ലണ്ടന്‍: അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റിനും ടെസ്റ്റ് പദവി ലഭിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടു. 17 കൊല്ലത്തിന് ശേഷമാണ് ടെസ്റ്റ് പദവി രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നത്. 2000ത്തില്‍ ഇതിന് മുന്‍പ് ബംഗ്ലാദേശിനാണ് അവസാനമായി ടെസ്റ്റ് പദവി ലഭിച്ചത്. ഇതോടെ ഐസിസിയുടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി.
ഇതോടെ ഐസിസിയില്‍ ഫുള്‍ മെമ്പര്‍ഷിപ്പുള്ള അംഗങ്ങളായി അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റും മാറും. ഇതുവരെ ഇവര്‍ക്ക് അസോസിയേറ്റ് പദവി മാത്രമാണ് ഉണ്ടായിരുന്നത്. ഐസിസിക്കുള്ളില്‍ വോട്ട് ചെയ്യാനും ഈ രാജ്യങ്ങള്‍ക്ക് സാധിക്കും. ഐസിസി ടെസ്റ്റ് പദവി കിട്ടിയതോടെ ഈ രാജ്യങ്ങള്‍ക്ക് യോഗ്യത മത്സരമില്ലാതെ ലോകക്കപ്പ് പോലുള്ള ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാം.
എതിര്‍പ്പുകള്‍ ഒന്നുമില്ലാതെയാണ് ഐസിസി ഫുള്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഇരു രാജ്യങ്ങളുടെയും ടെസ്റ്റ് പദവി അംഗീകരിച്ചത് എന്ന് ഐസിസി വൃത്തങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ടെസ്റ്റ് പദവിക്കായുള്ള അപേക്ഷ ടെസ്റ്റ് രാജ്യങ്ങള്‍ക്കായുള്ള മാനദണ്ഡം പാലിക്കുന്നു എന്ന് ഐസിസി കൗണ്‍സില്‍ വിലയിരുത്തി.
