മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ 57 അപേക്ഷകര്‍ ലഭിച്ചു‍. ഹിന്ദി അറിയുന്ന കോച്ചിനെ പരിഗണിക്കുന്നതിനാല്‍ വിദേശ പരിശീലകര്‍ക്ക് അവസരം കിട്ടില്ലെന്നാണ് സൂചന. അടുത്തമാസം തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്‍പ് പുതിയ കോച്ചിനെ നിശ്ചയിക്കും.

2015 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന് പകരക്കാരനെ കണ്ടെത്താനാണ് ബി സി സി ഐ പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ കിട്ടേണ്ട അവസാനദിനം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഇതിനോടകം ബി സി സി ഐയ്ക്ക് സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി കിട്ടിയത് 57 അപേക്ഷകള്‍. ബോര്‍ഡ് സെക്രട്ടറി അജയ് ഷിര്‍ക്കെയുടെ ഓഫീസ് അപേക്ഷകള്‍ പരിശോധിക്കുകയാണിപ്പോള്‍. ലോകകപ്പിലും ഏഷ്യാകപ്പിലും ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി, നിലവിലെ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍, സെലക്ഷന്‍ കമ്മിറ്റി അംഗം വിക്രം റാഥോഡ്, മുന്‍താരങ്ങളായ വെങ്കിടേഷ് പ്രസാദ്, ഋഷികേശ് കനിത്കര്‍, ബല്‍വീന്ദര്‍ സിംഗ് സന്ധു തുടങ്ങിയവര്‍ അപേക്ഷകരുടെ പട്ടികയിലുണ്ട്. രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇപ്പോള്‍ നടക്കുന്ന സിംബാബ്!വേ പര്യടനത്തില്‍ ഇന്ത്യന്‍ കോച്ചായ സഞ്ജയ് ബാംഗര്‍, രവി ശാസ്ത്രിയുടെ സഹപരിശീലകരായിരുന്ന ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ അപേക്ഷ നല്‍കിയിട്ടില്ല.