ലണ്ടന്‍: അമ്പയര്‍മാരോട് പൊട്ടിത്തെറിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലേഴ്‌സ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിനിടെ പന്ത് കേടുപാട് സംഭവിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കുന്നതിനിടെയാണ് ഡിവില്ലേഴ്‌സിന് നിയന്ത്രണം വിട്ടത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു മത്സരം. ഡിവില്ലേഴ്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മത്സരത്തിന്റെ 33-മത്തെ ഓവറിലായിരുന്നു സംഭവം. അമ്പയര്‍മാര്‍ പന്ത് മാറ്റുകയാണെന്ന് ഡിവില്ലേഴ്സിനെ അറിയിച്ചു. അതിന് കാരണം ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് എന്ന തരത്തിലായിരുന്നു അമ്പയര്‍മാരുടെ സംസാരം. ഇത് എബിഡിയെ ദേഷ്യം പിടിപ്പിച്ചു. പന്തിന്റെ രൂപം മാറ്റുന്നതിന് ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അമ്പയര്‍മാരോട് ഞാന്‍ തുറന്ന് പറഞ്ഞു
അതിനിടയില്‍ അമ്പയര്‍മാര്‍ പന്ത് കേടുവരുത്തിയത് നിങ്ങളാണെന്ന താരത്തില്‍ അമ്പയര്‍മാര്‍ ആരോപിച്ചോ എന്ന ചോദ്യത്തിന് തനിക്ക് അപ്രകാരമാണ് അനുഭവപ്പെട്ടതെന്നും അതാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്നുമായിരുന്നു ഡിവില്ലേഴ്‌സിന്റെ പ്രതികരണം. പന്ത് കേടുവന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലുളള അപാകതയാകാമെന്നും ഡിവില്ലേഴ്‌സ് നിരീക്ഷിക്കുന്നു.
'അതൊരു മോശം പന്താണെന്ന് കരുതുന്നു. ചില സമയങ്ങളില്‍ അങ്ങനെ സംഭവിക്കാറുണ്ട്. മോശം സാമഗ്രികളായിരിക്കും ആ പന്തിന്‍റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ടാകുക. എന്നാല്‍ ഈ നിരീക്ഷണമൊന്നും അമ്പയര്‍മാര്‍ വിലക്കെടുത്തില്ല, ഇത്തരം അവസ്ഥയില്‍ താക്കീതോ, പിഴയോ ശിക്ഷയായി ലഭിക്കാവുന്നതാണ്, എന്നാല്‍ ഞങ്ങളുടെ നിരപരാധിത്വം മനസ്സിലായിട്ടാകണം ഒരു ശിക്ഷയും ഞങ്ങള്‍ക്ക് നേരെ വിധിച്ചില്ല' ഡിവില്ലേഴ്‌സ് പറയുന്നു.
മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് റണ്‍സിന് ജയിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ 330 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് 328 റണ്‍സെടുക്കാനെ ആയുളളു.അവസാന ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ബൗളര്‍ മാര്‍ക്ക് വുഡിന്റെ കൃത്യതയ്ക്ക് മുന്നില്‍ നാല് റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. ക്രിസ് മോറിസും ഡേവിഡ് മില്ലറും ക്രീസില്‍ നില്‍ക്കുമ്പോഴാണ് ദക്ഷിണാഫ്രിക്ക അവിശ്വസനീയമായി തോറ്റത്. സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോയ്ക്ക് ആണ് കളിയിലെ താരം.
