മുംബൈ: ബിസിസിഐ ഇടക്കാല ഭരണ സമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവച്ചു.വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് വിശദീകരണം. ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതിയോട് ഗുഹ ആവശ്യപ്പെട്ടു. അടുത്ത മാസം 14ന് ഗുഹയുടെ അപേക്ഷ കോടതി പരിഗണിക്കും.

ഗുഹ ഒഴിഞ്ഞതോടെ ഭരണസമിതി മൂന്നു പേരായി ചുരുങ്ങി. അധ്യക്ഷന്‍ വിനോദാ റായ്, വിക്രം ലിമായെ, ഡയാന എഡുല്‍ജിയെന്നിവരാണ് നിലവില്‍ സമിതിയില്‍ ഉള്ളത്. ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയോട് വ്യക്തിപരമായ അടുപ്പും പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഗുഹ.

കളിക്കാരുടെയും പരിശീലകരുടെയും പ്രതിഫലം ഉയര്‍ത്തണമെന്ന് കുംബ്ലെ ആവശ്യപ്പെട്ടത് ഗുഹയുടെ പ്രേരണയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എത്ര ശതമാനം വര്‍ധന ആവശ്യപ്പെടണമെന്ന് ഗുഹ നിര്‍ദേശിച്ചിരുന്നില്ല. രാജിക്ക് വ്യക്തിപരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിലും അടുപ്പക്കാരനായ കുംബ്ലെയുടെ ഭാവി തന്നെ തുലാസിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗുഹ സ്വയം രാജിവെച്ചൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

സുപ്രീംകോടതി നിയമിച്ച ഭരണസമിതി അംഗമായിരുന്നെങ്കിലും സമിതി യോഗങ്ങളില്‍ അദ്ദേഹം അധികം പങ്കെടുത്തിരുന്നില്ല. അക്കാദമിക് തിരക്കുകള്‍ മൂലമാണ് പങ്കെടുക്കാതിരുന്നതെന്നായിരുന്നു വിശദീകരണം.