ക്വലാലംപൂര്‍: ഏഷ്യയിലെ കൗമാര ക്രിക്കറ്റ് രാജാക്കന്‍മാരായി അഫ്ഗാനിസ്ഥാന്‍. മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ ശക്തരായ പാക്കിസ്ഥാനെ 185 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന് കിരീടം ചൂടി. അഫ്ഗാനിസ്ഥാന്‍റെ ആദ്യ ഏഷ്യാകപ്പ് കിരീടമാണിത്. 113 പന്തില്‍ 107 റണ്‍സെടുത്ത അലി ഖില്ലിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന് വിജയം സമ്മാനിച്ചത്. 

ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ ഹസന്‍ ഖാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ തീരുമാനം തെറ്റെന്ന് തെളിയിച്ച് ബാറ്റ്സ്മാന്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ഏഴ് വിക്കറ്റിന് 248 റണ്‍സെന്ന പ്രതിരോധിക്കാവുന്ന സ്കോറുയര്‍ത്തി അഫ്ഗാന്‍. അമ്പത് റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ അലി ഖില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാരെ കൈകാര്യം ചെയ്യുകയായിരുന്നു. 

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍റെ നാല് മുന്‍നിര വിക്കറ്റുകള്‍ 32 റണ്‍സെടുക്കുന്നതിനിടെ വീണു. തുടക്കത്തിലെ വീഴ്ച്ചയില്‍ പതറിയ പാക്കിസ്ഥാന്‍ 63 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുജീബും മൂന്ന് വിക്കറ്റ് പിഴുത അഹമ്മദുമാണ് പാക്കിസ്ഥാന്‍റെ നടുവൊടിച്ചത്. ഏഷ്യാ കപ്പിലെ ആദ്യ കിരീടം രാജ്യത്തിനും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നതായി അഫ്ഗാനിസ്ഥാന്‍ നായകന്‍ നവീന്‍ അല്‍ ഹഖ് പറഞ്ഞു.