മുംബൈ: അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം തെറിച്ച സംഭവം നടകീയ അന്ത്യത്തിലേക്കെന്ന് സൂചന. പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവെച്ചതിന് പിന്നാലെ ടീം നായകന്‍ വിരാട് കോലിയെയും നായകസ്ഥാനത്ത് നിന്നും പുറത്താക്കിയേക്കുമെന്ന് വിവിധ സ്‌പോട്‌സ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ബിസിസിഐയുടെയും ക്രിക്കറ്റ് ഉപദേശ സമിതിയുടേയും എല്ലാം ഉപദേശം കോലി ഒരുനിലയ്ക്കും അംഗീകരിക്കാത്തതാണ് കുംബ്ലെയുടെ പുറത്താകലിന് വഴിവെച്ചത്.
ബിസിസിഐ പ്രതിനിധികളും ക്രിക്കറ്റ ഉപദേശക സമിതിയും ഇക്കാര്യത്തില്‍ പലവട്ടം കോലിയോട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കുംബ്ലെ രാജിവെച്ചില്ലെങ്കില്‍ താന്‍ പുറത്ത് പോകും എന്ന കടുത്ത നിലപാടാണ് കോഹ്ലി എടുത്തത്. ഇതോടെ കുംബ്ലെയെ ഒഴിവാക്കാനല്ലാതെ മറ്റൊരു മാര്‍ഗവും ബിസിസിഐയ്ക്ക് മുന്നിലുണ്ടായിരുന്നില്ല.
ഇതോടെയാണ് വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയ്ക്ക് ശേഷം കോഹ്ലിയ്ക്കും പുറത്തേക്കുളള വഴി തുറന്നേക്കുമെന്ന് ബിസിസിഐ അധികൃതര്‍ സൂചിപ്പിക്കുന്നത്. നായകനെന്ന നിലയില്‍ ചെറിയ തെറ്റുകള്‍ പോലും കോലിയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ഇടയാക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കന്‍ പര്യടനത്തിനാണ് ടീം ഇന്ത്യ പോകുക. പുതിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കോലി നായകനായി ഉണ്ടാകുമോയെന്ന കാര്യം ഇനി കാത്തിരുന്ന് കാണേണ്ടത്. അതെസമയം മറുവശത്ത് ആരാധകരില്‍ നിന്നും കടുത്ത രോഷമാണ് കോഹ്ലി നേരിടുന്നത്. കോഹ്ലിയ്ക്ക് പകരം ധോണിയെ നായകനായി മടക്കി കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരണം നടക്കുന്നുണ്ട്.
