസാന 10 ഓവറില്‍ 28 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. രണ്ട് വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഷാമി 10 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.