ഓസ്‌ട്രേലിയയില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അനുഷ്‌ക ശര്‍മ്മയുടെ ആശംസ. എന്നാല്‍ ടീം നായകനും ഭര്‍ത്താവുമായ വിരാട് കോലിക്ക് അല്‍പം മധുരം കൂടുതലുള്ള വാക്കുകളാണ് അനുഷ്‌ക കരുതിവെച്ചത്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ആശംസകളുമായി അനുഷ്‌ക ശര്‍മ്മ. മറക്കാനാവാത്ത, അവിസ്‌മരണീയ പര്യടനമാണിത്. ഇന്ത്യന്‍ ടീമിന്‍റെ ചരിത്ര നേട്ടത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഗംഭീര അഭിനന്ദനങ്ങള്‍ നേരുന്നു- അനുഷ്ക ട്വീറ്റ് ചെയ്തു.

എന്നാല്‍ ടീം നായകനും ഭര്‍ത്താവുമായ വിരാട് കോലിക്ക് പ്രത്യേക ആശംസ കൈമാറാനും അനുഷ്‌ക മറന്നില്ല. 'എന്‍റെ സ്നേഹിതാ, നിന്നേയോര്‍ത്ത് അഭിമാനം കൊള്ളുന്നു' എന്നായിരുന്നു അനുഷ്‌കയുടെ വാക്കുകള്‍. ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെ കന്നി ഏകദിനം പരമ്പരയും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ 46 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമാകാന്‍ കോലിക്കായി.

Scroll to load tweet…

മുന്‍ നായകന്‍ എം എസ് ധോണിയുടെയും കേദാര്‍ ജാദവിന്‍റെയും ബാറ്റിംഗും ചാഹലിന്‍റെ ബൗളിംഗുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ധോണി 87 റണ്‍സും ജാദവ് 61 റണ്‍സുമെടുത്തപ്പോള്‍ ഇന്ത്യ 49.2 ഓവറില്‍ വിജയലക്ഷ്യമായ 231 റണ്‍സിലെത്തി. നേരത്തെ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ചാഹലാണ് ഓസ്‌ട്രേലിയയെ 230ല്‍ ഒതുക്കിയത്. പീറ്റര്‍ ഹാന്‍ഡ്സ്‌കോംപാണ്(58) ഓസീസിന്റെ ടോപ് സ്‌കോറര്‍.