ജംഷഡ്പ്പൂരിന്റെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് മത്സരങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി. 

കൊല്‍ക്കത്ത: സൂപ്പര്‍ കപ്പില്‍ ജംഷഡ്പുര്‍ എഫ്‌സി- എഫ്‌സി ഗോവ മത്സരത്തിനിടെയുണ്ടായ കയ്യാങ്കളിക്ക് എഐഎഫ്എഫിന്റെ കൂടുതല്‍ നടപടികള്‍. ജംഷഡ്പ്പൂരിന്റെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് മത്സരങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി. 

ജംഷഡ്പുര്‍ ഗോള്‍ കീപ്പിങ് കോച്ച് റോബര്‍ട്ട് ആന്‍ഡ്രുവിനും ഇതേ ശിക്ഷ അനുഭവിക്കണം. വിലക്ക് കാലയളവില്‍ ഇരുവര്‍ക്കും ടീമിനൊപ്പം തുടരാന്‍ കഴിയില്ല. മാത്രമല്ല ഒരാഴ്ചയ്ക്കുള്ളില്‍ പിഴ അടയ്ക്കണം. ജംഷഡ്പ്പൂരിന്റെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ എന്നിവര്‍ക്ക രണ്ട് മത്സരങ്ങളില്‍ വിലക്കുണ്ട്. ഗോവന്‍ താരങ്ങളായ സെര്‍ജി ജസ്റ്റെ, ബ്രൂണോ പിഞ്ഞേറോ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തി. 

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്‌സി ഗോവയും ജംഷഡ്പ്പുര്‍ എഫ് സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് കയ്യാങ്കളി നടന്നത്. മത്സരത്തിനിടെ ആറ് താരങ്ങള്‍ക്ക് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചിരുന്നു. എഫ് സി ഗോവയ്ക്ക് അന്ന് ഒരു ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.