പരിമിത ഓവര്‍ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം അംബാട്ടി റായിഡു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിലൂടെയാണ് റായിഡു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഹൈദരാബാദ്: പരിമിത ഓവര്‍ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം അംബാട്ടി റായിഡു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിലൂടെയാണ് റായിഡു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പരിമിത ഓവര്‍ മത്സരങ്ങളില്‍ രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്നും 33 കാരനായ റായിഡു വ്യക്തമാക്കിയിട്ടുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ നല്‍കിയ എല്ലാവിധ പിന്തുണകള്‍ക്കും റായിഡു കത്തിലൂടെ നന്ദി പറഞ്ഞു.

ഇന്ത്യന്‍ ഏകദിന ടീമില്‍ കളിക്കുന്നതിനാല്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിനായി റായിഡു കളിച്ചിരുന്നില്ല. തമിഴ്നാടിനെതിരായ രണ്ടാം മത്സരത്തില്‍ റായിഡു കളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നത്. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 45 റണ്‍സ് ശരാശരിയില്‍ ആറായിരത്തോളം റണ്‍സാണ് റായിഡുവിന്റെ സമ്പാദ്യം.

കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റായിഡുവിന് പക്ഷെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീമില്‍ ഇടം ലഭിച്ചില്ല.

എന്നാല്‍ പിന്നീട് നടന്ന ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്ത റായിഡു ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാന്‍ റായിഡുവനായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.